ഡിസംബര്‍ 6 എന്ന ഇന്ത്യയുടെ കറുത്ത ദിനം- ചതിയുടെ മുന്നൊരുക്കം മുതല്‍ തകര്‍ക്കല്‍ വരെ
തകര്‍ക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍
1986 ജനുവരിയില്‍ ലഖ്‌നോവില്‍ ചേര്‍ന്ന വിവിധ സന്യാസി സംഘടനകളുടെ സമ്മേളനം അയോധ്യാ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ബലം പ്രയോഗിച്ച് പൂട്ട് തുറക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. പിന്നീട് ജില്ലാ മജിസ്‌ട്രേറ്റ് തുറന്നുകൊടുക്കുകയായിരുന്നു. 1986 നവംബറില്‍ ചേര്‍ന്ന സന്യാസിമാരുടെ സമ്മേളനത്തില്‍ അയോധ്യയില്‍ ശിലാന്യാസം നടത്താന്‍ തിയ്യതി നിശ്ചയിച്ചു. 1989 ജൂണില്‍ ബി.ജെ.പി ആദ്യമായി അയോധ്യാ പ്രസ്ഥാനത്തിനു പരസ്യവും ശക്തവുമായ പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സടക്കമുള്ള പല രാഷ്ട്രീയ കക്ഷികളും ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ പള്ളി തകര്‍ക്കപ്പെടും വരെ അയഞ്ഞ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.
വി.എച്ച്.പി ശിലാപൂജ പദ്ധതി പ്രഖ്യാപിച്ചു. ഇതനുസരിച്ച് 1989 നവംബര്‍ 9ന് ശിലാന്യാസത്തിനു വേണ്ടിയുള്ള ശിലകള്‍ കൊണ്ടുവരുന്നത് വലിയ പരിപാടിയാക്കി. 22 സംസ്ഥാനങ്ങള്‍ 11 സോണുകളായി തിരിച്ചു. ഗ്രാമങ്ങളില്‍ നിന്ന് മൂന്നുദിവസം മുതല്‍ അഞ്ചുദിവസം വരെയുള്ള പൂജകള്‍ക്കു ശേഷം അവ നിശ്ചിത കേന്ദ്രങ്ങളിലെത്തിക്കുകയായിരുന്നു പദ്ധതി. ശേഷം ശിലകള്‍ അയോധ്യയിലെത്തിക്കുകയും ചെയ്യുക. എന്നാല്‍ ഈ ദിവസം ശിലാന്യാസത്തിനും ക്ഷേത്രനിര്‍മാണത്തിനുമുള്ള ശിലകള്‍ എത്തിക്കുന്നതിന് അനുമതി നല്‍കാന്‍ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. നവംബര്‍ അഞ്ചിന് മൂന്നര ലക്ഷം ശിലകള്‍ അയോധ്യയിലെത്തിച്ചു.
1989ല്‍ പൊതുതിരഞ്ഞെടുപ്പു വന്നു. അയോധ്യതന്നെയായിരുന്നു പ്രധാന വിഷയം. അതുവരെ രണ്ടുസീറ്റില്‍ ഒതുങ്ങിയിരുന്ന ബി.ജെ.പി 86 സീറ്റുകള്‍ നേടി. 143 സീറ്റുകള്‍ നേടിയ ജനതാദള്‍ ഇടതു-ബി.ജെ.പി പിന്തുണയോടെ രാജ്യം ഭരിച്ചു. വി പി സിങ് പ്രധാനമന്ത്രിയായി. 1990ല്‍ കര്‍സേവയ്ക്കുള്ള ആഹ്വാനം നിരന്തരം ഉയര്‍ന്നുകൊണ്ടിരുന്നതിനാല്‍ പള്ളി തകര്‍ക്കപ്പെടും എന്ന് ഉറപ്പായിരുന്നു. എന്നാല്‍ അത് ഏതുദിവസം എന്നേ അറിയേണ്ടിയിരുന്നുള്ളൂ.
മസ്ജിദ് തകര്‍ക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിങ്, മതേതരവാദിയും സത്യസന്ധനുമായ ഡി.ജി.പി പ്രകാശ്‌സിങിനെ തല്‍സ്ഥാനത്തുനിന്നു നീക്കിയിരുന്നു.
