ചരിത്രം തിരുത്തപ്പെടുമ്പോള്‍
ഇന്ത്യയുടെ ചരിത്രത്തിലെ പ്രത്യേക സംഭവങ്ങളും വ്യക്തികളുമായി ബന്ധപ്പെട്ട പേരുകള്‍ പലതും മാറ്റിയെടുത്തുകൊണ്ട് അവയുടെ മുസ്‌ലിം ഭരണകൂടങ്ങളുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുന്ന ഒരു പുതിയ ശ്രമത്തിനു നമ്മുടെ കാലഘട്ടം സാക്ഷ്യംവഹിക്കുകയാണ്. സുല്‍ത്താന്‍ കാലഘട്ടംമുതല്‍ ഇന്ത്യ അടിമത്തത്തിലായിരുന്നുവെന്നു പ്രചരിപ്പിച്ചുവന്ന ചിന്താധിഷ്ഠിതമായ ഒരു തത്വശാസ്ത്രം ഭരണത്തിന്റെ ഭാഗമായിത്തീരുമ്പോള്‍ അത്തരം ആശയങ്ങള്‍ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരുന്ന പ്രവണത തികച്ചും അപലപനീയമാണെന്നു പറയട്ടെ.
ഇന്ത്യയെ ഹിന്ദു ഇന്ത്യയെന്നും മുസ്‌ലിം ഇന്ത്യയെന്നും വിഭജിച്ചുകൊണ്ടു മതാധിഷ്ഠിത സമീപനം നടത്തി ചരിത്രമെഴുതിയ ജെയിംസ് മില്ലിന്റെയും പിന്‍ഗാമികളുടെയും പാതയില്‍ സഞ്ചരിച്ചുകൊണ്ട് മുഗള്‍ ചരിത്രത്തെ വിസ്മരിച്ചുകൊണ്ട്, പുതിയ ഒരു രചനയുടെ പൈതൃകം ആവിഷ്‌കരിക്കുന്ന ഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഈ രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ചരിത്രത്തിന് നേര്‍ക്കുള്ള ഒരു വെല്ലുവിളിയായി ഇതിനെ കാണേണ്ടിയിരിക്കുന്നു.
ന്യൂഡല്‍ഹിയിലെ ഔറംഗസീബ് റോഡ്, ജനാധിപത്യഭരണപ്രകാരം തന്നെ മുന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുല്‍കലാമിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്തുകൊണ്ട് ആരംഭിച്ച ഈ പ്രവര്‍ത്തനം തുടര്‍ന്നുപോവുകയാണ്. അന്താരാഷ്ട്ര പ്രശസ്തനായ ഒരു ശാസ്ത്രജ്ഞനുവേണ്ടി ഇന്ത്യയുടെ ഏകീകരണം സ്വപ്‌നംകണ്ട ഔറംഗസീബ് ചക്രവര്‍ത്തിയെ പിടികൂടിയവര്‍ ഇന്ന് അദ്ദേഹത്തിന്റെ തന്നെ പ്രപിതാമഹനായ അക്ബറെ പിടികൂടിയിരിക്കുന്നു.
മുഗള്‍ ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയെടുക്കുവാന്‍ ശ്രമിച്ച രാജസ്ഥാന്‍ സൂബ (പ്രവിശ്യ) യിലെ അജ്മീറില്‍ ശക്തമായ ഒരു സൈനികത്താവളവും കോട്ടയും 1570ല്‍ അക്ബര്‍ ചക്രവര്‍ത്തി നിര്‍മിച്ചു. ഇന്നോളം അക്ബര്‍ കോട്ടയെന്നറിയപ്പെട്ട ഈ കോട്ടയെ രാജസ്ഥാന്‍ ഗവണ്‍മെന്റ് രണ്ടു വര്‍ഷം മുന്‍പ് അജ്മീര്‍ കോട്ടയും മ്യൂസിയവും എന്നു പുനര്‍നാമകരണം ചെയ്തിരിക്കുകയാണ്. അവിടത്തെ വിദ്യാഭ്യാസ മന്ത്രി, അക്ബര്‍ ചക്രവര്‍ത്തിയെ ഒരു ഭീകരനെന്നു വിശേഷിപ്പിക്കുകയും ചെയ്ത പത്രറിപ്പോര്‍ട്ടുകള്‍ കാണാം. ഇതിനുകുറേ മുന്‍പ് തന്നെ അക്ബറെ മതഭ്രാന്തനെന്നും മറ്റുമുള്ള പല പ്രസ്താവനകള്‍ പലരും
പുറത്തിറക്കിയിരുന്നു. ഭരണകൂടത്തിന്റെ നേതൃത്വത്തില്‍തന്നെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ഈ പ്രവര്‍ത്തനങ്ങളിലൂടെ ബി.ജെ.പി ഭരണകൂടങ്ങള്‍ ശക്തമായി നേതൃത്വം നല്‍കുന്നത്. താജ്മഹല്‍ ഇസ്‌ലാമിക ഭരണത്തിനു മുന്‍പ് തന്നെ നിലവില്‍ വന്ന സ്മാരകമാണെന്ന ആശയം മുന്‍പ് തന്നെ ഇവിടെ പ്രചരിപ്പിച്ചിരുന്നു.
