കക്കൂസ് മാലിന്യം ഓവുചാലിലേക്ക് ഒഴുക്കിയതായി ആരോപണം
നാദാപുരം: പഞ്ചായത്ത് നോട്ടിസ് നല്‍കിയ കെട്ടിടത്തില്‍ നിന്നു കക്കൂസ് മാലിന്യം ഓവുചാലിലേക്ക് ഒഴുക്കിവിട്ടതായി ആരോപണം. സംഭവത്തെ ചൊല്ലി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നാട്ടുകാരും കെട്ടിടം ഉപരോധിച്ചു. നാദാപുരം മൊയിലോത്ത്മുക്കില്‍ ഫെഡറല്‍ ബാങ്കിന് സമീപത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനെതിരേയാണ് പരാതി ഉയര്‍ന്നത്.
മൂന്നുദിവസം മുന്‍പ് കെട്ടിടത്തിനെതിരേ നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നല്‍കിയിരുന്നു. വാണിജ്യ ആവശ്യത്തിന് പഞ്ചായത്ത് ലൈസന്‍സ് നല്‍കിയ കെട്ടിടത്തില്‍ അനധികൃതമായി ആളുകളെ താമസിപ്പിക്കുകയാണ്. ആവശ്യമായ മാലിന്യ നിര്‍മാര്‍ജന സംവിധാനം കെട്ടിടത്തില്‍ ഒരുക്കിയിട്ടില്ല.
ഇതേതുടര്‍ന്ന് മലിനജലവും കക്കൂസ് മാലിന്യവുമെല്ലാം തൊട്ടടുത്ത ഓവുചാലിലേക്കാണ് ഒഴുക്കിവിടുന്നത്. ഡ്രൈനേജില്‍ ദുര്‍ഗന്ധം രൂക്ഷമായതോടെയാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്തിറങ്ങിയത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ഇന്നലെ രാവിലെ ആദ്യം സമരവുമായി എത്തിയത്. പിന്നീട് നാട്ടുകാരും സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
അതിനിടെ കെട്ടിട ഉടമ കഴിഞ്ഞദിവസം രാത്രി പഞ്ചായത്ത് നിര്‍മിച്ച റോഡില്‍ വെള്ളം ഒഴുകിപ്പോകാന്‍ മെയിന്‍ ഹോള്‍ നിര്‍മിച്ചത് കൂടുതല്‍ പ്രതിഷേധത്തിനിടയാക്കി.
നാദാപുരം പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഡ്രൈനേജിന്റെ സ്ലാബ് മാറ്റി സ്ഥലത്തു നടത്തിയ പരിശോധനയില്‍ വേസ്റ്റ് പൈപ്പുകള്‍ ഡ്രൈനേജിലേക്ക് നീട്ടി സ്ഥാപിച്ചതായി കണ്ടെത്തി. ഇതേതുടര്‍ന്ന് തിങ്കളാഴ്ചയ്ക്കകം അനധികൃതമായി കെട്ടിടത്തില്‍ താമസിപ്പിച്ചവരെ ഒഴിപ്പിക്കാന്‍ കെട്ടിട ഉടമക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
ഇവിടെനിന്ന് ഒഴുക്കിവിടുന്ന മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് തൊട്ടടുത്തുള്ള പുളിക്കൂല്‍ തോട്ടിലേക്കാണ്. വേനല്‍ കടുത്തതോടെ പ്രദേശവാസികളുടെ ആശ്രയം ഈ തോട്ടിലെ വെള്ളമാണ്. കഴിഞ്ഞദിവസം തലശ്ശേരി റോഡിലെ ഡ്രൈനേജിലേക്കും തൊട്ടടുത്ത വാണിജ്യ സ്ഥാപനങ്ങളിലെ മലിനജലം ഒഴുക്കിവിട്ട പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയിരുന്നു.
ടൗണിലെ നിരവധി സ്ഥാപനങ്ങളില്‍ നിന്നു മലിനജലം റോഡിനോട് ചേര്‍ന്നു നിര്‍മിച്ച ഡ്രൈനേജുകളിലേക്ക് ഒഴുക്കിവിടുന്നതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ പരാതി ഉയരുമ്പോള്‍ സ്ഥലത്തു പരിശോധന നടത്തി ഉദ്യോഗസ്ഥര്‍ പിരിയുകയാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."