ചോദ്യപേപ്പര്‍ വിവാദം സര്‍വകലാശാല ആസ്ഥാനത്ത് അക്രമം
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല നാലാം സെമസ്റ്റര്‍ ഗണിത പരീക്ഷയുടെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചതുമായി ബന്ധപ്പെട്ട് സര്‍വകലാശാല ആസ്ഥാനത്ത് വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധവും അക്രമവും. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പ്രോ. വൈസ് ചാന്‍സിലറുടെ വാതില്‍ അടിച്ചു തകര്‍ത്തു. ഇന്നലെ രാവിലെ പ്രകടനവുമായി വിദ്യാര്‍ഥികള്‍ ആസ്ഥാന മന്ദിരത്തിനകത്തേക്ക് ഇരച്ചുകയറി വാതില്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു. ഇതിനു പിന്നാലെ കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ ആസ്ഥാന മന്ദിരത്തിനു മുന്നില്‍ ഉപരോധവും നടന്നു.
വെള്ളിയാഴ്ചയാണ് സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ഗണിത പരീക്ഷയുടെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അതേ ചോദ്യപേപ്പര്‍ ഇത്തവണയും പരീക്ഷ നടത്താനായി എത്തിക്കുകയായിരുന്നു. ചോദ്യം ആവര്‍ത്തിച്ചതായി വിദ്യാര്‍ഥികള്‍ അറിയിച്ചതോടെ ഇന്‍വിജിലേറ്റര്‍മാര്‍ ചോദ്യം മാറ്റാന്‍ കഴിയില്ലെന്ന് അറിയിക്കുകയും പരീക്ഷ നടത്തുകയുമായിരുന്നു. തിയതി പോലും മാറ്റാതെയാണ് ചോദ്യപേപ്പര്‍ കുട്ടികള്‍ക്കു നല്‍കിയത്.
പ്രോ വൈസ് ചാന്‍സിലര്‍ ടി. അശോകന്റെ ചേംബറിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന പ്രവര്‍ത്തകര്‍ പി.വി.സിയുടെ മേശപ്പുറത്തുണ്ടായിരുന്ന സാധനങ്ങള്‍ വാരിവലിച്ചിട്ടു. പത്തോളം പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. സംഭവം നടന്ന് ഏറെ കഴിഞ്ഞാണ് പൊലിസ് സ്ഥലത്തെത്തിയത്. ഇതിനു തൊട്ടുപിന്നാലെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് കോംപൗണ്ടില്‍ കയറിയത്. തുടര്‍ന്ന് ആസ്ഥാന മന്ദിരം ഉപരോധിച്ചു.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി അബ്ദുല്‍ റഷീദ്, ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്, സംസ്ഥാന സെക്രട്ടറി എം.കെ വരുണ്‍, സി.ടി അഭിജിത്ത്, ഷിബിന്‍ നാറാത്ത്, ഫര്‍ഹാന്‍ മുണ്ടേരി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."