'കോള്‍തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണം'
തളിപ്പറമ്പ്: വളപട്ടണം പുഴയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കോള്‍തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാ പ്രശ്‌നത്തിന് ഉടന്‍ പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലം ഉള്‍പ്പെടെ നാന്നൂറ് മീറ്റര്‍ റോഡ് നിര്‍മിച്ചാല്‍ ഇവിടത്തെ യാത്രാ പ്രശ്‌നത്തിന് പരിഹാരമാകുമെങ്കിലും കാലങ്ങളായി നാട്ടുകാര്‍ ദുരിതമനുഭവിക്കുകയാണ്.
വളപട്ടണം പുഴയോരത്തെ ജനവാസമുള്ള നാല് തുരുത്തുകളില്‍ ഒന്നാണ് ആന്തൂര്‍ നഗരസഭയിലെ കോള്‍തുരുത്ത്. ചെറു വാഹനങ്ങള്‍ക്കു മാത്രം കടന്നുപോകാന്‍ പാകത്തിലുള്ള പാലം മാത്രമാണ് എണ്‍പതോളം കുടുംബങ്ങള്‍ക്ക് ദ്വീപില്‍നിന്ന് പുറത്തുകടക്കാന്‍ ഏക ആശ്രയം. പാലം ഉള്‍പ്പെടെ നാന്നൂറ് മീറ്റര്‍ റോഡ് നിര്‍മിച്ചാല്‍ ദ്വീപിലേക്ക് എല്ലാ വാഹനങ്ങള്‍ക്കും എത്തിച്ചേരാനാകും.
ഭൂരിഭാഗം ആളുകളും കാല്‍നടയായി കോള്‍മൊട്ടയില്‍ എത്തിച്ചേര്‍ന്നാണ് ബസുകളില്‍ യാത്രചെയ്യുന്നത്. അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ ഫയര്‍ഫോഴ്‌സിനോ പൊലിസിനോ ആബുലന്‍സുകള്‍ക്കോ എത്തിച്ചേരാനും ബുദ്ധിമുട്ടാണ്.
നണിശ്ശേരി പാലത്തിനു സമീപത്തുനിന്ന് തുരുത്തിന്റെ വടക്കേമുനമ്പ് ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ക്ക് പ്രവേശിക്കാനുതകുന്ന പുതിയ പാലവും റോഡും നിര്‍മിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. നണിശ്ശേരി പാലം ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോള്‍ ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് പാലത്തിന്റെ സാധ്യതകളെ കുറിച്ച് ഇറിഗേഷന്‍ വകുപ്പ് പരിശോധന നടത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."