ചികിത്സാ നിഷേധം; ഭരണഘടനാവകാശ ലംഘനം
കൊവിഡിന് മുന്‍പും ശേഷവുമുള്ള ജനങ്ങളുടെ ബന്ധങ്ങളിലും പെരുമാറ്റങ്ങളിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പൂര്‍വസ്ഥിതിയിലേക്ക് മാറണമെങ്കില്‍ (മാറുകയാണെങ്കില്‍) വര്‍ഷങ്ങളെടുത്തേക്കാം. പ്ലേഗുണ്ടായപ്പോള്‍ അതിന്റെ അനന്തര ഫലങ്ങള്‍ അവശേഷിച്ചത് നാലുവര്‍ഷമാണ്. അതിലും വലിയ കാഠിന്യമാണ് കൊറോണ വൈറസ്. ഇതിന്റെ അനന്തരഫലം എത്രനാളുണ്ടാകുമെന്നതിനെപ്പറ്റി ഇപ്പോള്‍ ഒന്നും പറയാനാവില്ല. ഒരുപക്ഷേ വരും കാല ജീവിതത്തില്‍ സമൂലമായ മാറ്റങ്ങള്‍ തന്നെയുണ്ടായേക്കാം.
കൊറോണ വലിയ രീതിയില്‍ ഭീതിയുണ്ടാക്കിയതിനാല്‍ ഇത് അസുഖമെന്നതിലുപരി കുറ്റകൃത്യമായാണ് ജനങ്ങള്‍ ഇപ്പോള്‍ കണക്കാക്കുന്നത്. അസുഖം ഒരു കുറ്റകൃത്യമല്ലല്ലോ. അര്‍ബുദം, ഹൃദയസംബന്ധമായ അസുഖം, കിഡ്‌നി തകരാറിലാകുന്ന അവസ്ഥ, കരള്‍രോഗം തുടങ്ങി ഏത് അസുഖവും കുറ്റകൃത്യമാകുന്നില്ല. പക്ഷേ കൊവിഡിന്റെ കാര്യത്തില്‍ എന്താണ് നടക്കുന്നത്? കൊവിഡ് സ്ഥിരീകരിച്ച രോഗിയോടുള്ള സമൂഹത്തിന്റെ മനോഭാവമെന്താണ്? ജനങ്ങള്‍ക്കിടയിലെ പരിഭ്രാന്തി കാരണം അസുഖം ഭേദമായാല്‍പോലും വലിയ കുഴപ്പംപിടിച്ച രോഗിയെപോലെയാണ് പലരും സമീപിക്കുന്നത്.
എത്രയോ പേര്‍ക്ക് കൊവിഡ് വന്നുപോകുന്നുണ്ട്. നാല്‍പത് ശതമാനത്തോളം പേര്‍ക്കും കൊവിഡ് അറിയാതെ വന്നുപോകുന്നുണ്ട്. ഡോക്ടര്‍മാര്‍പോലും ഇത് സമ്മതിക്കുന്നുണ്ട്. എന്നാല്‍ രോഗം സ്ഥിരീകരിച്ചാല്‍ ഭയപ്പെടുന്ന അവസ്ഥയാണിപ്പോള്‍, മാനസികാവസ്ഥയും മാറുന്നു. ഒരുതരം ഭയത്തിലേക്കാണ് പിന്നെ കാര്യങ്ങള്‍ നീങ്ങുന്നത്. പ്രശസ്ത ഗായകന്‍ എസ്.ബി ബാലസുബ്രഹ്മണ്യത്തിന്റെ കാര്യം തന്നെ എടുക്കാം. കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹം, രോഗം ഭേദമായി ആശുപത്രി വിടുകയാണെന്ന് വിഡിയോയിലൂടെ എല്ലാവരേയും അറിയിച്ചതാണ്. പക്ഷേ ഹൃദയാഘാതത്തെ തുടര്‍ന്ന് നമ്മെ വിട്ടുപിരിയുകയായിരുന്നു. കൊവിഡ് ഭേദമായാലും അതിന്റെ അനന്തരഫലം പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നുണ്ട്. പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നുവരെ കൊവിഡ് സംബന്ധിച്ച് ശരിയായ ഗവേഷണം നടത്തിയിട്ടില്ല. ലോകാരോഗ്യസംഘടനയുടേ മാര്‍ഗരേഖ അനുസരിച്ച് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ പോസ്റ്റുമോര്‍ട്ടം പോലും നടത്താന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള മരണങ്ങളുടെ വിശദാംശങ്ങളിലേക്ക് എത്താനും കഴിഞ്ഞിട്ടില്ല. ഇതിന്റെ പ്രതിരോധമരുന്ന് ഇന്നുവരും നാളെ വരും ഡിസംബറില്‍ വരുമെന്നൊക്കെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത് നമ്മള്‍ കേള്‍ക്കുന്നുണ്ട്. പക്ഷേ ലോകാരോഗ്യ സംഘടനയുടെ തലവന്‍ പറയുന്നത് ഇതുവരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തിയിട്ടില്ലെന്നാണ്. ഈ മഹാമാരി വര്‍ഷങ്ങളോളം നമ്മുടെ ഇടയില്‍ തന്നെ കാണും, ഇതുമായി പൊരുത്തപ്പെട്ട് ജീവിക്കേണ്ടിവരും. എനിക്കു കൊറോണ വരില്ല എന്ന് പറഞ്ഞ് മാറിനിന്നിട്ട് കാര്യമില്ല.
