ആംബുലന്‍സിന്റെ എന്ജിന് മാറ്റിയത് തന്നെ, സ്ഥിരീകരണവുമായി ഫോറന്‍സിക് റിപോര്‍ട്ട്
കുമളി: കുമളി സര്‍ക്കാര്‍ ആശുപത്രിയുടെ ആംബുലന്‍സിന്റെ എന്ജിന് മാറ്റിയെന്ന ആക്ഷേപം ശരിവച്ച് ഫോറസിക് റിപോര്‍ട്ട്. 2014ല്‍ കുമളി ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു വാങ്ങി നല്കിയ ആംബുലന്‍സിന്റെ എന്ജിന് മോഷണം പോയതായി അടുത്തിടെയാണ് ആരോപണം ഉയര്‍ന്നത്.
ഒന്നരവര്‍ഷം മുമ്പ് യാത്രക്കിടെ ഈ വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി വിവിധ വര്‍ക്ക്ഷോപ്പുകളിലേക്ക് മാറ്റിയിരുന്നു. പണികള്‍ പൂര്‍ത്തിയാക്കിയ ആംബുലന്‍സ് അടുത്തിടെയാണ് ടെസ്റ്റിങ്ങിനായി പീരുമേട്ടില്‍ എത്തിച്ചത് അപ്പോഴാണ് എന്ജിന് നമ്പരിലുള്ള വ്യത്യാസം മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഇക്കാര്യം പഞ്ചായത്ത് അംഗം ഷാജിമോന്‍ ശ്രീധരന് നായര്‍ കമ്മിറ്റിയില്‍ വിഷയം ഉന്നയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇതിനെ തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഡോ. അജിത്കുമാര്‍ പൊലിസില്‍ പരാതി നല്കി. ഇതോടെ ജൂലൈ 26ന് കോട്ടയം ഫോറന്‍സിക് വിദഗ്ധര്‍ കുമളിയിലെത്തി ആംബുലന്‍സ് പരിശോധിച്ചിരുന്നു. ഇതു സംബന്ധിച്ച റിപോര്‍ട്ട് ഫോറന്‍സിക് വിഭാഗം കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥനായ കുമളി എസ്ഐ പ്രശാന്ത് പി നായര്‍ക്ക് കൈമാറിയിരുന്നു. ആംബുലന്‍സില്‍ മറ്റൊരു വാഹനത്തിന്റെ എന്‍ജിനാണ് ഘടിപ്പിച്ചിട്ടുള്ളതെന്നുമാണ് റിപോര്‍ട്ടില്‍ പറയുന്നത്. മറ്റേതോ വാഹനത്തിന്റെ എന്ജിന് ആംബുലന്‍സിന്റെ ഘടിപ്പിച്ച് അവിടെ യഥാര്‍ഥ നമ്പര്‍ കൊത്തിച്ചേര്ക്കുകയാണ് ചെയ്തിട്ടുള്ളത്.
എന്ജിന് മാറ്റിയതാണെന്നുള്ള റിപോര്‍ട്ട് ലഭിച്ചതോടെ അന്വേഷണം ഊര്‍ജിതപ്പെടുത്താനാണ് പൊലിസിന്റെ തീരുമാനം.അന്ന് ആംബുലന്‍സിലെ ജീവനക്കാരായിരുന്നവരേയും വര്‍ക്ഷോപ്പ് ജീവനക്കാരേയും കേന്ദ്രീകരിച്ചാവും അന്വേഷണം നടത്തുകയെന്നാണു സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."