രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിലെ വിലക്ക് നീക്കി
ന്യൂഡല്‍ഹി: ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പൊലിസ് കമ്മിഷണര്‍ രാജീവ് കുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നതിലെ താല്‍ക്കാലിക വിലക്ക് സുപ്രിംകോടതി നീക്കി. അപ്പീല്‍ നല്‍കാനും മറ്റും രാജീവ് കുമാറിന് കോടതി ഏഴു ദിവസം സമയം അനുവദിച്ചു. അതിനുശേഷം നിയമാനുസൃത നടപടികളുമായി സി.ബി.ഐയ്ക്ക് മുന്നോട്ടു പോകാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.
രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാനുള്ള അവസരമായി ഉത്തരവിനെ സി.ബി.ഐ കാണരുതെന്നും എല്ലാം നിയമാനുസൃതമായി മാത്രമേ പോകാവൂ എന്നും കോടതി പറഞ്ഞു. ഫെബ്രുവരിയിലാണ് സുപ്രിംകോടതി രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.
കൊല്‍ക്കത്ത പൊലിസ് കമ്മിഷണറായിരിക്കെ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ സംഘം ശ്രമിക്കുകയും പൊലിസ് തടയുകയും ചെയ്ത സംഭവങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇത്. രാജീവ് കുമാര്‍ സി.ബി.ഐയുമായി സഹകരിക്കണമെന്നും ബംഗാളിന് പുറത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, രാജീവ് കുമാര്‍ മതിയായ രീതിയില്‍ സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ ഏപ്രിലില്‍ കോടതിയെ സമീപിച്ചു.
ശാരദാ ചിട്ടിതട്ടിപ്പ് കേസ് തുടക്കത്തില്‍ അന്വേഷിച്ച രാജീവ് കുമാര്‍ കേസിലെ തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് സി.ബി.ഐ ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട പല സുപ്രധാന രേഖകളും രാജീവ് കുമാറിന്റെ കൈവശമുണ്ടെന്നും അത് കൈമാറുന്നില്ലെന്നും ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ രാജീവ് കുമാര്‍ തെളിവു നശിപ്പിച്ചതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാനായിരുന്നു കോടതി സി.ബി.ഐയോട് നിര്‍ദേശിച്ചത്. മമതാ ബാനര്‍ജിയുടെ സ്വന്തക്കാരനായി അറിയപ്പെടുന്ന രാജീവ് കുമാറിനുവേണ്ടി മമത തന്നെ പരസ്യമായി രംഗത്തിറങ്ങിയത് ഇതിന് രാഷ്ട്രീയ മാനം കൈവരാനും കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."