മത്സ്യമേഖലയ്ക്കായി പ്രത്യേക പാക്കേജ് സമര്‍പ്പിക്കും
ന്യൂഡല്‍ഹി: പ്രളയത്തില്‍പ്പെട്ട് തകര്‍ന്ന മത്സ്യബന്ധന മേഖലയ്ക്കും മീന്‍വളര്‍ത്തല്‍ മേഖലയ്ക്കും പുനര്‍നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജ് സമര്‍പ്പിക്കും. നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അമിതാഭ് കാന്തുമായി ഫിഷറീസ്, തുറമുഖ വകുപ്പുമന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ചു ധാരണ ഉണ്ടായത്.
പ്രളയത്തെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും സ്ഥിതിഗതികളെക്കുറിച്ചും മന്ത്രി സി.ഇ.ഒയെ വിശദമായി ധരിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ പാക്കേജ് എത്രയും വേഗം സമര്‍പ്പിക്കുന്ന മുറയ്ക്ക് ഇക്കാര്യം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും.
ഒരു മാസത്തിനുള്ളില്‍ പാക്കേജ് തയാറാക്കി സമര്‍പ്പിക്കാമെന്നു മന്ത്രി അറിയിച്ചു. ഫിഷറീസ് കൂടാതെ കാര്‍ഷിക മേഖലയ്ക്കും ഇത്തരത്തില്‍ പാക്കേജ് സമര്‍പ്പിക്കണം. ദുരിതത്തില്‍പ്പെട്ട കേരളത്തിനു കേന്ദ്ര സര്‍ക്കാരിന്റെയും നീതി ആയോഗിന്റെയും എല്ലാവിധ സഹായ സഹകരണങ്ങളുമുണ്ടാകുമെന്നു അമിതാഭ് കാന്ത് വ്യക്തമാക്കി.
പ്രളയത്തില്‍ മീന്‍വളര്‍ത്തല്‍ മേഖലയ്ക്കു കനത്ത നഷ്ടമാണുണ്ടായത്. മത്സ്യങ്ങളും വിത്തുകളും ഒഴുകിപ്പോയി.
പത്തനംതിട്ട കുളത്തുപ്പുഴയിലെ ഫാം മാത്രമാണു കഷ്ടിച്ചു രക്ഷപ്പെട്ടത്. ഉള്‍നാടന്‍ മത്സ്യമേഖലയ്ക്കുണ്ടായ നഷ്ടം നികത്താന്‍ എല്ലാ സഹായവും സി.ഇ.ഒ വാഗ്ദാനം ചെയ്തു. ഫിഷറീസ് മേഖലയുടെ നാശനഷ്ടങ്ങള്‍ സംബന്ധിച്ചു പ്രത്യേക പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കും.
കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മത്സ്യമേഖലയ്ക്കായി വന്‍വികസന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നത്. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഫിഷറീസ് മേഖലയ്ക്കുള്ള കേന്ദ്ര സഹായം ഓരോ വര്‍ഷവും കുറഞ്ഞുവരുന്ന കാര്യം മന്ത്രി സി.ഇ.ഒയുടെ ശ്രദ്ധയില്‍പ്പെടുത്തി. ജനപ്രിയ നിക്ഷേപ ആശ്വാസ പദ്ധതികള്‍ക്കും ഭവന നിര്‍മാണ പദ്ധതികള്‍ക്കുമുള്ള സാമ്പത്തിക സഹായം പോലും നിര്‍ത്തലാക്കിയെന്നു മന്ത്രി പറഞ്ഞു.
പ്രളയത്തെ തുടര്‍ന്നുള്ള പ്രതിസന്ധി മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞുവെന്നു സി.ഇ.ഒ പറഞ്ഞു.
മത്സ്യമേഖലയ്ക്കുണ്ടായ നഷ്ടം നേരില്‍ കാണുന്നതിനു കേന്ദ്ര ഫിഷറീസ് വകുപ്പിലെ ഉന്നതതല സംഘം ഉടന്‍ കേരളത്തിലെത്തുമെന്നു അമിതാഭ് കാന്ത് മന്ത്രിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."