ഹരിതകേരളം മിഷന്‍ പ്രളയ സ്ഥലങ്ങളില്‍ കിണര്‍വെളളത്തിന്റെ ഗുണനിലവാര പരിശോധന
തൃശൂര്‍ : ഹരിതകേരളം മിഷന്റെയും സംസ്ഥാന മലിനീകരണ ബോര്‍ഡിന്റെയും നേതൃത്വത്തില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ കിണറുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തുന്നു. ഈ മാസം 8, 9 തീയതികളിലാണ് പരിശോധന സംഘടിപ്പിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പും ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റും കേരള വാട്ടര്‍ അതോറിറ്റിയും സംരംഭത്തില്‍ പങ്കാളികളാണ്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനമുസരിച്ചാണ് കിണര്‍വെള്ള ഗുണനിലവാരപരിശോധന നടത്തുന്നത്. പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലോറിനേഷന്‍ നടത്തിയ കിണറുകളിലെ കുടിവെള്ളമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ആദ്യ ഘട്ടമായി പൈലറ്റ് അടിസ്ഥാനത്തില്‍ പ്രളയക്കെടുതി നേരിട്ട ആറ് ജില്ലകളിലെ ഒരു മുനിസിപ്പാലിറ്റിയുടേയും ഒരു പഞ്ചായത്തിലെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ 16232 കിണറുകളില്‍ നിന്നുള്ള വെള്ളമാണ് ഗുണനിലവാര പരിശോധനക്ക് വിധേയമാക്കുന്നത്.
ചെങ്ങന്നൂര്‍, തിരുവല്ല, വൈക്കം, നോര്‍ത്ത് പറവൂര്‍, ചാലക്കുടി, കല്‍പ്പറ്റ എന്നീ മുനിസിപ്പാലിറ്റികളും തലവടി, റാന്നി-അങ്ങാടി, തിരുവാര്‍പ്പ്, കാലടി, മാള, പടിഞ്ഞാറത്തറ എന്നീ പഞ്ചായത്തുകളും ഇതിലുള്‍പ്പെടും. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ജലപരിശോധനയ്ക്കായുള്ള കിറ്റുകള്‍ നല്‍കുന്നത്. തദ്ദേശഭരണ വകുപ്പിന് കീഴിലെ പഞ്ചായത്ത്, മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും മേല്‍നോട്ടത്തില്‍ ബന്ധപ്പെട്ട ജില്ലകളിലെ എന്‍.എസ്.എസ് യൂനിറ്റുകളില്‍ നിന്നുള്ള വോളന്റിയര്‍മാരാണ് പരിശോധനയ്‌ക്കെത്തുന്നത്. ഇതിനു മുന്നോടിയായി ഇവര്‍ക്ക് ഇന്നലെ വിവിധ കേന്ദ്രങ്ങളിലായി പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജനപ്രതിനിധികളും പഞ്ചായത്ത് -നഗരകാര്യം വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഇന്ന് അവലോകന യോഗം ചേര്‍ന്ന് പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തും.
പരിശോധനാഫലം ഉള്‍പ്പെടെ ശുചീകരിച്ച കിണറിന്റെ വിവരങ്ങള്‍ അതത് സ്ഥലങ്ങളില്‍ പോകുന്ന എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ ഇതിനായി രൂപീകരിച്ച മൊബൈല്‍ ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്യും. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ വെബ്‌സൈറ്റിലും പരിശോധനാഫലം പ്രസിദ്ധീകരിക്കും. പുറമേ അതത് പഞ്ചായത്ത് സെക്രട്ടറിമാരെയും കിണറുകളുടെ ഉടമസ്ഥരെയും ഫലം അറിയിക്കും.
സെപ്തംബര്‍ 10ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയില്‍ പരിശോധന പരിപാടി വിലയിരുത്തുകയും തുടര്‍ പരിശോധന, പ്രളയ ബാധിത പ്രദേശങ്ങളൊട്ടാകെയുള്ള കിണറുകളിലെ കുടിവെള്ള ഗുണനിലവാര പരിശോധനതുടങ്ങിയ വിഷയങ്ങളില്‍ തീരുമാനമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."