പരിസരമൊരുക്കിയത് രാമായണം സീരിയല്‍
മലപ്പുറം: അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള 1977ലെ തെരഞ്ഞെടുപ്പിലേറ്റ വന്‍ തിരിച്ചടിയോടെയാണ് അധികാരത്തില്‍ സ്ഥിരത വേണമെങ്കില്‍ ഹിന്ദുത്വം മുറുകെപ്പിടിക്കണമെന്ന് കോണ്‍ഗ്രസിന്, പ്രത്യേകിച്ച് ഇന്ദിരാഗാന്ധിക്ക് തോന്നിത്തുടങ്ങിയത്. ഇതിനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെ ഇന്ദിരാഗാന്ധി സിഖ് അംഗരക്ഷകരാല്‍ വെടിയേറ്റ് മരിച്ചു. 84ല്‍ ഇന്ദിരാഗാന്ധിക്കുശേഷം മകന്‍ രാജീവ് ഗാന്ധി അധികാരത്തിലേറിയ ഉടന്‍ അതിന്റെ തുടര്‍ച്ചയുണ്ടായി. അയോധ്യ സന്ദര്‍ശിച്ച് 'രാമരാജ്യ നിര്‍മാണം' പ്രഖ്യാപിച്ചാണ് രാജീവ്ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. ഇന്ദിരാതരംഗത്തില്‍ മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ രാജീവ്ഗാന്ധി ആദ്യം ചെയ്ത പ്രവര്‍ത്തനങ്ങളിലൊന്ന് ദൂരദര്‍ശനില്‍ രാമാനന്ദ് സാഗറിന്റെ രാമായണം സീരിയല്‍ സംപ്രേഷണം ആരംഭിച്ചതായിരുന്നു.
സംഘ്പരിവാറിന് യോജിച്ചനിലയില്‍ ഇന്ത്യന്‍ സാംസ്‌കാരിക അന്തരീക്ഷം ഹിന്ദുത്വമാക്കി മാറ്റിയത് രാമായണം സീരിയലുകള്‍ ആണെന്ന് നിരവധി സാമൂഹിക ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സാധാരണ ടെലിവിഷന്‍ സീരിയല്‍ കാണുന്നപോലെ ആയിരുന്നില്ല ഉത്തരേന്ത്യക്കാര്‍ ഇത് കണ്ടിരുന്നത്. കുളിച്ച് കുറി തൊട്ട് ഭക്തിപൂര്‍വം ടെലിവിഷന് മാലചാര്‍ത്തി തൊഴുകൈയോടെയാണ് പലരും ടി.വിക്കു മുന്നില്‍ വന്നിരുന്നതെന്ന് ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റിയിലെ അരവിന്ദ് രാജഗോപാല്‍ എഴുതിയിട്ടുണ്ട്.ചാനലുകളുടെ രൂപത്തില്‍ ഇലക്ട്രോണിക്‌സ് മാധ്യമങ്ങളുടെ രംഗപ്രവേശനത്തിന്റെ കാലം കൂടിയായിരുന്നു അത്. സീരിയലിന് സംഘ്പരിവാര്‍ വന്‍ പ്രചാരണവും നല്‍കി. ഹിന്ദുരാജ്യത്തിന്റെ മാതൃകയായി സീരിയല്‍ രാമനെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടുവന്നു. സാധാരണ ഹിന്ദുക്കളുടെ മനസില്‍ അതുവരെയുണ്ടായിരുന്ന രാമനുപകരം, 'രാക്ഷസന്മാര്‍ക്കെതിരേ' നിരന്തരം യുദ്ധം ചെയ്തുവിജയിക്കുന്ന രാമനെ സംഘ്പരിവാര്‍ അതുവഴി കോരിയിട്ടു. ഇത്തരത്തില്‍ തീര്‍ത്തും വൈവിധ്യവും വൈരുധ്യവും നിറഞ്ഞ ഇന്ത്യന്‍ സംസ്‌കാരം എന്ന യാഥാര്‍ഥ്യത്തെ നിരാകരിക്കുന്ന സവര്‍ണ മിത്തുകള്‍ ചരിത്രത്തിനുപകരം മുന്നോട്ടുവച്ചാണ് രാമായണസീരിയലിലൂടെ രാമജന്മഭൂമിയെ ഇന്ത്യന്‍ ദേശീയതയുമായി സംഘ്പരിവാര്‍ കൂട്ടിക്കെട്ടിയത്.
രാഷ്ട്രീയവളര്‍ച്ച മുരടിച്ചിരുന്ന ആര്‍.എസ്.എസിന് അങ്ങനെയാണ് ഇന്ത്യന്‍ ഭൂപടത്തില്‍ മൈലേജ് ലഭിച്ചത്. സീരിയല്‍ അവസാനിപ്പിച്ചപ്പോഴേക്കും ഉത്തരേന്ത്യന്‍ മനസില്‍ പുതിയൊരു രാഷ്ട്രീയരാമന്‍ ഉടലെടുത്തു കഴിഞ്ഞിരുന്നു. 1992 ഡിസംബറില്‍ ബാബരി പള്ളി തകര്‍ക്കുന്ന വിധത്തിലേക്ക് ആ തരംഗത്തെ സംഘ്പരിവാര്‍ പിന്നീട് വളര്‍ത്തി വലുതാക്കി. സീരിയല്‍ നിന്ന് മൂന്നുപതിറ്റാണ്ട് പിന്നിട്ട ഈ ലോക്ക്ഡൗണ്‍ കാലത്ത് ഒരിക്കല്‍കൂടി രാമായണം സീരിയല്‍ തുടങ്ങിയ വേളയിലാണ് ബാബരി മസ്ജിദ് പൊളിച്ച സംഘ്പരിവാര്‍ നേതാക്കളെ 'തെളിവുകളുടെ അഭാവത്തില്‍' വെറുതെവിട്ട് കോടതി വിധി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."