ആശങ്കകൾക്കും അവ്യക്തതകൾക്കും വിട; സഊദിയിലേക്ക് ദുബൈ വഴി മലയാളികൾ പ്രവേശിച്ചു
റിയാദ്: സഊദിയിലേക്ക് ഇന്ത്യക്കാർക്ക് പ്രവേശന വിലക്കെന്ന വാർത്തയെ തുടർന്നുണ്ടായ ആശങ്ക ഒഴിയുന്നു. സഊദിയിലേക്ക് ഏതു വിധേനയും തിരിച്ചു വരാനായി തയ്യാറായവർ വിലക്ക് വാർത്തയെ തുടർന്ന് ആശങ്കയിലായിരുന്നു. ഇതിനിടെയാണ് ദുബായ് വഴി പതിനാല് ദിവസത്തിലധികം ഇന്ത്യയിൽ നിന്നും വിട്ടു നിന്നവർക്ക് സഊദിയിലേക്ക് പ്രവേശനം അനുവദിച്ചത്. ഇതോടെ പതിനാല് ദിവസത്തിലധികം ഇന്ത്യക്ക് പുറമെ കഴിയുന്നവർക്ക് സഊദിയിലേക്ക് പ്രവേശനം സാധ്യമാകുമെന്ന് വ്യക്തമായി. പ്രവേശന വിലക്ക് നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം ഒന്നിലധികം മലയാളികളാണ് ദുബായ് വഴി സഊദിയിലേക്ക് പ്രവേശിച്ചത്. ഇവരിൽ ഒരാൾ ഒരാൾ സഊദി ഇഖാമയുള്ളയാളും മറ്റൊരാൾ ഒരു വർഷ കാലാവധിയുള്ള സഊദി മൾട്ടിപ്പിൾ വിസ കൈവശമുള്ളയാളുമാണ്.
വിലക്ക് വന്ന തൊട്ടടുത്ത ദിവസമാണ് ഇതിൽ രണ്ടു പേർ സഊദിയിലേക്ക് വിമാനം കയറിയത്. ഇവർ നേരത്തെ ദുബൈയിൽ എത്തിയവരായിരുന്നു. ഇതാണ് ഇവർക്ക് ഉടൻ സഊദി മടക്കം സാധ്യമാക്കിയത്. വിമാന കമ്പനിയുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയാണ് ഇവർ ദുബൈയിൽ നിന്നും സഊദിയിലേക്ക് യാത്രക്കൊരുങ്ങിയത്. ദുബായ്, ജിദ്ദ വിമാനത്താവളങ്ങളിൽ യാതൊരു വിധ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നും സഊദിയിലേക്കുള്ള യാത്രയായതിനാൽ ഇന്ത്യയിൽ നിന്നും വിട്ട് നിൽക്കുന്നത് പതിനാല് ദിവസം കഴിഞ്ഞുവെന്ന് ദുബായ് എമിഗ്രെഷൻ ഉറപ്പ് വരുത്തിയിരുന്നതായും ഇവർ പറഞ്ഞു. ജിദ്ദയിൽ ഇറങ്ങിയ ശേഷം പ്രത്യേക ഫോമിൽ ഒപ്പ് വെച്ച് നൽകിയെന്നതല്ലാതെ മറ്റു യാതൊരു നടപടികളും പുതുതായി ഏർപ്പെടുത്തിയിരുന്നില്ലെന്നും ഇവർ വ്യക്തമാക്കി. ദുബായിൽ നിന്നും 48 മണിക്കൂർ പിന്നിടാത്ത നെഗറ്റിവ് റിസൾട്ടുള്ള പിസിആർ ടെസ്റ്റുമായാണ് സഊദി പ്രവേശനം സാധ്യമാകൂ.
ഇക്കഴിഞ്ഞ 23 നാണ് സഊദിയിലേക്ക് ഇന്ത്യയിൽ നിന്നും പ്രവേശന വിലക്ക് വാർത്ത പുറത്ത് വന്നത്. ഇതോടൊപ്പം അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങൾക്കും വിലക്ക് ബാധകമാക്കിയിരുന്നു. ഇതിനിടയിൽ ഇന്ത്യക്കാർക്ക് തിരിച്ചു വരുന്നതിൽ അവ്യക്തത തുടരുകയായിരുന്നു. സെപ്‌തംബർ 15 മുതൽ സഊദിയിലേക്കുള്ള പ്രവേശന വിലക്ക് ഭാഗികമായി എടുത്തു കളഞ്ഞതോടെ കേരളത്തിൽ നിന്നും ചാർട്ടേഡ് വിമാനങ്ങൾ സഊദിയിലേക്ക് ഒരുക്കം തുടങ്ങുകയും ഇത് വൈകിയതോടെ ദുബായ് വഴി സഊദി പ്രവേശനത്തിന് ട്രാവൽസുകൾ ശ്രമം തുടങ്ങുകയും ചെയ്യുന്നതിടെയാണ് ഇന്ത്യക്കാർക്ക് പൂർണ്ണ വിലക്കെന്ന വാർത്ത പുറത്ത് വന്നത്. ഇതോടെയാണ് ഏതു വിധേനയും സഊദിയിലേക്ക് എത്തുകയെന്ന് കരുതിയിരുന്നവർ പ്രതിസന്ധിയിലായത്.
ഇന്ത്യയിൽ നിന്നും നേരിട്ട് വിമാന സർവ്വീസ് സാധ്യമല്ലെന്നിരിക്കെ ദുബായ് വഴി പ്രവേശനം സാധ്യമാകുമോയെന്ന ആശങ്കയാണ് ഉയർന്നിരുന്നത്. മലയാളികൾ തന്നെ ദുബൈയിൽ നിന്നും സഊദിയിൽ ഇറങ്ങിയതോടെ ഇത് വഴി സഊദി പ്രവേശനം സാധ്യമാകുമെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോൾ. അതേസമയം, നേരത്തെ ദുബൈയിൽ എത്തിയവരാണ് ഇപ്പോൾ സഊദിയിലേക്ക് പ്രവേശിച്ചത്. വിലക്ക് വന്നതിനു ശേഷം ദുബൈയിൽ എത്തിയവർ ഇവിടെ പ്രവേശിക്കണമെങ്കിൽ ചുരുങ്ങിയത് ഒക്ടോബർ ഏഴു വരെ കാത്തിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."