കബളിപ്പിക്കപ്പെട്ട് മക്കയില്‍ ദുരിതത്തിലായ മലയാളി തീര്‍ത്ഥാടകര്‍ മടങ്ങി
മക്ക: ഉംറ സര്‍വ്വീസ് കമ്പനി കബളിപ്പിച്ചതിനെ തുടര്‍ന്ന് മക്കയില്‍ ദുരിതത്തിലായ 33 തീര്‍ത്ഥാടകര്‍ മടങ്ങി. സ്വകാര്യ ഉംറ സര്‍വ്വീസ് മുഖേന മക്കയിലെത്തി ഒടുവില്‍ സര്‍വ്വീസ് കമ്പനി മുങ്ങിയതിനെ തുടര്‍ന്ന് ദുരിതത്തിലായ തീര്‍ത്ഥാടകരാണ് സാമൂഹ്യ പ്രവര്‍ത്തകരുടെയും എംബസിയുടെയും സഹായത്തോടെ ഒരാഴ്ച്ചക്ക് ശേഷം മടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ വിമാനങ്ങളിലായി മടങ്ങിയ സംഘത്തിലെ അവസാന സംഘം രാവിലെ ഇത്തിഹാദ് എയര്‍വേസ് വിമാനത്തിലാണ് നാട്ടിലേക്കു പോയത്. ഹജ്, ഉംറ വകുപ്പുമായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഇവരുടെ പ്രശ്നത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് നാട്ടില്‍നിന്നുള്ള ടിക്കറ്റിംഗ് ഏജന്‍സി തന്നെ പ്രശ്നത്തിന് പോംവഴി കണ്ടെത്തുകയായിരുന്നു.
മലപ്പുറം മേലാറ്റൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഗൈഡ് ട്രാവല്‍ ആന്റ് ടൂറിസം ഏജന്‍സിയുടെ കീഴിലെത്തിയ തീര്‍ഥാടകരാണ് പെരുവഴിയിലായത്. മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശി അക്ബര്‍ അലിയാണ് ഏജന്‍സി നടത്തിപ്പുകാരനെന്നും ഇദ്ദേഹമാണ് തങ്ങളില്‍നിന്ന് പണം കൈപറ്റിയതെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു. ട്രാവല്‍ ഏജന്റ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് റീഫണ്ട് ചെയ്തെന്നാണ് എയര്‍ ലൈന്‍സുകള്‍ നല്കുന്ന വിശദീകരണം. പ്രശ്നം വഷളായതോടെ നാട്ടിലേക്കു എത്രയും വേഗം മടക്കം സാധ്യമാക്കാമെന്നും ഉംറ തീര്‍ഥാടകരുടെ ചുമതലയുള്ള മക്കയിലെ ഏജന്‍സി ഉറപ്പു നല്‍കിയിരുന്നു.
നേരത്തെ മക്കയില്‍ താമസിക്കുന്നതിനിടെ പൈസ ലഭിച്ചിട്ടില്ലെന്ന പരാതിയില്‍ ഹോട്ടലുടമയും ഇവരെ ഇറക്കിവിടാന്‍ ഒരുങ്ങിയിരുന്നു. പിന്നീട് ഇത് ഇടപെട്ടു പരിഹരിക്കുകയായിരുന്നു. കുറഞ്ഞ നിരക്കില്‍ ഉംറ തീര്‍ഥാടനം വാഗ്ദാനം ചെയ്ത് പണം സ്വരൂപിച്ച് പറഞ്ഞതില്‍നിന്നും വ്യത്യസ്തമായി തീര്‍ഥാടകരെ വിവിധ വിമാനങ്ങളിലും വിവിധ സമയങ്ങളിലും കയറ്റി അയച്ചാണ് ഇവര്‍ ഇടപാട് നടത്തിയിരുന്നത്. പണതിരിമറിയാണ് ഇതിലൂടെ ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് തട്ടിപ്പിനിരയായവരുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."