തകര്‍ത്തെറിഞ്ഞുള്ള രഥയാത്ര
രാമക്ഷേത്ര നിര്‍മാണം ലക്ഷ്യംവച്ച് അദ്വാനിയുടെ നേതൃത്വത്തിലാണ് രഥയാത്ര നടത്തിയത്. ശിലാന്യാസത്തോടെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനു മേല്‍ക്കൈ ലഭിച്ചതാണ് രഥയാത്രക്ക് അദ്വാനിയെ പ്രേരിപ്പിച്ചത്. കര്‍സേവകരെ അണിനിരത്തുകയായിരുന്നു യാത്രയുടെ ലക്ഷ്യം. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തടക്കമുള്ള നാലുസംസ്ഥാനങ്ങള്‍ യാത്രക്ക് പിന്തുണയുമായി വന്നു. 1990 സപ്തംബര്‍ 25ന് സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര തുടങ്ങി.
ഒക്ടോബര്‍ 30ന് രഥയാത്ര അയോധ്യയിലെത്തുമെന്നും അന്നു തന്നെ കര്‍സേവയ്ക്കുള്ള തിയ്യതി പ്രഖ്യാപിക്കുമെന്നും അദ്വാനി അറിയിച്ചു. അദ്വാനിക്കൊപ്പം പ്രമോദ് മഹാജനുമുണ്ടായിരുന്നു. ആയുധധാരികളായ കര്‍സേവകരും യാത്രക്ക് അകമ്പടി സേവിച്ചു. യാത്രയിലുടനീളം അക്രമാസക്തരായ പ്രാദേശിക നേതാക്കള്‍ മതഭ്രാന്ത് നിറഞ്ഞ പ്രസംഗങ്ങള്‍ നടത്തി. യാത്ര തടഞ്ഞാല്‍ കേന്ദ്രത്തിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയും മുഴക്കി. യാത്ര തടയാന്‍ മുസ്‌ലിംകള്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു.
1990 ഒക്ടോബര്‍ 22ന് രഥയാത്ര ബിഹാറിലെത്തിയപ്പോള്‍ മുഖ്യമന്ത്രി ലാലുവിന്റെ നിര്‍ദേശമനുസരിച്ച് അദ്വാനിയെയും മഹാജനെയും അറസ്റ്റ് ചെയ്തു. കര്‍സേവക്കു പുറപ്പെട്ട വാജ്‌പേയിയും മറ്റു ചില നേതാക്കളും അറസ്റ്റിലായി. അയോധ്യാ പ്രസ്ഥാനത്തിനേറ്റ ശക്തമായ പ്രഹരമായിരുന്നു ലാലുവിന്റെ നടപടികള്‍. അയോധ്യയില്‍ ശക്തമായ സുരക്ഷയൊരുക്കി. ശിലാന്യാസം നടന്ന സ്ഥലം സീല്‍ ചെയ്തു. കര്‍സേവകരെ പ്രവേശിക്കുന്നതില്‍ നിന്നു വിലക്കി. സി.ആര്‍.പി.എഫും നിലയുറപ്പിച്ചു. സ്ഥിതി നിയന്ത്രിക്കാന്‍ വേണ്ടിവന്നാല്‍ വെടിവയ്്ക്കുമെന്ന് മുഖ്യമന്ത്രി മുലായം സിങ് മുന്നറിയിപ്പു നല്‍കിയിരുന്നു. ത്രിശൂലവും ആയുധങ്ങളുമായി വന്ന കര്‍സേവകര്‍ക്കു നേരെ വെടിവയ്പ്പുണ്ടായി. നിരവധി പേര്‍ മരിച്ചു.
പ്രാദേശിക പോലിസിലും പി.എ.സിയിലും (പി.എ.സി മുമ്പു തന്നെ മുസ്്‌ലിം വിരുദ്ധമെന്ന ആരോപണം നിലനില്‍ക്കുന്ന സേനയാണ്) 90 ശതമാനവും കര്‍സേവകരെ പിന്തുണക്കുന്നവരായിരുന്നു. പൊലിസ് തന്നെ പൂട്ട് പൊളിക്കാന്‍ ശ്രമിച്ചിരുന്നതായും ഇതിനെ എതിര്‍ത്തു വെടിയുതിര്‍ക്കാന്‍ ശ്രമിച്ച സി.ആര്‍.പി.എഫ് ഭടന്‍മാരില്‍ നിന്നു തോക്ക് തട്ടിയെടുക്കാന്‍ പൊലിസ് ശ്രമിച്ചതായും പറയപ്പെടുന്നു. രാജ്യമാകെ, പ്രത്യേകിച്ച് യു.പിയില്‍ കടുത്ത വര്‍ഗീയ സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയ ദിനങ്ങളായിരുന്നു അന്ന്. ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ നല്ല നിലപാടു സ്വീകരിച്ച വി.പി സിങ്, മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കാന്‍ കൂടി ശ്രമിച്ചതു സംഘപരിവാരിനേറ്റ ഇരട്ട അടിയായിരുന്നു. ഇതോടെ വി.പി സിങിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചു. 1991ലെ തെരഞ്ഞെടുപ്പു പ്രചാരണത്തിലും അയോധ്യ തന്നെയായിരുന്നു മുഖ്യ വിഷയം. കേന്ദ്രത്തില്‍ നരസിംഹറാവുവും യു.പിയില്‍ കല്യാണ്‍ സിങും അധികാരത്തിലേറി.
