രോഗാവസ്ഥയിലും കയറിക്കിടക്കാന്‍ വീടില്ലാതെ യുവാവും കുടുംബവും
തുവ്വൂര്‍: അപൂര്‍വ രോഗം ബാധിച്ച യുവാവും കുടുംബവും വീടിനായി അധികൃതരുടെ കനിവ് തേടുന്നു. തുവ്വൂര്‍ ആലത്തൂര്‍ സ്വദേശി മുഹമ്മദ് റഷീദ് (ശിഹാബ് 39) ആണ് രോഗാവസ്ഥയിലും കയറി കിടക്കാന്‍ വീട്ടില്ലാതെ ദുരിതമനുഭവിക്കുന്നത്. തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന അപൂര്‍വ രോഗത്തിനടിമയാണ് 39കാരനായ മുഹമ്മദ് റഷീദ്. രോഗത്തിനൊപ്പം ഭാര്യയും, രണ്ടു പിഞ്ചു കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിന് വീടില്ലാത്തത് കൂടുതല്‍ ദുരിതമായി മാറുകയാണ്.
തുവ്വൂരിലെ ചായക്കടയില്‍ ജോലി ചെയ്ത് വരികയായിരുന്ന റഷീദിന് ഒന്‍പത് വര്‍ഷം മുന്‍പാണ് തലച്ചോര്‍ സംബന്ധമായ അപൂര്‍വ രോഗം പിടിപെടുന്നത്. ഇതോടെ ജോലിക്ക് പോകാന്‍ കഴിയാതായി. സഹോദരങ്ങളുടെ കാരുണ്യത്തിലാണ് നിത്യവൃത്തിക്കുള്ള വക ലഭിച്ചുകൊണ്ടിരിക്കുന്നത്.
രോഗം മൂലം പലപ്പോഴും ബോധക്ഷയം, ഓര്‍മ നഷ്ടപെടല്‍, ശരീര തളര്‍ച്ച എന്നിവ അനുഭവപ്പെടുകയാണ്. ഇപ്പോള്‍ റഷീദും കുടുംബവും താമസിക്കുന്നത് പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മേഞ്ഞ ഒരു താല്‍ക്കാലിക കൂരയിലാണ്. സാമാന്യം ഭേദപ്പെട്ട ഒരു മഴയില്‍ തകരാവുന്ന കുരയാണിത്.
തുവ്വൂര്‍ പഞ്ചായത്ത് നാലു വര്‍ഷം മുന്‍പ് വീട് നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇല്ലാത്ത കാശ് മുടക്കി കുടുംബ വകയായി ലഭിച്ച അഞ്ചു സെന്റ് സ്ഥലത്ത് തറ നിര്‍മിച്ചെങ്കിലും പിന്നീട് അധികൃതരുടെ ഇടപെടല്‍ ഉണ്ടായില്ല. തുടര്‍ന്ന് കാളികാവ് ബ്ലോക്ക് പഞ്ചായത്തിലും, എ.പി അനില്‍കുമാര്‍ എം.എല്‍.എക്കും നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയും വീടിനായി ഉണ്ടായില്ല.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലാണ് ചികിത്സയെങ്കിലു മരുന്നിനും മറ്റുമായി ഭാരിച്ച തുക തന്നെ ആവശ്യമാണ്. അതിനിടയിലാണ് വീടില്ലാത്ത ദുരിതം ഈ കുടുംബത്തെ വേട്ടയാടുന്നത്. അപൂര്‍വ രോഗം മൂലം അവശതയനുഭവിക്കുമ്പോഴും റഷീദിന് ഒരേയൊരു സ്വപ്നം മാത്രമേയൊള്ളു. ഭാര്യ ഷംസീനയ്ക്കും മക്കളായ എട്ടുവയസുകാരന്‍ മുഹമ്മദ് ഷാനും, ഫാത്തിമ ഷബയ്ക്കും കയറി കിടക്കാന്‍ സുരക്ഷിതമായൊരു വീട്. ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ആരെങ്കിലും കനിയുമെന്ന പ്രതീക്ഷയിലാണ് റഷീദും കുടുംബവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."