ജനസാഗരമായി തിരുനാള്‍ പ്രദക്ഷിണം
എടത്വ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനപള്ളിയിലെ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഇന്നലെ വൈകിട്ട് നാലിനാണ് തിരുനാള്‍ പ്രദക്ഷിണം നടന്നത്.
ആണ്ടിലൊരിക്കല്‍ മാത്രം പള്ളിയില്‍ നിന്നു പുറത്തേയ്‌ക്കെടുക്കുന്ന രൂപം ദര്‍ശിക്കുന്നതിന് ഭക്തര്‍ തിക്കിത്തിരക്കി. പ്രദക്ഷിണത്തിന് നേതൃത്വം നല്‍കിയത് തമിഴ്‌നാട്ടിലെ കന്യാകുമാരി ചിന്നമുട്ടം തുറക്കാരാണ്. പ്രദക്ഷിണത്തിന് രൂപങ്ങള്‍ വഹിക്കുന്നതും കുരിശുകളും മുത്തുകുടകളും എടുക്കുന്നതും അവര്‍ക്കുള്ള അവകാശമാണ്. ആദ്യം വിശുദ്ധന്റെ കൊടിയും പിന്നില്‍ നൂറ് കണക്കിന് മുത്തുകുടകളും വിശുദ്ധരുടെ രൂപങ്ങളും പൊന്‍, വെള്ളി കുരിശുകളും മെഴുകുതിരികളും പ്രദക്ഷിണ വീഥിയില്‍ അണിചേര്‍ന്നു. ഏറ്റം അവസാനമായാണ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അത്ഭുതരൂപം പുറത്തേക്ക് എഴുന്നള്ളിച്ചത്.
ഫാ. ജിബിന്‍ കേഴപ്ലാക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ധര്‍മ്മപുരി രൂപതാ മെത്രാന്‍ റവ. ഡോ. ലോറന്‍സ് പയസിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന് ആഘോഷമായ തമിഴ് കുര്‍ബാനയും നടന്നു.
വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍, അസ്സി. വികാരിമാരായ ഫാ. വര്‍ഗീസ് പുത്തന്‍പുര, ഫാ. ആന്റണി തേവാരില്‍, ഫാ. വര്‍ഗീസ് ഇടച്ചേത്ര, ഫാ. ജോസ് പുത്തന്‍ചിറ, ഫാ. തോമസ് കാട്ടൂര്‍, ഫാ. ജോര്‍ജ് ചക്കുങ്കല്‍, ഫാ. വില്‍സണ്‍ പുന്നക്കാലയില്‍, ഫാ. റോജിന്‍ തുണ്ടിപ്പറമ്പില്‍, കൈക്കാരന്മാരായ വര്‍ഗീസ് എം.ജെ മണക്കളം, വിന്‍സെന്റ് തോമസ് പഴയാറ്റില്‍, പി.ഡി. ആന്റണി പഴയമഠം, ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യു കണ്ടത്തില്‍, ജോയിന്‍ കണ്‍വീനര്‍മാരായ ജയന്‍ ജോസഫ് പുന്നപ്ര, കുരുവിള ജോസഫ് പുന്നാടംപാക്കല്‍, ഡോ. ജോച്ചന്‍ ജോസഫ്, റാംസെ ജെ.ടി, പ്രൊഫ. ജോജോ റ്റി. ചേന്ദംകര, ബിനോയി ഉലക്കപാടില്‍, ആന്റോ അല്‍ഫോന്‍സ് പറപറമ്പില്‍, മറിയാമ്മ സ്‌കറിയാ കല്ലുപറമ്പില്‍, ആനിമ്മ മാത്യു ഉലക്കപാടില്‍, പ്രൊഫ. ജെറോം പി.വി മനോജ് മാത്യു പുത്തന്‍വീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മെയ് 14 നാണ് എട്ടാമിടം. വൈകിട്ട് നാലുമണിക്ക് ചെറിയരൂപം എഴുന്നള്ളിച്ചുകൊണ്ട് കുരിശടിയിലേയ്ക്ക് നടക്കുന്ന പ്രദക്ഷിണത്തിനെ തുടര്‍ന്ന് കൊടിയിറങ്ങും. അന്ന് രാത്രി 9.30 ന് തിരുസ്വരൂപം നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ കാലത്തിന് സമാപനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."