ഡയമണ്ട് ലീഗില്‍ മികച്ച പ്രകടനവുമായി ഖത്തര്‍
ദോഹ: ദോഹ ഡയമണ്ട് ലീഗില്‍ മികച്ച പ്രകടനവുമായി ഖത്തര്‍. രണ്ടു വിജയവും ഒരു മൂന്നാംസ്ഥാനവുമായി ഡയമണ്ട് ലീഗുകളിലെ ഏറ്റവും മികച്ച പ്രകടനമാണ് കഴിഞ്ഞദിവസം ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ സുഹൈം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ഖത്തര്‍ ടീം പുറത്തെടുത്തത്.
മുതാസ് ബര്‍ഷിം ഹൈജമ്പിലും അബ്ദുറഹ്മാന്‍ സാംബ 400 മീറ്റര്‍ ഹര്‍ഡില്‍സിലും ഒന്നാമതെത്തി പുതിയ ഡയമണ്ട് ലീഗ് സീസണില്‍ വിജയത്തുടക്കംകുറിച്ചു.
സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇതാദ്യമായാണ് ബര്‍ഷം മികച്ച പ്രകടനം പുറത്തെടുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
റിയോ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ ബര്‍ഷിം ദോഹ ലീഗില്‍ 2.36 മീറ്ററാണ് മറികടന്നത്. റിയോ ഒളിമ്പിക്‌സിലും ഇതേ ഉയരം മറികടന്നായിരുന്നു ബര്‍ഷിം മെഡല്‍ നേടിയത്. കഴിഞ്ഞ വര്‍ഷം സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൗസന്നെയില്‍ നടന്ന ഡയമണ്ട് ലീഗിലും മുതാസ് ഒന്നാമതെത്തിയിരുന്നു.
ഹൈജമ്പിലെ ഖത്തറിന്റെ മറ്റു താരങ്ങളായ അന്‍ദു നൂഹ് 2.15 മീറ്റര്‍ മറികടന്ന് പത്താമതും മുഹമ്മദ് ഹംദി 11ാം സ്ഥാനത്തുമെത്തി.
യുകെയുടെ റോബര്‍ട്ട് ഗ്രബാര്‍സ് 2.31 മീറ്റര്‍ ചാടി രണ്ടാം സ്ഥാനവും ബഹ്മാസിന്റെ ഡോണള്‍ഡ് തോമസാണ് 2.29 മീറ്റര്‍ മറികടന്ന് മൂന്നാംസ്ഥാനവും നേടി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അബ്ദുറഹ്മാന്‍ സാംബ 48.44 സെക്കന്‍ഡിലാണു ഫിനീഷ് ചെയ്തത്.
യുഎസിന്റെ കെറോണ്‍ ക്‌ളെമന്റ്, ദക്ഷിണാഫ്രിക്കയുടെ വാന്‍ സില്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഖത്തറിന്റെ തന്നെ മുഹമ്മദ് ഷയിബ് ആറാമതെത്തി. ട്രിപ്പിള്‍ ജംപില്‍ ഇന്ത്യയുടെ മലയാളി താരം രഞ്ജിത് മഹേശ്വരിയ്ക്ക് 14.77 മീറ്റര്‍ ചാടി ഒന്‍പതാമതെത്താനെ കഴിഞ്ഞുള്ളു. യുഎസ് താരങ്ങളായ ക്രിസ്ത്യന്‍ ടെയ്‌ലറും ഒമാര്‍ ക്രാഡോക്കുമാണു ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയത്.
പുരുഷന്മാരുടെ നൂറു മീറ്ററില്‍ ഖത്തറിന്റെ ഫെമി ഒഗുനോഡെ മൂന്നാമതെത്തിയതാണ് മറ്റൊരു ശ്രദ്ധേയ നേട്ടം. റിയോ ഒളിമ്പിക്‌സ് വെള്ളി, വെങ്കല മെഡല്‍ ജേതാക്കളെ പിന്തള്ളിയാണ് ഒഗുനോഡെയുടെ നേട്ടം.
കരുത്തര്‍ അണിനിരന്ന പോരാട്ടത്തിലാണ് ഒഗുനോഡെ 10.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മൂന്നാംസ്ഥാനത്തെത്തിയത്. കഴിഞ്ഞ ഡയമണ്ട് ലീഗിലും ഫെമിക്കായിരുന്നു മൂന്നാംസ്ഥാനം. ദക്ഷിണാഫ്രിക്കയുടെ അകലാനി സിംബിന്‍ 9.99 സെക്കന്‍ഡില്‍ ഒന്നാമതായി ഫിനീഷ് ചെയ്തു. ഡയമണ്ട് ലീഗ് ജേതാവും മുന്‍ ലോക ചാമ്പ്യനുമായ ജമൈക്കയുടെ അസഫ പവല്‍ രണ്ടാമതെത്തി (10.08 സെക്കന്റ്). റിയോ ഒളിമ്പിക്‌സില്‍ വെള്ളി നേടിയ യുഎസിന്റെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ നാലാമതും റിയോയില്‍ വെങ്കലം നേടിയ കാനഡയുടെ ആന്‍ഡ്രെ ഡി ഗ്രാസ് അഞ്ചാമതുമെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."