കുന്നത്തുനാട് താലൂക്കില്‍ പ്രളയത്തില്‍ വെള്ളത്തിലായത് പതിനായിരം വീടുകള്‍
പെരുമ്പാവൂര്‍ : കുന്നത്തുനാട് താലൂക്കില്‍ പ്രളയം മൂലം വെള്ളത്തിലായത് പതിനായിരം വീടുകള്‍. റവന്യു വകുപ്പ് പ്രളയം ബാധിച്ച 19 വില്ലേജുകളില്‍ നിന്നു ശേഖരിച്ച കണക്കിലാണ് പതിനായിരം വീടുകളില്‍ വെള്ളം കയറിയതായുള്ള വിവരം. പതിനായിരം രൂപ വീതം ദുരിതാശ്വാസ സഹായം നല്‍കുന്നതിനായി 10 കോടി രൂപ ബാങ്കുകള്‍ക്കു കൈമാറിയിട്ടുണ്ട്. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ പ്രളയം ബാധിച്ചത്. ആറു പഞ്ചായത്തുകളിലായി 6350 വീടുകളില്‍ വെള്ളം കയറിയെന്നാണ് ഏകദേശ കണക്ക്.
ഈ പഞ്ചായത്തുകളിലെ 98 വാര്‍ഡുകളില്‍ 55 വാര്‍ഡുകളെയാണു പ്രളയം ഏറെ ബാധിച്ചത്. 36 ഓളം ക്യാംപുകള്‍ ഇവിടെ പ്രവര്‍ത്തിച്ചു. ഒക്കല്‍, കൂവപ്പടി, വേങ്ങൂര്‍, മുടക്കുഴ പഞ്ചായത്തുകളെയാണു വെള്ളപ്പൊക്കം കൂടുതലായി ബാധിച്ചത്. ഒക്കലില്‍ 3700 വീടുകളിലും കൂവപ്പടിയില്‍ 2118, മുടക്കുഴയില്‍ 255 , വേങ്ങൂരില്‍ 211 വീടുകളിലും വെള്ളം കയറി. അശമന്നൂരില്‍ 15, രായമംഗലത്ത് 51 വീടുകളിലും വെള്ളം കയറി നാശ നഷ്ടമുണ്ടായി. ഇവിടെയെല്ലാം പതിനായിരം രൂപ വിതരണം നടന്നു വരികയാണ്.
ഇതില്‍ ചില വീടുകളില്‍ നിന്നു രണ്ടു പേരുകള്‍ രേഖപ്പെടുത്തിയത് റവന്യു വകുപ്പിന്റെ ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ട്. ഇവ വീണ്ടും പരിശോധിച്ച് ഉറപ്പാക്കിയ ശേഷമായിരിക്കും പണം നല്‍കുക. പ്രളയബാധിത വീടുകളില്‍ 12500 കിറ്റുകള്‍ വിതരണം ചെയ്തു. 30000 കിറ്റുകളാണു കുന്നത്തുനാട് താലൂക്കില്‍ തയാറാക്കിയത്. ഇതില്‍ 17500 കിറ്റുകള്‍ പറവൂര്‍, ആലുവ മേഖലയിലെ പ്രളയ ബാധിത മേഖലയില്‍ വിതരണം ചെയ്തു. വെള്ളം കയറി പ്രവര്‍ത്തനം നിലച്ച ചേലാമറ്റം, തുടങ്ങിയ വില്ലേജുകളില്‍ ഓഫിസ് പ്രവര്‍ത്തനം തുടങ്ങി.
വെള്ളം കയറി ഫയലുകളും കംപ്യൂട്ടര്‍ അടക്കം ഉപകരണങ്ങളും നശിച്ചതിനാല്‍ ഒരു മാസമായി പ്രവര്‍ത്തനമില്ലാതിരിക്കുകയായിരുന്നു. ബദല്‍ സംവിധാനത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവില്ലാത്തതിനാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലായിരുന്നു. പ്രളയബാധിതരുടെ അപേക്ഷകള്‍ സ്വീകരിക്കാന്‍ ഒക്കല്‍ എസ്എന്‍ സ്‌കൂളില്‍ ചേലാമറ്റം വില്ലേജ് ഒരു ദിവസം പ്രവര്‍ത്തിച്ചു.
റോഡ് നിരപ്പിനു താഴെ നിര്‍മിച്ചിരിക്കുന്ന ഓഫിസ് ചെറിയ മഴ പെയ്താല്‍പോലും വെള്ളം കയറുന്ന അവസ്ഥയിലാണ്. ഓഫിസ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."