1992 ജനുവരിയില്‍ തന്നെ ബാബരി മസ്ജിദ് സ്ഥിതിചെയ്യുന്ന ഭൂമിയുടെ സുരക്ഷാകാര്യത്തില്‍ ഇന്റലിജന്‍സ് വിഭാഗം കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആഭ്യന്തരമന്ത്രിയടക്കമുള്ളവര്‍ ഇടയ്ക്കിടെ ബാബരി മസ്ജിദിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക അറിയിച്ചു മുഖ്യമന്ത്രി കല്യാണ്‍ സിങിനെ ബന്ധപ്പെട്ടിരുന്നെങ്കിലും ഒരാപത്തും വരില്ലെന്നു കള്ളം പറയുകയായിരുന്നു കല്യാണ്‍. സംസ്ഥാന ഭരണകൂടത്തെ പിരിച്ചുവിടും എന്നു വരെ കേന്ദ്രം പറഞ്ഞെങ്കിലും സര്‍ക്കാര്‍ നിലനിന്നാലുമില്ലെങ്കിലും ക്ഷേത്രം നിര്‍മിക്കുമെന്ന ധാര്‍ഷ്ഠ്യമായിരുന്നു കല്യാണിന്റെ മറുപടി.
ഇതിനിടെ ഖാസബാര പള്ളി പൊളിച്ചു. ആഭ്യന്തരമന്ത്രിയും ആഭ്യന്തര സെക്രട്ടറിയും കോടതിയും സംസ്ഥാന മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തുകളെഴുതി. എന്നാല്‍ എല്ലാം ഭദ്രമെന്നായിരുന്നു മറുപടി ലഭിച്ചത്.
1992 ഒക്ടോബര്‍ 29ന് ചേര്‍ന്ന ധര്‍മ സന്‍സധ് യോഗത്തില്‍ ഡിസംബര്‍ 6 കര്‍സേവയുടെ ദിനമായി നിശ്ചയിച്ചു. ഡിസംബര്‍ ആറുമുതല്‍ വിപുലമായ കര്‍സേവ നടക്കുമെന്ന് സുദര്‍ശനും പ്രഖ്യാപിച്ചു. ഈ സമയത്താണ് അയോധ്യാ കേസില്‍ ഹൈക്കോടതിയുടെ വിധി പ്രഖ്യാപനം ഡിസംബര്‍ 12ലേക്കു നീട്ടുന്നത്. ഇതെല്ലാം കണ്ട് ഭീതിയിലായ മുസ്‌ലിം നേതൃത്വത്തെ അയോധ്യയില്‍ കര്‍സേവ നടക്കില്ലെന്നു പറഞ്ഞു റാവു സമാധാനിപ്പിച്ചു. നവംബര്‍ 23ന് നടന്ന സുപ്രധാന ദേശീയോദ്ഗ്രഥന കൗണ്‍സില്‍ യോഗം സംഘപരിവാര്‍ ബഹിഷ്‌കരിച്ചു. ഏതു സാഹചര്യവും നേരിടാന്‍ യോഗം പ്രധാനമന്ത്രി നരസിംഹറാവുവിനെ ചുമതലപ്പെടുത്തി. അരുതാത്തതൊന്നും നടക്കില്ലെന്ന് മുഖ്യമന്ത്രി സുപ്രിം കോടതിക്കും ഉറപ്പുനല്‍കി. ഡിസംബര്‍ ഒന്നായപ്പോഴേക്കും കാര്യങ്ങളെല്ലാം കൈവിട്ടതായി ഇന്റലിജന്‍സും മുന്നറിയിപ്പുനല്‍കി. അയോധ്യയിലേക്കുള്ള കര്‍സേവകരുടെ വരവിനിടെ പലയിടങ്ങളിലും അക്രമങ്ങളുണ്ടായി. ഉന്‍മത്തരായ കര്‍സേവകര്‍ തന്നെയായിരുന്നു എല്ലായിടത്തും അക്രമങ്ങള്‍ തുടങ്ങിവച്ചത്. അയോധ്യയിലെ മുസ്്‌ലിം ഖബര്‍സ്ഥാനുകളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. ഡിസംബര്‍ അഞ്ചിന് ആര്‍ത്തലച്ചു വന്ന ആയുധധാരികളായ കര്‍സേവകര്‍ അയോധ്യയിലെ മുസ്്‌ലിം കേന്ദ്രങ്ങള്‍ തകര്‍ത്തപ്പോള്‍ തന്നെ ഉറപ്പായിരുന്ന സംസ്ഥാനം ആകെ ആര്‍.എസ്.