നിഖാബ് നിരോധനത്തിന് പിന്നിലെ ഫാസിസ്റ്റ് താല്‍പര്യം
നിഖാബ് (മുഖാവരണം) നിരോധന നിയമ ചര്‍ച്ചയ്ക്കു തീപിടിക്കുകയാണ്. മുസ്‌ലിം പ്രശ്‌നമായതിനാല്‍ അതിന് നമ്മുടെ നാട്ടില്‍ ഇരട്ട പഞ്ചാണ്. ഫസല്‍ഗഫൂര്‍ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ മുഖാവരണം ധരിക്കുന്നത് നിരോധനത്തിലൂടെ നിര്‍ത്തലാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.
പ്രഥമദൃഷ്ട്യാ പുരോഗമനപരമെന്ന് തോന്നിക്കുമെങ്കിലും ഇതിനു പിന്നിലെ ചതിക്കുഴികള്‍ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഫാസിസ്റ്റുകളാണെന്നത് വ്യക്തമാണ്. വിദ്യാഭ്യാസത്തിന്റെ ഹോള്‍സെയില്‍ കച്ചവടത്തിന് പണയപ്പണ്ടമാക്കുകയാണ് നിഖാബ് നിരോധനത്തിനു പിന്നിലെ ഹിഡന്‍ അജണ്ട. ഇസ്‌ലാം നന്മയെ കളഞ്ഞ് തിന്മയെ സ്വാംശീകരിക്കുന്ന ഒന്നല്ല. ഒരാള്‍ എന്തു ചിന്തിക്കണം, എന്ത് ഉണ്ണണം, എന്ത് ഉടുക്കണം, ഏതു മതം സ്വീകരിക്കണം എന്നതെല്ലാം അയാളുടെ മൗലികാവകാശമാണ്. ജനാധിപത്യ-മനുഷ്യാവകാശ സ്വാതന്ത്ര്യമാണ്. സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ പോലും അവകാശം നിഷേധിച്ച ഒരു കാലമുണ്ടായിരുന്നു. ജന്മി- നാടുവാഴിത്വ-സവര്‍ണ അധികാര വ്യവസ്ഥയ്ക്കുകീഴില്‍ ഒരു ഇരുണ്ട ഭൂതകാലം നമുക്കുണ്ട്.
എന്നാല്‍ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം നേടിയിട്ടും ആഭാസത്തിന്റേയും അശ്ലീലതയുടേയും അതിരുവിട്ട് വസ്ത്രം ധരിക്കുന്നവരുടെ ബാഹുല്യം ഈ അടുത്തകാലത്തായി ഏറിവരികയാണ്. എന്നാല്‍ സാമൂഹ്യനീതിയുടെ കാലഘട്ടത്തില്‍ സ്ത്രീകളെ കണ്ടാല്‍ തട്ടിക്കൊണ്ടുപോകുകയും അവരെ അക്രമിക്കുകയും ചെയ്യുന്ന കാട്ടുമാക്കാന്‍മാരില്‍ നിന്ന് പാതുകാക്കുവാനാണ് അന്ന് പ്രവാചകന്‍ മുഹമ്മദ് നബി സ്ത്രീകള്‍ മുഖവും ശരീരഭാഗങ്ങളും മൂടി മറച്ചുവേണം പുറത്തിറങ്ങേണ്ടതെന്ന് തിട്ടൂരപ്പെടുത്തിയത്. എന്നാല്‍, സമുദായ നേതൃത്വം തങ്ങള്‍ക്കിഷ്ടമുള്ളവയെ സംരക്ഷിക്കുകയും പൊതുനന്മയെ തമസ്‌കരിക്കുകയും ചെയ്തതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ നിഖാബ് നിരോധനത്തിനു പിന്നിലും ഉള്ളത്.
പാത്രങ്ങള്‍ മൂടിവയ്ക്കുക, വെള്ളത്തൊട്ടികള്‍ അടച്ചു സൂക്ഷിക്കുക, വാതിലുകള്‍ അടച്ചുവയ്ക്കുക, രാത്രി ഉറങ്ങാന്‍ നേരത്ത് വിളക്കുകള്‍ അണച്ചുവയ്ക്കുക എന്നിവയെല്ലാം ആരോഗ്യകരമായ അച്ചടക്കമാണ്. അപകടങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പുമാണത്. ഇവിടെ വേഷഭൂഷാധികളിലും സാംസ്‌കാരിക ചിഹ്നങ്ങളിലും വിധിപറയാന്‍ പുരുഷാധിപത്യത്തിനോ പൗരോഹിത്യത്തിനോ അല്ല അധികാരം. നടപ്പിലും ഉടുപ്പിലും വേഷത്തിലും മാത്രമല്ല സംസ്‌കാരത്തിലും ജീവിതരീതിയിലും ചലനത്തിലും ഉണ്ട് മനസ്സിണക്കത്തിന്റേയും പൊരുത്തപ്പെടലിന്റേയും ശരീരഭാഷ. അതനുകരിക്കുന്ന സ്വഭാവവും പെരുമാറ്റവും മനഃസ്ഥിതിയും അക്രമപ്രതിരോധവും അത് സൃഷ്ടിക്കുന്നു. ബ്രാഹ്മണ്യത്തെ ഉപാസിക്കുന്നവരാണ് പരിഷ്‌കരണത്തിന്റെ പേരില്‍ പാശ്ചാത്യരെ അനുകരിച്ചും സവര്‍ണ ഹിന്ദുത്വത്തിനു വഴിപ്പെട്ടും കപട ഇടതുപക്ഷത്തിന്റെ പല്‍ചക്രത്തില്‍ കുടുങ്ങിയും കഴിയുന്നത്. അവരുടെ ആജ്ഞാനുവര്‍ത്തിയായി മാറുകയാണ് ഫസല്‍ഗഫൂറിന്റെ പരിഷ്‌കരണ സിദ്ധാന്തം. ഇതില്‍ മുഖമറയ്ക്കും കൈയുറയ്ക്കും സ്ഥാനമില്ല.
