ദേശീയപാത വികസനം ഭൂമി ഏറ്റെടുക്കല്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കണം
കണ്ണൂര്‍: ദേശീയപാത വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നിര്‍ദേശം. ദേശീയപാത വികസനം സംബന്ധിച്ച് ഉദ്യോഗസ്ഥ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ മുഴുവന്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളും പൂര്‍ത്തിയാക്കാനാകണം. ജില്ലയില്‍ 22 വില്ലേജിനകത്ത് ഭൂമി ഏറ്റെടുക്കല്‍ ആവശ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 500 കോടി രൂപയാണ് അഴീക്കല്‍ തുറമുഖ വികസനത്തിന് അനുവദിച്ചിട്ടുളളത്. ഇതിന്റെ യഥാര്‍ഥ ഗുണഫലം പാതവികസനംകൊണ്ടേ സാധ്യമാവൂയെന്നും മന്ത്രി പറഞ്ഞു.
കരിവെളളൂര്‍-മൊറാഴ, കുഞ്ഞിമംഗലം-ചെറുതാഴം, കണ്ണൂര്‍ ബൈപ്പാസ് റോഡുകളില്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നാല് തഹസില്‍ദാര്‍മാരുടെ കീഴില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കലക്ടര്‍ പി ബാലകിരണ്‍ യോഗത്തെ അറിയിച്ചു. കഴിയാവുന്നത്ര കെട്ടിടങ്ങളെയും പൊതുസ്ഥലങ്ങളെയും ഒഴിവാക്കിയാണ് ഭൂമി ഏറ്റെടുക്കുക. വയലുകള്‍ ഉള്ള ഇടങ്ങളില്‍ മണ്ണിട്ട് ഉയര്‍ത്തിയും ആരാധനാലയങ്ങളില്‍ നിന്ന് മാറിയും രൂപരേഖ തയാറാക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ചും ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുമുളള ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കണമെന്ന് ജയിംസ് മാത്യു എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം കൈമാറ്റം ചെയ്യപ്പെട്ടതും ഏറ്റെടുത്തതുമായ സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച വിവരങ്ങളും ബോധ്യപ്പെടണമെന്ന് എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ദേശീയപാത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."