ഡ്രോണ്‍ ആക്രമണം; സഊദി അരാംകോ എണ്ണ പമ്പിങ്ങ് പുനഃരാരംഭിച്ചു
റിയാദ്: ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് എണ്ണ പമ്പിങ് നിര്‍ത്തിവച്ചത് പുനഃരാരംഭിച്ചതായി സഊദി അരാംകോ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നു കിഴക്ക് പടിഞ്ഞാറ് എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രാജ്യത്തെ പ്രധാന എണ്ണ പമ്പിങ് കേന്ദ്രമാണ് പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, കാര്യമായ അപകടം നടക്കാത്തതിനാല്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച തന്നെ പമ്പിങ് പുനഃരാരംഭിച്ചതായി സഊദി അരാംകോ അറിയിച്ചു.
അറേബ്യന്‍ ഗള്‍ഫ്, ചെങ്കടല്‍ തീരലൈനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കേന്ദ്രത്തിനു നേരെയാണ് ഡ്രോണ്‍ ആക്രമണം നടന്നിരുന്നത്. ദിനംപ്രതി അഞ്ചു ദശലക്ഷം ബാരല്‍ എണ്ണ പമ്പിങ് നടത്താന്‍ ശേഷിയുള്ള പൈപ്പ് ലൈനുകളാണ് ചൊവാഴ്ച ആക്രമിക്കപ്പെട്ടത്. മുന്‍കരുതലിന്റെ ഭാഗമായി പമ്പിങ് തല്‍ക്കാലത്തേക്കു നിര്‍ത്തിവയ്ക്കുന്നതായി സഊദിയിലെ എണ്ണഭീമന്‍ അരാംകോ കമ്പനി അറിയിച്ചിരുന്നു. സഊദിയുടെ കിഴക്കന്‍ എണ്ണപ്പാടത്തുനിന്ന് പടിഞ്ഞാറുള്ള ചെങ്കടലിലെ തുറമുഖനഗരമായ യാംബൂവിലേക്ക് 1,200 കി.മീ നീളമുള്ള പൈപ്പ് ലൈനിലൂടെ അസംസ്‌കൃത എണ്ണ കൊണ്ടുപോകുന്ന കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയാണെങ്കില്‍ എണ്ണ കടത്തുന്നതിനു വേണ്ടി സമാന്തരമായി ദശാബ്ദങ്ങള്‍ കൊണ്ട് നിര്‍മിച്ചതാണിത്. ആക്രമണത്തിനെതിരേ അന്താരാഷ്ട്രതലത്തില്‍ കനത്ത പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."