നിര്‍ണായക നീക്കവുമായി സോണിയാ ഗാന്ധി: വോട്ടെണ്ണല്‍ ദിവസം പ്രതിപക്ഷ നേതാക്കളെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചു
ന്യൂഡല്‍ഹി: വോട്ടെണ്ണാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, നിര്‍ണായക നീക്കവുമായി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സൂചനയ്ക്കു പിന്നാലെയാണ് സോണിയയുടെ ഇടപെടല്‍. വോട്ടെണ്ണുന്ന ദിവസം പ്രതിപക്ഷ നേതാക്കളെ ഡല്‍ഹിയിലേക്കു ക്ഷണിച്ചിരിക്കുകയാണ് സോണിയാ ഗാന്ധി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്ന ദിവസമായ മേയ് 23 ന് ന്യൂഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേരാനാണ് തീരുമാനം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരായിരിക്കണം എന്നതടക്കം നിര്‍ണായക തീരുമാനങ്ങള്‍ അന്നത്തെ യോഗത്തിലുണ്ടാവുമെന്നും സൂചനയുണ്ട്. ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന് സോണിയ ഗാന്ധിയുടെ ക്ഷണം ലഭിച്ചതായാണ് ആദ്യ റിപ്പോര്‍ട്ട്. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് സൂചന.
ഫലം ഏതുവിധേനയും ചാഞ്ചാടാമെന്ന കണക്കു കൂട്ടലിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും. വലിയ ഒറ്റകക്ഷിയാവാന്‍ ആര്‍ക്കുമാവില്ലെന്നിരിക്കേ, പ്രതിപക്ഷ കക്ഷികളെ സ്വാധീനിക്കാന്‍ പറ്റുന്നവരായിരിക്കും ഭരണത്തിലേറുക. ഫലം വന്നതിനു ശേഷമുള്ള അനിശ്ചിതത്വം ഒഴിവാക്കാനാണ് സോണിയാ ഗാന്ധിയുടെ തന്ത്രപരമായ നീക്കം.
എന്‍.ഡി.എക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ച് നിര്‍ത്താന്‍ സോണിയ ഗാന്ധി ശ്രമങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസുമായി ഐക്യപ്പെടാതിരുന്ന പ്രതിപക്ഷ പാര്‍ട്ടികളായ ബിജു ജനതാദള്‍, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ആര്‍.എസ് എന്നിവരെയും മഹാസഖ്യത്തിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെയും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും നവീന്‍ പട്‌നായിക്, ജഗന്‍ മോഹന്‍ റെഡ്ഡി, കെ. ചന്ദ്രശേഖര റാവു എന്നിവരുമായി ചര്‍ച്ച നടത്താന്‍ സോണിയ ഗാന്ധി നിയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പ്രധാനമന്ത്രി സ്ഥാനം കിട്ടണമെന്നതല്ല, എന്‍.ഡി.എയെയും ബി.ജെ.പിയെയും ഭരണത്തിന് പുറത്തുനിര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നേരത്തെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രതികരിച്ചിരുന്നു. അതിനായി പ്രധാനമന്ത്രി സ്ഥാനം വിട്ടുനല്‍കാനും തയ്യാറാണെന്നും അതിനായി വാശിപിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."