എസിന്റെ കൈയിലമര്‍ന്നുവെന്ന്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഏകോപനം ഒട്ടുംതന്നെ ഉണ്ടായിരുന്നില്ല. പള്ളി നിലനിന്ന 2.77 ഏക്കര്‍ സ്ഥലത്തേക്കു ആരെയും കടത്തിവിടാതിരിക്കാന്‍ ബാരിക്കേഡുകള്‍ പോലും ഉണ്ടായിരുന്നില്ല. ഇതു കര്‍സേവകര്‍ക്കു കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുത്തു.
ഡിസംബര്‍ അഞ്ചിനു വൈകീട്ട് അദ്വാനിയും മുരളീമനോഹര്‍ ജോഷിയും അയോധ്യയിലെത്തി. പ്രതീകാത്മക കര്‍സേവയാണ് നടക്കുകയെന്ന് അവരെല്ലാം കേന്ദ്ര സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍, ഇന്റലിജന്‍സും അര്‍ദ്ധ സൈനിക വിഭാഗവും ഈ വാദം തള്ളിക്കള്ളഞ്ഞിരുന്നു.
ഡിസംബര്‍ 6
ഡിസംബര്‍ ആറിന് ഉച്ചയ്ക്ക് 12.15ന് പൂജക്കു ശേഷം പ്രതീകാത്മക കര്‍സേവ നടക്കുമെന്നായിരുന്നു പ്രഖ്യാപനം. പൂജക്കു ശേഷം ഉള്ളിലേക്കു കയറി. രാമവിഗ്രഹവും കാണിക്ക പാത്രവും വിദഗ്ധമായി മാറ്റി. ഇതിനിടയില്‍ സുരക്ഷാ സേനയുമായി കല്ലേറുണ്ടായി. പിക്കാസ്, കൈക്കോട്ട്, ഇരുമ്പ് ദണ്ഡ്, തൃശൂലം, കമ്പിപ്പാര തുടങ്ങിയ ആയുധങ്ങളുമായി കര്‍സേവകര്‍ കൂട്ടത്തോടെ പള്ളിക്കു ചുറ്റുമുള്ള മതിലും കമ്പിവേലിയും തകര്‍ത്ത് പള്ളിക്കു മേല്‍ കയറി. മിനാരങ്ങള്‍ തകര്‍ത്തു തുടങ്ങി. 1.55 ആയപ്പോഴേക്കും ആദ്യമിനാരം തകര്‍ന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പോലിസും സൈന്യവും നോക്കി നില്‍ക്കുകയായിരുന്നു. മേലുദ്യോഗസ്ഥരെ ആരും വിവരം അറിയിച്ചില്ല. കര്‍സേവകര്‍ പള്ളി തകര്‍ക്കുമ്പോള്‍ 200 അടി അകലെ അദ്വാനി, ജോഷി, ഉമാ ഭാരതിയടക്കമുള്ള നേതാക്കള്‍ എല്ലാം കണ്ടിരുന്നു. വൈകുന്നേരമായപ്പോഴേക്കും പള്ളി പൂര്‍ണമായും തകര്‍ത്തു. ആദ്യം വിദഗ്ധമായി മാറ്റിയ വിഗ്രഹവും കാണിക്കപാത്രവും തല്‍സ്ഥാനത്തു തന്നെ വച്ചു. 7.30 ആയപ്പോഴേക്കും അവിടെ താല്‍ക്കാലിക ക്ഷേത്രവും ഉയര്‍ന്നു. കര്‍സേവകര്‍ എല്ലാം ഒരുങ്ങിത്തന്നെയായിരുന്നു വന്നത് എന്നതില്‍ നിന്നു തന്നെ പ്രതീകാത്മക കര്‍സേവയായിരുന്നു നടക്കുകയെന്ന അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് വ്യക്തമായിരുന്നു. ഉമാഭാരതിയടക്കമുള്ള നേതാക്കള്‍ കര്‍സേവകര്‍ക്ക് സ്പീക്കറിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നതായി ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് പറയുന്നുണ്ട്.