കൊവിഡ് സ്ഥിരീകരിച്ചവനെയും രോഗം ഭേദമായവനെയുമൊക്കെ അകറ്റിനിര്‍ത്തുന്ന സമീപനമാണ് ആദ്യം മാറ്റേണ്ടത്. ഇത് എത്രത്തോളം കഷ്ടപ്പാടാണ് രോഗബാധിതനും അവരുടെ ഉറ്റവര്‍ക്കുമൊക്കെ ഉണ്ടാക്കുന്നതെന്ന് മനസിലാക്കുകയും ഉള്‍ക്കൊള്ളുകയും വേണം. കഴിഞ്ഞദിവസം ഗര്‍ഭിണിക്ക് ചികിത്സ കിട്ടാതെ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവവും ചൂണ്ടിക്കാണിക്കുന്നത് അതുതന്നെയാണ്. 14 മണിക്കൂറാണ് ഗര്‍ഭിണി ചികിത്സയ്ക്കായി അലഞ്ഞത്. ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും നേരത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചതിന്റെ പേരില്‍ (പിന്നീട് നെഗറ്റീവായിരുന്നു) അവര്‍ക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു. എന്താണ് ഈ സമൂഹത്തില്‍ നടക്കുന്നത്? ഒരാള്‍ക്ക് ചികിത്സ നല്‍കുക എന്നുപറയുന്നത് ഭരണഘടന അനുശാസിക്കുന്ന ആര്‍ട്ടിക്കള്‍ 21 ലെ ജീവിക്കാനുള്ള അവകാശത്തില്‍ പെടുന്നതാണ്. ആരോഗ്യസംരക്ഷണം വ്യക്തിയുടെ അവകാശമാണ്. ഭാരതത്തില്‍ എവിടെ താമസിക്കുന്നയാളുടെയും അവകാശമാണ് യഥാസമയത്ത് ചികിത്സ ലഭിക്കുക എന്നത്. അതിന് പൗരനാകണമെന്നൊന്നും ഇല്ല. ഈ അവകാശമാണ് ഹനിക്കപ്പെടുന്നത്. ആ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കാതിരുന്നതുവഴി ഭരണഘടനയുടെ ലംഘനമാണ് നടന്നത്. ഇത് ഗുരുതരമായ വീഴ്ചയാണ്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുന്നതില്‍ ഒരു കാര്യവുമില്ല. എല്ലാത്തിനും അന്വേഷണമല്ലേ ഇപ്പോള്‍ നടക്കുന്നത്. ചികിത്സ കിട്ടാതെ ആ കുഞ്ഞുങ്ങള്‍ മരിച്ചത് എത്രത്തോളം മാനസിക പ്രശ്‌നങ്ങളാണ് ബന്ധുക്കള്‍ക്ക് ഉണ്ടാക്കുന്നത്.
ഇനിയെങ്കിലും നാട്ടിലെ ജനങ്ങള്‍ ഇതൊക്കെ തിരിച്ചറിയണം. ഈ അസുഖം വന്നവരെ ചേര്‍ത്തുപിടിക്കണം. ആരേയും അകറ്റി നിര്‍ത്തരുത്. പണ്ട് കുഷ്ഠരോഗികളെ ഭീതിയോടെ ഒരുപരിധിവരെ അകറ്റിനിര്‍ത്തിയിരുന്നു. ഇപ്പോള്‍ കൊവിഡ് രോഗികളോട് എന്താണ് കാണിച്ചുകൂട്ടുന്നത്? കൊറോണ വൈറസ് ബാധയുണ്ടായാല്‍ അദ്ദേഹം വലിയ കുറ്റം ചെയ്തപോലെയാണ് ജനം പെരുമാറുന്നത്. സര്‍ക്കാരുകള്‍ പോലും അപ്രകാരം ചെയ്യാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും സ്ഥിതി. ആരോഗ്യപ്രവര്‍ത്തകര്‍ എന്നാല്‍ ആരോഗ്യം സംരക്ഷിക്കേണ്ടവരെന്നാണ് അര്‍ഥം. രോഗികളോട് കുറ്റംചെയ്തവരെ പോലെ പെരുമാറാന്‍ തുടങ്ങിയാല്‍ എന്തുചെയ്യാന്‍ സാധിക്കും. നേരത്തെ കൊവിഡ് വന്നിട്ടുണ്ട്, അതുകൊണ്ട് ഇപ്പോള്‍ അഡ്മിറ്റ് ചെയ്യാന്‍ കഴിയില്ല എന്നൊക്കെ പറഞ്ഞാല്‍ എത്രമാത്രം ദ്രോഹമാണത്. അവരുടെ കുറ്റംകൊണ്ടാണോ രോഗം വരുന്നത്. നാളെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഈ രോഗം വരാം. കൊവിഡ് എവിടെയും എപ്പോഴും ആര്‍ക്കും വരാം എന്ന സ്ഥിതിയാണ് ഇപ്പോള്‍. എവിടെയും പോകാതെ വീട്ടില്‍ തന്നെ അടച്ചിരുന്ന വൃദ്ധദമ്പതികള്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത് ഇതിനുദാഹരണമാണ്. രോഗികള്‍ക്ക് വേണ്ട സഹായമാണ് ചെയ്തുകൊടുക്കേണ്ടത്. അതായിരിക്കണം എല്ലാവരുടെയും കാഴ്ചപ്പാട്. അല്ലാതെ അവരെ സമൂഹത്തില്‍ നിന്ന് അകറ്റുക എന്ന സമീപനമുണ്ടാകരുത്.
