സൗഹൃദത്തിന്റെ ജനകീയ കൂട്ടായ്മയായി കാസര്‍കോട് മാരത്തണ്‍
കാസര്‍കോട്: ആരോഗ്യവും സൗഹൃദവും സന്ദേശമാക്കി 'ഗുഡ്‌മോണിങ് കാസര്‍കോട് ' സംഘടിപ്പിച്ച കാസര്‍കോട് മാരത്തണ്‍ ജനകീയ കൂട്ടായ്മയുടെ കരുത്തായി. അടുക്കത്ത്ബയല്‍ താളിപ്പടുപ്പ് മൈതാനത്തില്‍ നിന്നു തുടങ്ങി കാസര്‍കോട് നഗരസഭാ സ്റ്റേഡിയത്തില്‍ സമാപിച്ച മാരത്തണില്‍ എഴുന്നൂറോളം പേര്‍ പങ്കെടുത്തു. പുരുഷ, വനിതാ വിഭാഗത്തില്‍ കോതമംഗലം സ്വദേശികളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയത്. ഇന്ത്യാ സ്‌പോര്‍ട്ടിനായി മത്സരിച്ച സി.പി ഷിജു, ആദര്‍ശ് ഗോപി, റിന്‍സ് സെബാസ്റ്റ്യന്‍ എന്നിവര്‍ പുരുഷ വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വനിതാ വിഭാഗത്തിലും ഇന്ത്യാ സ്‌പോട്ട് താരങ്ങളായ വൈ. നീതു, അനുമോള്‍ തമ്പി, ബില്‍ന ബാബു എന്നിവരാണ് വിജയികളായത്. ആദ്യ മൂന്ന് സ്ഥാനത്തെത്തിയവര്‍ക്ക് 10,000, 5000, 3000 രൂപയും ട്രോഫിയും മെഡലും നല്‍കി.
കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരുടെ മത്സരത്തില്‍ മണിപ്രസാദ്, രാഗേഷ്, കുഞ്ഞിരാമന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. 45 വയസിന് മുകളിലുള്ളവരില്‍ വി.എ ലിന്‍സണ്‍, കെ.വി ബാലചന്ദ്രന്‍, സുകുമാരന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. പങ്കെടുത്ത എല്ലാവര്‍ക്കും മെഡലും ജേഴ്‌സിയും നല്‍കി. താളിപ്പടുപ്പ് മൈതാനിയില്‍ ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബു, ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് മാരത്തണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന സമ്മാദനദാന ചടങ്ങ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഹാരിസ് ചൂരി അധ്യക്ഷനായി. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം കെ. ശ്രീകാന്ത്, ജില്ലാ പ്ലീഡര്‍ പി.വി ജയരാജന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ്, ടി.എ ഷാഫി എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
ഇന്ത്യന്‍ വ്യോമസേന ഫുട്‌ബോള്‍ ടീമംഗമായിരുന്ന, 1965, 1971 ഇന്ത്യാ- പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത അല്‍ത്താഫ് ഹുസൈന്‍, അന്തര്‍ദേശീയ കാര്‍ റാലി ചാംപ്യന്‍ മൂസ ഷെരീഫ്, കേരള രഞ്ജി ക്രിക്കറ്റ് ടീമംഗം മുഹമ്മദ് അസ്ഹറുദ്ദീന്‍, ബുള്ളറ്റില്‍ 15 ദിവസം കൊണ്ട് 2300 കിലോമീറ്റര്‍ ഹിമാലയന്‍ ഒഡീസി യാത്ര നടത്തിയ ആദ്യത്തെ കേരളാ വനിത പി.എന്‍ സൗമ്യ, മലേഷ്യയില്‍ നടന്ന ത്രോബോള്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീം അംഗമായ എം. യഷ്മിത, നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് അധ്യാപകനായി വിരമിച്ച എ.വി പവിത്രന്‍ എന്നിവരെ ആദരിച്ചു. മുഹമ്മദ് ഹാഷിം, ബാലന്‍ ചെന്നിക്കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."