രാജ്യത്തെ ആദ്യ സമ്പൂര്‍ണ കടലാസുരഹിത നിയമസഭ കേരളത്തില്‍
തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂര്‍ണ കടലാസുരഹിത നിയമസഭയാകാനൊരുങ്ങുകയാണ് കേരള നിയമസഭ. 14 മാസത്തിനുള്ളില്‍ ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരു വര്‍ഷം വിവിധ രേഖകളും മറ്റും അച്ചടിക്കുന്നതിന് 35 മുതല്‍ 40 കോടി രൂപ വരെ ചെലവാകുന്നുണ്ട്. ഡിജിറ്റല്‍ നിയമസഭയായി മാറുന്നതോടെ വിവിധ രേഖകള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. നിയമസഭയ്ക്കുള്ളില്‍ സാമാജികര്‍ക്കായി ഡിജിറ്റല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും.
സഭയില്‍ അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങള്‍ നിശ്ചിത സമയത്തിന് മുന്‍പ് സാമാജികരുടെ മുന്നിലുള്ള ലാപ്ടോപ്പില്‍ ലഭ്യമാക്കും. ഊരാളുങ്കല്‍ സൊസൈറ്റിയുടെ സൈബര്‍ പാര്‍ക്കാണ് ഈ സംവിധാനം നിയമസഭയില്‍ ഏര്‍പ്പെടുത്തുന്നത്. ഇതിനുശേഷം ബജറ്റ് അവതരണവും ഡിജിറ്റലാകും. ഒരു വര്‍ഷം പ്രിന്റിങ്ങിന് ചെലവാകുന്ന തുക ഉപയോഗിച്ച് ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്താനാകുമെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഈ മാസം 21, 22 തിയതികളില്‍ നിയമസഭാ സാമാജികര്‍ക്കായി പ്രത്യേക പരിശീലന പരിപാടി നടത്തും.
ഒന്നരവര്‍ഷത്തെ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും സ്പീക്കര്‍ പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് അവതരിപ്പിച്ച ബജറ്റിന്റെ വിശദമായ ചര്‍ച്ചക്കും വോട്ടെടുപ്പിനുമായി 27 മുതല്‍ നിയമസഭ സമ്മേളിക്കും. 23 ദിവസമാകും സഭ സമ്മേളിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."