എലിപ്പനി: മലയോരത്ത് ജാഗ്രതാ നിര്‍ദേശം
കുന്നുംകൈ: കേരളത്തില്‍ എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. നര്‍ക്കിലക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിനു കീഴില്‍ പറമ്പ, ചട്ടമല ഭാഗങ്ങളില്‍ രണ്ടുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ചട്ടമല സ്വദേശി തന്റെ ബന്ധുക്കള്‍ക്കുവേണ്ടി കോട്ടയത്ത് പ്രളയശേഷം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അവിടെനിന്നു മടങ്ങി നാട്ടിലെത്തിയ ഉടന്‍ പനി ബാധിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ തേടി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചതോടെ ശക്തമായ നടപടികളുമായി ആരോഗ്യവകുപ്പും രംഗത്തെത്തിയിട്ടുണ്ട്.
പനി ബാധിച്ച സ്ഥലങ്ങളില്‍ നര്‍ക്കിലക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ ബോധവല്‍ക്കരണവും ജാഗ്രതാ നിര്‍ദേശവും നല്‍കി. കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തിയും രോഗത്തെ കുറിച്ച് അവബോധവും സംഘടിപ്പിച്ചു. ആരോഗ്യ ജാഗ്രതാ കാംപയിന്‍ ശക്തിപ്പെടുത്താനും 20 വീടുകള്‍ക്ക് ഒന്ന് എന്ന രീതിയില്‍ ആരോഗ്യസേനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലയോരത്തുനിന്നു പ്രളയ ബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നവരുടെ പട്ടിക തയാറാക്കി അവര്‍ക്കുള്ള പ്രതിരോധ മരുന്നുകള്‍ നല്‍കാന്‍ ആശുപത്രികളില്‍ പ്രത്യേക ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചതായി മെഡിക്കല്‍ ഓഫിസര്‍ ഡോ.ഷിജിന്‍ ജോണ്‍ ആളൂര്‍ പറഞ്ഞു.
ദുരിത സ്ഥലത്തേക്ക് പോകുന്നവരും തിരിച്ചുവരുന്നവരും നിര്‍ബന്ധമായി ആശുപത്രിയില്‍ ചെന്ന് പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്നും ഇതിനായി മരുന്നുകള്‍ ലഭ്യമായിട്ടുണ്ടെന്നും ജലജന്യ രോഗങ്ങള്‍ക്ക് സാധ്യതയേറെയുള്ള നിലവിലെ സാഹചര്യത്തില്‍ ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാവരും കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."