കുടിവെള്ള സ്രോതസുകളില്‍ ഗുണനിലവാര പരിശോധന
കല്‍പ്പറ്റ: പ്രളയാനന്തരം സംസ്ഥാനത്തെ കുടിവെള്ളം തെളിനീരാക്കാന്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കര്‍മ്മ പദ്ധതി. ഇതിനായി വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കി.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതോടെ കുടിവെള്ള സ്രോതസുകള്‍ ഗുണനിലവാര പരിശോധന നടത്താന്‍ പരിശീലനം സിദ്ധിച്ച വളണ്ടിയര്‍മാരെ തദ്ദേശ വകുപ്പ് രംഗത്ത് ഇറക്കും.
നിലവില്‍ സംസ്ഥാനത്ത് 240482 കിണറുകളാണ് പ്രളയ ബാധിത പ്രദേശങ്ങളില്‍ ശുചീകരിക്കാനുള്ളതായി കണ്ടെത്തിയിട്ടുള്ളത്.
ആദ്യഘട്ടത്തില്‍ വയനാട് ജില്ലയില്ലെ കല്‍പ്പറ്റ മുനിസിപ്പാലിറ്റി, പടിഞ്ഞാറത്തറ പഞ്ചായത്ത് എന്നിവിടങ്ങളിലെ കിണറുകളില്‍ ഗുണനിലവാര പരിശോധന നടത്തും. കല്‍പ്പറ്റ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള 209 കുടിവെള്ള സ്രോതസുകളും, പടിഞ്ഞാറത്തറ പഞ്ചായത്തിന് കീഴില്‍ 296 കുടിവെള്ള സ്രോതസുകളും ഗുണനിലവാരപരിശോധന നടത്തും.
പിന്നീട് മറ്റ് മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലത്തില്‍ വ്യാപിപ്പിക്കും. 56 പരിശീലനം സിദ്ധിച്ച എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഇതിനായി രംഗത്തിറങ്ങും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് കുടിവെള്ള സ്രോതസുകളുടെ വിവരം ശേഖരിക്കുക.
കുടിവെള്ള ശുചീകരണത്തിനായി ഫീല്‍ഡ് കിറ്റുകള്‍ക്കും രൂപം തദ്ദേശ സ്വയംഭരണ വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. ഒരു കിറ്റ് ഉപയോഗിച്ച് 200ഓളം കുടിവെള്ള സ്രോതസുകളിലെ വെള്ളം പരിശോധിക്കാന്‍ സാധിക്കും.
കുടിവെള്ള സ്രോതസുകളിലെ കോളിഫോം ബാക്ടീരയുള്‍പ്പെടെയുള്ള അപകടകരമായ വസ്തുക്കളെ കണ്ടെത്താന്‍ ഈ കിറ്റുകള്‍ക്ക് കഴിയും.
ഫീല്‍ഡ് കിറ്റ് ഉപയോഗിച്ച് കുടിവെള്ളത്തിന്റെ ഗുണനിലവാരം തൃപ്തികരമായ സ്ഥിതിയില്‍ എത്തിയില്ലെങ്കില്‍ വീണ്ടും ക്ലോറിനേഷന്‍ നടത്താനാണ് പദ്ധതി.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, ഹരിതമിഷന്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം എന്നിവര്‍ ഈ കര്‍മ്മ പരിപാടിയില്‍ ഭാഗമാകും.
സംസ്ഥാനത്തിന്റെ കുടിവെള്ള സ്രോതസുകളുടെ പരിശോധനകള്‍ വളരെ വേഗം പൂര്‍ത്തിയാക്കുമെന്നും, ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മികച്ച ഇടപെടല്‍ നടത്തുമെന്നും മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."