വൈകീട്ട് 6.45 ഓടെ രാജിവയ്ക്കുന്നതായി കല്യാണ്‍ സിങ് പ്രഖ്യാപിച്ചു. എന്നാല്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കിയതായി കേന്ദ്രവും പറഞ്ഞു. വൈകീട്ട് അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്ന് യു.പിയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി ഉത്തരവിട്ടു. എല്ലാം കഴിഞ്ഞ് അര്‍ധരാത്രി 12.45നാണ് പ്രദേശത്തു സൈന്യത്തെ വിന്യസിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടാവുന്നത്. അതുതന്നെ വെടിവയ്ക്കരുതെന്ന നിര്‍ദേശത്തോടെയും.
പള്ളി തകര്‍ക്കുന്ന സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്രൂരമായ ആക്രമണങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. രാജ്യത്തു മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും ക്രൂരമായി അക്രമിക്കപ്പെട്ട ദിവസമായിരുന്നു അന്ന്. ബിസിനസ് ഇന്ത്യയുടെ ലേഖിക രുചിചാ ഗുപ്തയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി അവരെ ഏറെനേരം വലിച്ചിഴച്ചു കുഴിയില്‍ തള്ളി. രാമന്റെ ജന്മസ്ഥലം മോചിപ്പിച്ചുവെന്നായിരുന്നു ആര്‍എസ്.എസ് മുഖപത്രം പള്ളിതകര്‍ത്തതിനെക്കുറിച്ച് എഴുതിയത്.
മസ്ജിദ് തകര്‍ച്ചയെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി അക്രമസംഭവങ്ങളുണ്ടായി. ബോംബെ കലാപമായിരുന്നു അതില്‍ ഏറ്റവും രൂക്ഷമായത്. ആയിരത്തോളം മുസ്‌ലിംകള്‍ ഈ കലാപത്തില്‍ കൊല്ലപ്പെട്ടതായാണു കണക്ക്. കലാപം സംബന്ധിച്ച് അന്വേഷിച്ച ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ ശിവസേനക്കാരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് മുംബൈയില്‍ ആളിപ്പടര്‍ന്ന വര്‍ഗീയ കലാപത്തിന്റെ ഭാഗമായി ഹാരി മസ്ജിദില്‍ പ്രാര്‍ഥന നടത്തിക്കൊണ്ടിരുന്നവര്‍ക്കെതിരേ നിഖില്‍ കാപ്‌സെയുടെ നേതൃത്വത്തിലെത്തിയ പൊലിസ് യാതൊരു പ്രകോപനവുമില്ലാതെ വെടിവച്ചു. വിവേചനരഹിതമായ വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. വയറ്റത്ത് വെടിേയറ്റ ഫാറൂഖ് മാപ്കര്‍ അടക്കം ഏഴുപേരെ ആര്‍.കെ മാര്‍ഗ് പൊലിസ് സ്‌റ്റേഷനിലേക്ക് വലിച്ചിഴച്ചാണു കൊണ്ടുപോയത്. ഇവരില്‍ മാപ്കര്‍ മാത്രമാണ് ബാക്കിയായത്. വയറ്റില്‍ വെടിയുണ്ടയുമായി കഴിഞ്ഞ അദ്ദേഹം അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, പ്രസിഡന്റ്് മുരളി മനോഹര്‍ ജോഷി, വി.എച്ച്.പി പ്രസിഡന്റ് വിഷ്ണു ഹരിദാല്‍മിയ, ഉമാഭാരതി, ജനറല്‍ സെക്രട്ടറി അശോക് സിംഗാള്‍, ബജ്‌റംഗ്ദള്‍ നേതാവ് സ്വാമി ഋതംബര, ഗിരിരാജ് കിഷോര്‍ തുടങ്ങിയവരെ ഡിസംബര്‍ 8ന് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."