മനഃസ്ഥിതിയും ധനസ്ഥിതിയും ചിന്താഗതിയും ജീവിതരീതിയും ആകെ മാറിയിരിക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് നിഖാബിനെതിരേയുള്ള വിവാദ ഉത്തരവ്. സ്വന്തം മനസ്സുള്ളവര്‍ക്കു മാത്രമേ മറ്റുള്ളവരുടെ മാന്യത മനസ്സിലാകുകയുള്ളൂ. 'നിങ്ങളില്‍ ഒരു കുറ്റവാളി ഒരുവാര്‍ത്തയുമായി വന്നാല്‍ അതിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നു'പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത് ഇവിടെ ഏറെ പ്രസക്തമാണ്. 'നിഖാബ് നിരോധിക്കപ്പെടേണ്ടതോ അടിച്ചേല്‍പ്പിക്കപ്പെടേണ്ടതോ അല്ല. ഒരാളുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണത്. വേഷഭൂഷണങ്ങളേയും ആടയാഭരണങ്ങളേയും പറ്റി ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അത് 'നിങ്ങളുടെ നഗ്നത മറയ്ക്കാനുള്ള വസ്ത്രവും അലങ്കാര വസ്ത്രവും നിങ്ങള്‍ക്ക് നാം ഉണ്ടാക്കിതന്നിരിക്കുന്നു. തഖ്‌വ(സൂക്ഷ്മത)യാകുന്ന വസ്ത്രമാണ് ഏറ്റവും ഉത്തമം. നിങ്ങളെ ഉഷ്ണത്തില്‍ നിന്ന് രക്ഷിക്കുന്ന വസ്ത്രങ്ങളും ആക്രമണത്തില്‍ നിന്ന് രക്ഷിക്കുന്ന അങ്കികളും നിങ്ങള്‍ക്കവന്‍ ഏര്‍പെടുത്തിയിരിക്കുന്നു. അപ്രകാരം നിങ്ങളില്‍ അവന്റെ അനുഗ്രഹത്തെ അവന്‍ പൂര്‍ത്തീകരിക്കുന്നു. നിങ്ങള്‍ അവന്റെ ആജ്ഞയ്ക്കു കീഴൊതുങ്ങി ജീവിക്കുവിന്‍' എന്നാണ്.
സഊദി അറേബ്യയിലെ മണലാരണ്യത്തിലെ മണല്‍ക്കാറ്റില്‍ നിന്നുള്ള സംരക്ഷണ കവചമാണ് പര്‍ദ. അത് കറുത്ത തുണിയില്‍ നിര്‍മിച്ചെടുത്തവയാണ്. അന്ന് കറുത്ത തുണി മാത്രമാണ് ഉല്‍പാദിപ്പിച്ചിരുന്നത്. പുരുഷന്മാര്‍ വെള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ഇന്നത്തെപ്പോലെ ബ്ലീച്ച് ചെയ്‌തെടുത്ത തൂവെള്ളയല്ല. നബിപോലും അതായിരുന്നു അണിഞ്ഞിരുന്നത് എന്നതിനാല്‍ മറ്റു നിറങ്ങളെല്ലാം വര്‍ജ്യമോ പ്രവാചക നിന്ദയോ ആയിരുന്നില്ല.
ഇന്ന് കോര്‍പറേറ്റ് മുതലാളിമാര്‍ പര്‍ദ മാര്‍ക്കറ്റിലെ മെരുങ്ങിയ ഉപകരണമായി സ്ത്രീകളെ മാറ്റിയിരിക്കുന്നു. കമ്പോളത്തിലെ ചരക്കായി കാണുന്നു. ഹജ്ജ് കര്‍മത്തിനായി പോകുന്ന ആണിനും പെണ്ണിനും മുഖം മറയ്ക്കാനുള്ള വിലക്കുണ്ട്. ഇനി ഈ വിഷയത്തില്‍ നിഖാബിന്റെ യഥാര്‍ഥ ഉപഭോക്താക്കളായ സ്ത്രീകളാണ് അഭിപ്രായം പറയേണ്ടതും പ്രതികരിക്കേണ്ടതും. വസ്ത്രം സ്ത്രീക്ക് സുരക്ഷാകവചമെങ്കില്‍ പുരുഷന് അത് ആകര്‍ഷണവും വികര്‍ഷണവും ക്ഷണിച്ചുവരുത്തുന്ന മാന്ത്രിക ഏലസ്സാണ്. നിഖാബിന്റെ മാസ്മരികത കാലാനുസൃതമായി നാം വികസിക്കുകയാണ് വേണ്ടത്. പരിഷ്‌കരിക്കുകയല്ല. അതുകൊണ്ട് സര്‍ഗാത്മക വൈഭവമുള്ള സ്വത്വവും സ്വാതന്ത്ര്യവുമാണ് സ്ത്രീയെന്ന് ഓര്‍മപ്പെടുത്തി നിര്‍ത്തട്ടെ.
(എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന
പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."