ജാഗ്രതക്കുറവ്; മുഖ്യമന്ത്രിയ്ക്കും പരോക്ഷ വിമര്‍ശനം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ജാഗ്രതയോടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സമിതിയില്‍ നേതാക്കള്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ജനങ്ങളില്‍ നിന്നും വലിയ പിന്‍തുണയും പ്രശംസയുമാണു ലഭിച്ചിരുന്നത്. എന്നാല്‍ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സംശയത്തിന്റെ നിഴലില്‍ വന്നതു സര്‍ക്കാരിനു മാത്രമല്ല പാര്‍ട്ടിക്കും ക്ഷീണമുണ്ടാക്കി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവാദങ്ങളില്‍ മറുപടി പറഞ്ഞു തളര്‍ന്ന അവസ്ഥയിലാണെന്നും അസാധാരണമായ കാലഘട്ടത്തിലൂടെയാണ് കേരളത്തിലെ പാര്‍ട്ടി കടന്നുപോകുന്നതെന്നും ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ നേതാക്കള്‍ വിമര്‍ശിച്ചു.
പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ഓഫിസ് തന്നെ ആരോപണങ്ങളില്‍ നിരന്തരം പെടുന്നതു സര്‍ക്കാരിന്റെ നല്ല പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചു. സര്‍ക്കാര്‍ ഇങ്ങനെ ഓരോ ദിവസവും ആരോപണങ്ങളില്‍ പെടുന്നതു പാര്‍ട്ടി ഗൗരവമായി കാണണം. രണ്ടു തെരഞ്ഞെടുപ്പുകള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ നിലവിലെ വിവാദങ്ങള്‍ പാര്‍ട്ടിക്കു ഗുണകരമാകില്ല. പ്രതിപക്ഷം ആരോപണങ്ങളുമായി ശക്തമായി സമരരംഗത്താണ്. യു.ഡി.എഫിനേക്കാള്‍ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതു ഇപ്പോള്‍ ബി.ജെ.പിയാണ്. ശക്തമായ രാഷ്ട്രീയപ്രതിരോധമാണു വേണ്ടതെന്നും മാധ്യമങ്ങളില്‍ എട്ടുമണിക്കു പോയിരുന്നു വിപ്ലവം പറഞ്ഞതുകൊണ്ടു മാത്രം സര്‍ക്കാരിനെ സംരക്ഷിക്കാനാകില്ലെന്നും നേതാക്കള്‍ സംസ്ഥാന സമിതിയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ ശരികള്‍ ജനങ്ങളോടു പറയുമ്പോള്‍ സംഭവിച്ച തെറ്റുകളും സ്വയം വിമര്‍ശനപരമായി ഏറ്റുപറയണം. സാമൂഹ്യക്ഷേമ പെന്‍ഷനും കൊവിഡ് കാലത്തെ സൗജന്യ റേഷനടക്കം സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങളുടെ മനസിലുണ്ട്. എന്നാല്‍ വിവാദങ്ങളില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ശക്തമായ കുടുംബയോഗങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു വിവാദങ്ങള്‍ക്കു രാഷ്ട്രീയമായി തന്നെ മറുപടി പറയണമെന്നും നേതാക്കള്‍ പറഞ്ഞു. എന്‍.ഐ.എ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ മന്ത്രി കെ.ടി ജലീല്‍ അതിരാവിലെ പോയതിനെക്കുറിച്ചും സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉണ്ടായി. എന്താണു മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ മന്ത്രിയ്ക്കു ഭയമെന്നും നേതാക്കള്‍ ചോദിച്ചു.
സര്‍ക്കാരിനെതിരേയുള്ള വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. സംസ്ഥാന സമിതി ഓണ്‍ലൈനായി ചേരുന്നതിനു മുന്‍പു കോടിയേരിയും പിണറായി വിജയനും തമ്മില്‍ അരമണിക്കൂറിലേറെ സംസാരിച്ചു. ജില്ലാ ഏരിയാ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പറഞ്ഞുകൊണ്ടു വിപുലമായ ക്യാംപയിന്‍ സംഘടിപ്പിക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്കു സംസ്ഥാന സമിതി നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."