എല്ലാം ഇങ്ങനെയായിത്തീരുമെന്ന് പ്രതീക്ഷിച്ചില്ല...
തിരുവനന്തപുരം: 'കഴിയുന്ന വിധത്തിലെല്ലാം ബാങ്കിലെ കടം തിരിച്ചടയ്ക്കാന്‍ ശ്രമം നടത്തിവരികയായിരുന്നു. പുതിയ വീടുപണിത് സന്തോഷത്തോടെ ജീവിക്കാമെന്നാണ് കരുതിയത്. എന്നാല്‍ വിധി ഇങ്ങനെയായിത്തീരുമെന്ന് തീരെ പ്രതീക്ഷിച്ചില്ല...' ബാങ്കിന്റെ ജപ്തി ഭീഷണി മകളെയും ഭാര്യയെയും എന്നെന്നേക്കുമായി ഇല്ലാതാക്കിയ വേദനയില്‍ വിതുമ്പലോടെ നെയ്യാറ്റിന്‍കര മാരായിമുട്ടം സ്വദേശി ചന്ദ്രന്‍ പറഞ്ഞു.
താന്‍ വിദേശത്തായിരുന്ന സമയത്താണ് വായ്പ എടുത്തത്. എങ്ങനെയും കടംവീട്ടാമെന്ന ധൈര്യമുണ്ടായിരുന്നു. എന്നാല്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരികെ എത്തിയതോടെ ജീവിതം തന്നെ ബുദ്ധിമുട്ടിലായി. കാര്‍പെന്റര്‍ ജോലി ചെയ്താണ് വീട്ടുകാര്യങ്ങള്‍ നടത്തിക്കൊണ്ടുപോയത്. പഠിക്കാന്‍ മിടുക്കിയായ മകള്‍ വൈഷ്ണവി എം.ബി.എ യ്ക്ക് പഠിക്കുകയായിരുന്നു.
വീട്ടുചെലവിനും മകളുടെ പഠനത്തിനുമൊപ്പമാണ് വായ്പയടയ്ക്കാനുള്ള തുക കൂടി കണ്ടെത്തേണ്ടത്. ഇടയ്ക്ക് അതിന് കഴിയാതെ വന്നപ്പോള്‍ ജപ്തി ഭീഷണി ഉണ്ടായതാണ്. അഞ്ചുലക്ഷം രൂപ 15 വര്‍ഷം മുമ്പ് ലോണ്‍ എടുത്തെങ്കിലും എട്ടുലക്ഷം രൂപ ബാങ്കിലടച്ചു. ഇനിയും ഏഴുലക്ഷം കൂടി അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. പണം അടയ്‌ക്കേണ്ട അവസാന തിയതി ചൊവ്വാഴ്ചയായിരുന്നു. ഉച്ചയ്ക്ക് 12.30ന് മുന്‍പ് പണമടയ്ക്കണമെന്നും അല്ലെങ്കില്‍ ജപ്തി നടപടിയുണ്ടാവുമെന്ന് ബാങ്ക് അധികൃതര്‍ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതറിഞ്ഞതോടെ ഭാര്യ ലേഖയും മകളും ദുഃഖിതരായിരുന്നു.
നേരത്തെ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ ഇടപെട്ട് സ്റ്റേ വാങ്ങിയത് ആശ്വാസകരമായിരുന്നു. ഇനി നടപടികള്‍ തന്റെ അറിവോടെ മാത്രമേ ആകാവൂയെന്ന് ബാങ്ക് അധികൃതരെ എം.എല്‍.എ അറിയിച്ചെങ്കിലും അതു പോലും പാലിച്ചില്ല - മെഡിക്കല്‍ കോളജ് ബേണ്‍സ് ഐ.സി.യുവിനു മുന്നില്‍ ഹൃദയവേദന ഉള്ളിലൊതുക്കി ചന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."