രാജസ്ഥാനിലെ സ്‌കൂള്‍ ചരിത്രങ്ങളില്‍നിന്ന് മുന്‍പ് അക്ബറെ പുറത്താക്കിയതായി അറിയാവുന്നതാണ്. റാണാ പ്രതാ
പുമായി ഹല്‍ദീ ഘട്ടില്‍ നടന്ന യുദ്ധത്തില്‍ അക്ബര്‍ തോറ്റുപിന്‍മാറുകയായിരുന്നുവെന്നും അവര്‍ പഠിപ്പിക്കുന്നു. ഇവര്‍ക്കിടയിലെ യുദ്ധങ്ങള്‍ കേന്ദ്രീയ ഭരണവും പ്രാദേശിക ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടലുകളായി കണ്ടെത്താതെ പുതിയ വ്യാഖ്യാനം വഴി മതശക്തികളുടെ കാഴ്ചപ്പാടില്‍ വ്യാഖ്യാനിക്കുവാനും ചരിത്രസ്മാരകങ്ങളുടെ പുനര്‍നാമകരണത്തിലേക്കു നീങ്ങുവാനുമുള്ള ഭരണനേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒന്നിച്ചു ചെറുക്കേണ്ടത് ഒരാവശ്യമാണ്. ഇതാകട്ടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ ഒരുനോക്കുകുത്തിയാക്കി മാറ്റുകയാണ്.
കേരളത്തില്‍ ഒരു ഘട്ടത്തില്‍ നടന്ന രണ്ടു സംഭവങ്ങള്‍ മറ്റൊരു വിധത്തില്‍ ഇവിടെ ഉദാഹരിക്കട്ടെ. പാലക്കാട് ടിപ്പുവിന്റെ കോട്ടയിലും ബേക്കല്‍ കോട്ടയിലും സമ്പൂര്‍ണ ആരാധനാക്രമങ്ങളുള്ള ഹനുമാന്‍ അഥവാ മാരുതിയുടെ ക്ഷേത്രങ്ങള്‍ പാര്‍ശ്വഭാഗങ്ങളില്‍ ഉയര്‍ന്നുവന്നതുകാണാം. പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഇത്തരം ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഈ തലമുറയില്‍പ്പെട്ടവര്‍ക്കു അറിയാവുന്നതാണ്. ഹൈന്ദവരായ പടയാളികള്‍ യുദ്ധത്തിനും മറ്റും പോകുമ്പോള്‍ മാരുതിക്കു നടത്തുന്ന പൂജയെ അഥവാ വ്യക്തിഗത
പ്രാര്‍ഥനയെ ഇന്നത്തെ നിലയില്‍ ക്ഷേത്രമായി വികസിപ്പിച്ചെടുത്തത് ആര്‍ക്കിയോളജി വകുപ്പിന്റെ മൗനാനുവാദത്തോടെ നിയമവിരുദ്ധമായിട്ടാണെന്നു പറയാം.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റെ തിരുത്തലുകളായി രൂപാന്തരപ്പെടുമെന്നു തീര്‍ച്ചയാണ്. അവ വര്‍ഗീയതയെയും ഫാസിസത്തെയും വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു. എണ്‍പതുകളില്‍ ചരിത്രപുസ്തകങ്ങളിലെ വര്‍ഗീയ സ്വഭാവം കണ്ടെത്തുവാന്‍ പാര്‍ലമെന്റ് ബിപിന്‍ ചന്ദ്ര കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആ കമ്മിറ്റിക്കുവേണ്ടി ഗുജറാത്തിലെ ഒന്‍പത്,10 ക്ലാസുകളിലെ പാഠപുസ്തകം പരിശോധിച്ചപ്പോള്‍ അവ പൂര്‍ണമായും ഹൈന്ദവ വര്‍ഗീയ പ്രചാരണത്തിന്റെ ഉപകരണങ്ങളായിട്ടാണ് കാണാന്‍ കഴിഞ്ഞത്. ശിവജി- അഫ്‌സുല്‍ ഖാന്‍ സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും ഹൈന്ദവവും ഇസ്‌ലാമികവുമായ മതസംഘര്‍ഷങ്ങളായിട്ടാണ് അവിടെ ചരിത്രം പഠിപ്പിച്ചത്. ആ തലമുറ വളര്‍ന്നുവന്നപ്പോള്‍ ഏറ്റവും ശക്തമായ ഒരു വര്‍ഗീയ കലാപത്തിനു നേതൃത്വം കൊടുക്കുകയും ചെയ്തു.
ചരിത്രസ്മാരകങ്ങളെ തിരുത്തുകയും മതപരമായ വ്യാഖ്യാനങ്ങള്‍ വഴി ചരിത്ര സമീപനത്തെ കളങ്കപ്പെടുത്തുകയും ചെയ്യുന്ന ഭരണാധികാരികള്‍ തീകൊണ്ടുകളിക്കുകയും ഈ രാഷ്ട്രത്തിന്റെ ജനാധിപത്യത്തെയും പൈതൃകത്തെയും ഇല്ലാതാക്കുകയും ചെയ്യുകയാണെന്നു ചരിത്രത്തിന്റെ വിജ്ഞാനം ഉപയോഗിച്ചുകൊണ്ട് താക്കീതു ചെയ്യുവാനാഗ്രഹിക്കുന്നു. എല്ലാ ശാസ്ത്രത്തേക്കാളും വിവേകമുറ്റതാണ് ചരിത്ര ശാസ്ത്രമെന്നവര്‍ മനസിലാക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."