അസ്മി പ്രിസം കേഡറ്റ് സംസ്ഥാനതല അവാര്‍ഡ് പ്രഖ്യാപിച്ചു
പാണക്കാട്: അസോസിയേഷന്‍ ഓഫ് സമസ്ത മൈനോരിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സി (അസ്മി)ന് കീഴിലുള്ള വിദ്യാലയങ്ങളില്‍ മികച്ച പ്രിസം യൂനിറ്റിനുള്ള സംസ്ഥാന അവാര്‍ഡ് മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ സ്രാമ്പ്യ ബസാറിലെ അല്‍ബയാന്‍ പബ്ലിക് സ്‌കൂള്‍ കരസ്ഥമാക്കി. വിദ്യാര്‍ഥികളില്‍ ജീവിത നൈപുണികളും നേതൃത്വ ശേഷിയും ഉത്തരവാദിത്തബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രിസം കേഡറ്റിന്റെ കഴിഞ്ഞ അക്കാദമിക വര്‍ഷത്തെ മികവിനുള്ള സംസ്ഥാന അവാര്‍ഡ് പാണക്കാട്ട് ചേര്‍ന്ന പ്രിസം കേഡറ്റ് ഡയരക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അസ്മി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളാണ് പ്രഖ്യാപിച്ചത്.
ഈ സ്‌കൂളിലെ അധ്യാപകന്‍ മുഹമ്മദ് നൗഫല്‍ കെ.ടി മികച്ച പ്രിസം മെന്റര്‍ ആയും രക്ഷിതാവ് എം. ഇബ്രാഹിം മികച്ച പ്രിസം പാരന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു. എടപ്പാള്‍ ദാറുല്‍ ഹിദായ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫാത്തിമയാണ് മികച്ച കോ മെന്റര്‍. മുഹമ്മദ് മിസ്അബ്. സി (അല്‍ബയാന്‍ പബ്ലിക് സ്‌കൂള്‍, പള്ളിക്കല്‍), ലന മറിയം (ദാറുല്‍ ഹിദായ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എടപ്പാള്‍), മുഹമ്മദ് സിനാന്‍ പി.പി ( നസറുല്‍ ഉലൂം യു.പി. സ്‌കൂള്‍, കളിയാട്ടമുക്ക്), മുഹമ്മദ് ഫൗസാന്‍ (എം.ഐ ഇംഗ്ലീഷ് സ്‌കൂള്‍, പരപ്പനങ്ങാടി) എന്നീ വിദ്യാര്‍ഥികള്‍ മികച്ച പ്രിസം കേഡറ്റുകളായും തിരഞ്ഞെടുക്കപ്പെട്ടു. വിന്റര്‍, സമ്മര്‍ ക്യാംപുകളുടെ ഫലപ്രദമായ സംഘാടനം, ഫ്രൈഡേ ഫ്രഷ്‌നസ്, പ്രിസം പരേഡ്, ദിനാചരണങ്ങള്‍, മോറല്‍ അസംബ്ലി, പാലിയേറ്റീവ്, കാര്‍ഷിക രംഗത്തെ ഇടപെടലുകള്‍, രക്ഷിതാക്കള്‍ക്കായി നടത്തിയ വിവിധ ബോധവല്‍ക്കകരണ പരിശീലന ക്ലാസുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അല്‍ബയാന്‍ സ്‌കൂളിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. വരുന്ന അക്കാദമിക വര്‍ഷത്തില്‍ 100 യൂനിറ്റുകള്‍ക്കു കൂടി അംഗീകാരം നല്‍കാനും മികച്ച കേഡറ്റുകളെ പങ്കെടുപ്പിച്ച് ദേശീയ തലത്തില്‍ ഇന്റഗ്രേഷന്‍ ക്യാംപ് സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."