പെരിയ ഇരട്ടക്കൊലപാതകം: പ്രതി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ യുവാവ് ഷാര്‍ജയില്‍ നിന്നെത്തിയപ്പോള്‍ ക്രൈംബ്രാഞ്ച് വിമാനത്താവളത്തില്‍ വച്ച് പിടികൂടി. പെരിയ പാക്കം സ്വദേശി സുബീഷിനെയാണ് മംഗളൂരു വിമാനത്താവളത്തില്‍ വച്ച് ഇന്നലെ പുലര്‍ച്ചെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കൊലപാതകം നടന്ന് രണ്ടു ദിവസത്തിനു ശേഷം ഷാര്‍ജയിലേക്ക് കടക്കുകയായിരുന്നു ഇയാള്‍.
കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടാം പ്രതിയാണ് സുബീഷ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനാലായി. സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരന് ഒന്നാം പ്രതിയായ കേസില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്, ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠന് എന്നിവരെയും രണ്ടു ദിവസം മുന്‍പ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് സുബീഷെന്ന് പൊലിസ് പറഞ്ഞു.
സുബീഷിനെ നാട്ടിലെത്തിക്കാന്‍ അന്വേഷണ സംഘം ഇന്റര്‍പോളിന്റെ സഹായം തേടാനുള്ള നീക്കങ്ങള്‍ നടത്തി വരുന്നതിനിടയിലാണ് ഇയാള്‍ നാട്ടിലേക്ക് വരുന്നതിനു വേണ്ടി മംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു പ്രതിയെ പിടികൂടിയത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ സുബീഷിനെ 19 വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. അതിനിടെ 20 നകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം കിട്ടാനിടയുണ്ട്. എന്നാല്‍ സുബീഷില്‍ നിന്നും തെളിവുകള്‍ ശേഖരിച്ച് 20 നകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച് സംഘം.
കേസന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി 24 നു പരിഗണിക്കാനിരിക്കെയാണ് രണ്ടു ദിവസത്തിനിടെ നാടകീയമായി മൂന്നു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. കേസില്‍ സി.ബി.ഐ അന്വേഷണം തടയുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള നിയമോപദേശമാണ് ഇപ്പോഴത്തെ അറസ്റ്റുകള്‍ക്കു പിന്നിലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."