മനുഷ്യന് ബന്ധങ്ങള്‍ക്കൊന്നും വിലയില്ലാതായി. സാമൂഹിക അകലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പരസ്പരം സഹായിക്കരുത് എന്നല്ല. ശാരീരിക സമ്പര്‍ക്കമില്ലാതെ മാറിനില്‍ക്കുക എന്നതാണ്. സാമൂഹിക അകലം എന്ന പദം ഇപ്പോള്‍ ജനങ്ങളുടെ മനസുകളെ അകറ്റിക്കൊണ്ടിരിക്കുകയാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ സാമൂഹിക അകലം എന്ന വാക്ക് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഒരു മീറ്ററോ രണ്ടുമീറ്ററോ അകലത്തില്‍ നില്‍ക്കുന്നതായിരിക്കണം സാമൂഹിക അകലം എന്നത്. മനസുകളെ തമ്മില്‍ അകറ്റുന്നതായിരിക്കരുത്. മനുഷ്യന്‍ എന്നത് സാമൂഹിക ജീവിയാണ്. സാമൂഹിക ബന്ധമില്ലാതെ ജീവിക്കാന്‍ കഴിയില്ല. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആരോഗ്യകരമായി മുന്നോട്ടുപോകണം. എല്ലാവരും എല്ലാവര്‍ക്കുംവേണ്ടി എന്നതായിരിക്കണം നമ്മുടെ കാഴ്ചപ്പാട്. ഇല്ലെങ്കില്‍ നമ്മള്‍ സംസ്‌കാരസമ്പന്നരെന്ന് പറയുന്നതിലോ സാമൂഹികജീവി എന്ന് പറയുന്നതിലോ ഒരര്‍ഥവുമില്ല. കഷ്ടപ്പാടുള്ള ഒരു മൃഗത്തെ മൃഗങ്ങളുടെ കൂട്ടം എപ്പോഴും രക്ഷിക്കാന്‍ ശ്രമിക്കും. നേരെമറിച്ച് മനുഷ്യരോ അപ്രകാരമല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇവിടെ കൊവിഡ് പരിശോധന നടത്തുന്നത് വളരെ കുറച്ച് പേര്‍ക്കുമാത്രമാണ്. കൂടുതല്‍ ആളുകളെ പരിശോധിച്ചാല്‍ രോഗികളുടെ എണ്ണവും കൂടും. ഇന്ന് കൊവിഡ് ഭരണം നിലനിര്‍ത്താനും അത് പിടിച്ചെടുക്കാനും ആളുകള്‍ക്ക് അധികാരത്തിലെത്താനുമൊക്കെയുള്ള ഉപാധിയായി മാറി. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ അപചയമെല്ലാം മഹമാരിയുടെ പേരില്‍ ചാര്‍ത്തിയിരിക്കുകയാണ്. സംസ്ഥാനം ഭരിക്കുന്നവര്‍ക്കായാലും കേന്ദ്രം ഭരിക്കുന്നവര്‍ക്കായാലും വീണുകിട്ടിയ ഏറ്റവും വലിയ അവസരം കൊവിഡാണ്. ഇതിന്റെ മറവില്‍ അഴിമതികള്‍ മൂടിവയ്ക്കപ്പെടുന്നു. സ്വകാര്യ ആശുപത്രികളും കൊവിഡിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇത്തരം ചൂഷണങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനും ആരോഗ്യ സംരക്ഷണം പൂര്‍ണതോതില്‍ നടപ്പാക്കാനും ഈ രംഗത്ത് പൊതുസംവിധാനങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."