കെഎസ്ആര്‍ടിസി ബസില്‍നിന്നു കുഴല്‍പ്പണവും സ്വര്‍ണവും വിദേശ മദ്യവും പിടികൂടി
പാലക്കാട്: അയല്‍ സംസ്ഥാനത്തില്‍നിന്നും വാളയാര്‍ ചെക്പോസ്റ്റ് വഴി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവും വ്യാജമദ്യവും കുഴല്‍പ്പണവും പിടികൂടി. പാലക്കാട് - കോയമ്പത്തൂര്‍ ദേശീയപാതയില്‍ ബിപിഎല്‍ കൂട്ടുപാത ജംഗ്ഷനില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് കെഎസ്ആര്‍ടിസി ബസില്‍ നിന്നു 30 ലക്ഷം രൂപയുടെ കുഴല്‍പ്പണവും രണ്ടു കിലോ സ്വര്‍ണവും 25 കിലോ വെള്ളിയും എട്ടു ലീറ്റര്‍ വിദേശ മദ്യവും പിടികൂടിയത്.
ഇന്നലെ പുലര്‍ച്ചെ നാലരയോടെയായിരുന്നു പരിശോധന. കോയമ്പത്തൂരില്‍നിന്ന് തൃശൂരിലേക്ക് വരുകയായിരുന്ന അന്തര്‍ സംസ്ഥാന കെ.എസ്.ആര്.ടി.സി ബസില്‍ നിന്നാണു പണവും സ്വര്‍ണവും പിടികൂടിയത്. പണം കടത്തിയ കേസില്‍ കോഴിക്കോട് സ്വദേശിയായ അഷറഫിനെ അറസ്റ്റു ചെയ്തു.
സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ കടത്തികൊണ്ടുവന്ന വിനോദ്, ബിജു, വേദമൂര്‍ത്തി എന്നിവരെ തുടര്‍ നടപടികള്‍ക്കായി വാണിജ്യനികുതി വകുപ്പിന് കൈമാറിയിട്ടുണ്ട്. മദ്യം കടത്തിയ പ്രതി രവികുമാറിനെ എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറുകയും ചെയ്തു.
സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി.ശ്രീകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ.രൂപേഷ്, എക്സൈസ് ഓഫീസര്‍മാരായ പ്രസന്നന് സതീഷ്, ഡ്രൈവര്‍ ലൂക്കോസ് എന്നിവരടങ്ങുന്ന സംഘമാണ് വാഹന പരിശോധനക്ക് നേതൃത്വം നല്‍കിയത്. ഇതില്‍ സ്വര്‍ണ്ണവും വെള്ളിയും തൃശൂരിലേക്കും കോഴിക്കോട്ടേക്കുമുള്ളതാണെന്നാണ് പിടിയിലായവര്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുള്ളത്.
ഇവക്കു മാത്രം ഏകദേശം ഒരു കോടിയോളം രൂപ വിലവരും. പിടികൂടിയ 30 ലക്ഷം രൂപയുടെ ഹവാല പണം റവന്യൂ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."