കള്ളവോട്ടില്‍ വീണ്ടും വോട്ട്; ഇന്ന് പരസ്യ പ്രചരണം
തിരുവനന്തപുരം: കള്ളവോട്ട് തെളിഞ്ഞ കാസര്‍കോട് മണ്ഡലത്തിലെ മൂന്നു ബൂത്തുകളിലും കണ്ണൂര്‍ മണ്ഡലത്തിലെ ഒരു ബൂത്തിലും വീണ്ടും വോട്ടെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ പെടുന്ന കല്യാശേരി നിയമസഭാ മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 19- പിലാത്തറ, ബൂത്ത് നമ്പര്‍ 69 -പുതിയങ്ങാടി ജുമാഅത്ത് എച്ച്.എസ് നോര്‍ത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പര്‍ 70- ജുമാഅത്ത് എച്ച്.എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 -പാമ്പുരുത്തി മാപ്പിള എ.യു.പി.എസിലുമാണ് റീ പോളിങ്.
വിഡിയോ ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഈ ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി കലക്ടര്‍ക്ക് തെളിയിക്കാനായത്. സമീപകാല തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് കള്ളവോട്ട് കണ്ടെത്തുന്നതും തുടര്‍ നടപടികള്‍ വരുന്നതും. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണയുടെ ശുപാര്‍ശപ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് റീ പോളിങിന് അനുമതി നല്‍കിയത്. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലെ വോട്ടെടുപ്പ് നടക്കുന്ന ഞായറാഴ്ച തന്നെയാണ് ഇവിടെയും റീ പോളിങ്.
നാലു ബൂത്തുകളിലും ഏപ്രില്‍ 23ന് നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി. റിട്ടേണിങ് ഓഫിസര്‍മാരുടെ റിപ്പോര്‍ട്ടുകളും ചീഫ് ഇലക്ടറല്‍ ഓഫിസറുടെയും ജനറല്‍ ഒബ്‌സര്‍വറുടെയും റിപ്പോര്‍ട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റീ പോളിങ്ങിന് തീരുമാനമെടുത്തത്. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷന്‍ 58 ഉപയോഗിച്ചാണ് കമ്മിഷന്റെ നടപടി. തെരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങള്‍ നടത്താനും വിവരം രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജനറല്‍ ഒബ്‌സര്‍വര്‍മാരെയും വിവരം ധരിപ്പിച്ചു. ഇന്ന് വൈകിട്ടുവരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരസ്യ പ്രചാരണം നടത്താം.
20 കള്ളവോട്ട് ചെയ്തതായാണ് ഇതുവരെ നടന്ന അന്വേഷണത്തില്‍ വ്യക്തമായത്. 17 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ എ.യു.പി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തില്‍ പദ്മിനി, എന്‍.പി സെലീന, കെ.പി സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്‌തെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇവര്‍ക്കെതിരേ ഐ.പി.സി (സി, ഡി, എഫ്) വകുപ്പുകളനുസരിച്ചു കേസെടുത്തു. അന്വേഷണത്തില്‍ കല്യാശേരിയിലെ 69,70 നമ്പര്‍ ബൂത്തുകളില്‍ മുഹമ്മദ് ഫയിസ്, അബ്ദുല്‍ സമദ്, കെ.എം മുഹമ്മദ് എന്നിവര്‍ കള്ളവോട്ട് ചെയ്തതായി കലക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
കണ്ണൂര്‍ മണ്ഡലത്തിലെ പാമ്പുരുത്തിയിലും ധര്‍മടത്തും കള്ളവോട്ട് നടന്നു. പാമ്പുരുത്തി മാപ്പിള എ.യു.പി സ്‌കൂളിലും ധര്‍മടത്ത് ബൂത്ത് നമ്പര്‍ 52ലുമാണ് കള്ളവോട്ട് നടന്നത്. പാമ്പുരുത്തിയില്‍ 9 പേരാണ് കള്ളവോട്ട് ചെയ്തത്. 12 വോട്ടുകള്‍ ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്. ധര്‍മടത്ത് ഒരു കള്ളവോട്ടാണ് നടന്നത്. കുറ്റക്കാര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി, ഡി, എഫ് പ്രകാരം ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. പാമ്പുരുത്തിയിലെ പ്രിസൈഡിങ് ഓഫിസര്‍, പോളിങ് ഓഫിസര്‍, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായാണു ജില്ലാ കലക്ടര്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."