തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിദഗ്ധരുടെ ഉപദേശം തേടുന്നു
ന്യൂഡല്‍ഹി: ജമ്മു കശ്മിരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് വിദഗ്ധരുടെ ഉപദേശം തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജമ്മു കശ്മിരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് കമ്മിഷന്‍ ഇക്കാര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം തേടിയിരിക്കുന്നത്.
2002ലെ ഗുജറാത്ത് രാഷ്ട്രപതി ഭരണവുമായി ബന്ധപ്പെട്ട സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുന്ന സാഹചര്യമുണ്ടെന്ന് കമ്മിഷന് ബോധ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് നടത്താമെന്നാണ് മുന്‍ സോളിസിറ്റര്‍ ജനറല്‍ വികാസ് സിങ് കമ്മിഷനെ ഉപദേശിച്ചിരിക്കുന്നത്.
2002ല്‍ വംശഹത്യക്ക് ശേഷം മോദി സര്‍ക്കാരിനെ കേന്ദ്രം ഭരിക്കുന്ന വാജ്‌പേയി സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. അതിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്.
പി.ഡി.പിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാര്‍ വീണ ശേഷം കശ്മിരില്‍ രാഷ്ട്രപതി ഭരണമാണുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അടിയന്തരമായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള സുരക്ഷാ സൗകര്യമൊരുക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാരും സംസ്ഥാന ഭരണകൂടവും തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ സൗകര്യം കണക്കിലെടുക്കേണ്ടതില്ലെന്ന് 2002ലെ കോടതി ഉത്തരവില്‍ പറയുന്നുണ്ട്. കശ്മിരിലെ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ ഏപ്രിലിലും മാര്‍ച്ചിലുമായി മൂന്നു നിരീക്ഷകരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കശ്മിരില്‍ നിയോഗിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച നടത്തി മാത്രം തെരഞ്ഞെടുപ്പ് തീരുമാനിക്കാനാണ് ഇവര്‍ നല്‍കിയ ശുപാര്‍ശ.
റമദാനും അമര്‍നാഥ് തീര്‍ത്ഥാടനവുമുള്ളതിനാല്‍ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലേതിലെങ്കിലും നടത്തിയാല്‍ മതിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ജമ്മു കശ്മിര്‍ ഭരണകൂടം നല്‍കിയിരിക്കുന്ന ഉപദേശം. 2018 ജൂണിലാണ് കശ്മിരില്‍ പി.ഡി.പി-ബി.ജെ.പി സഖ്യ സര്‍ക്കാര്‍ താഴെ വീണത്. ഡിസംബര്‍ 19 മുതല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. 87 അസംബ്ലി സീറ്റുകളാണ് കശ്മിരിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."