HOME
DETAILS

ഭ്രമാത്മക കഥകളുടെ വന്യസങ്കരം

  
backup
October 03 2020 | 21:10 PM

vivek
 
കഥകള്‍ ഉണ്ടാകുന്നതിന് മുന്‍പേ, കെട്ടുകഥകള്‍ ഉണ്ടായിട്ടുണ്ടാകാമെന്ന് പറയപ്പെടുന്നു. കഥയുടെ അതിശയോക്തി കലര്‍ന്ന രൂപമായി കെട്ടുകഥകളെ കണക്കാക്കാമെങ്കില്‍ കുറച്ചുകൂടി സാഹിത്യരൂപമാര്‍ന്ന കലയായി കഥകളെ/ ചെറുകഥകളെ കാണാം. കെട്ടുകഥകളുടെ ഹ്രസ്വവും ഭ്രമാത്മകവുമായ ആഖ്യാനങ്ങള്‍ നമ്മളെ അതിശയലോകത്തിലേക്ക് കൊണ്ടുപോകുമ്പോള്‍, കഥകള്‍, കുറച്ചുകൂടി യഥാര്‍ഥ്യംനിറഞ്ഞ നമ്മുടെ ചുറ്റുമുള്ള പരിചിത ലോകത്തെക്കുറിച്ച് വായനക്കാരനുമായി സംവേദനത്തിലേര്‍പ്പെടുന്നു.
 
കെട്ടുകഥകളും കഥകളും ചേര്‍ത്ത്, സത്യത്തിന്റെയും മിഥ്യയുടെയും ഭാവനകളുടെയും കൂട്ടുപിടിച്ചെഴുതിയിട്ടുള്ള ഏതാനും ചെറുകഥകളാണ് വിവേക് ചന്ദ്രന്റെ 'വന്യം' എന്ന സമാഹാരത്തിലുള്ളത്.
മനസിന്റെ ഗൂഢമായ വ്യാപാരങ്ങളെ, വേര്‍തിരിച്ചെടുക്കാനുള്ള സൂക്ഷ്മമായ ശ്രമങ്ങള്‍ ഓരോ കഥയിലും ഉണ്ട്. ബോധ മനസിന്റെയും ഉപബോധമനസിന്റെയും ഇടപെടലുകള്‍ ഒരേസമയം കഥാപാത്രങ്ങളുടെ ജീവിതങ്ങളെ, കെട്ടുകഥകളേക്കാള്‍ സങ്കീര്‍ണമാക്കുന്നു.
 
മായാജാലക്കാരന്റെ മന്ത്രികവിദ്യയെന്നോ, ഭ്രമാത്മകങ്ങളായ രൂപങ്ങളെന്നോ, അദൃശ്യരൂപികളെന്നോ തോന്നിപ്പിക്കുന്ന, കഥകളിലെ സംഭവങ്ങളെ പരസ്പരം കോര്‍ത്തുകെട്ടുന്ന ഭാവനകൊണ്ട് വിവേകിന്റെ കഥകള്‍ വിസ്മയിപ്പിക്കുന്നുണ്ട്.
 
ഒരുതരത്തില്‍ പറഞ്ഞാല്‍ ഈ കഥകളെ, വായനക്കാരെ, ഒരു കണ്‍കെട്ടു വിദ്യക്കാരന്റെ മുന്‍പിലിരിക്കുന്ന കാണികളെപ്പോലെയാക്കി മാറ്റുന്നുണ്ട്. സൂക്ഷ്മവും ശ്രദ്ധാപൂര്‍വ്വമുള്ള വായന നല്ലൊരു അനുഭവം തന്നെയായിരിക്കും.
 
'പ്രഭാതത്തിന്റെ മണം' എന്ന കഥയിലെ മാന്ത്രികനും ജാനകി എന്ന പെണ്‍കുട്ടിയും കുറച്ച് സന്ദേഹമുണ്ടാക്കിയ വായന ആയിരുന്നു. മായാജാലം കാണിച്ച മാന്ത്രികന് പോലും തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഒരെത്തുംപിടിയും കിട്ടിയിരുന്നില്ല എന്ന് പറയുന്നുണ്ട്. പിന്നീട് ബാഹിസ് എന്ന യുവാവിലേക്ക് പരകായപ്രവേശം നടത്തി ജയിലിനു വെളിയിലെത്തുന്ന അയാള്‍, വീണ്ടും ജാനകിയെ കാണുകയും, അവള്‍ യഥാര്‍ഥത്തില്‍ മരിച്ചുപോയെന്നും അവളുടെ ഉപബോധ മനസാണ് മരിച്ചുകഴിഞ്ഞിട്ടും പലതും ചിന്തിപ്പിക്കുന്നതെന്നുമൊക്കെ പറയുന്നിടത്ത് കഥയിലെ സമയം കാലം എന്ന കഥാപാത്രത്തെ കൂട്ടിമുട്ടിക്കാന്‍ കഴിയാതെ ഒരു ചിന്താക്കുഴപ്പം വായനയില്‍ വരുന്നുണ്ട്.
 
ജാനകി എന്ന രോഗിയാണോ മാന്ത്രികനാണോ അവരുടെ ഭര്‍ത്താവാണോ യഥാര്‍ഥ ലോകവുമായി സംവദിക്കുന്നതെന്ന ചോദ്യത്തില്‍ വായന അവസാനിച്ചു.
സമരന്‍ ഗണപതിയെന്ന ബോക്‌സര്‍, കഴിഞ്ഞുപോയ ഒരു ദുരന്തം മാനസികമായി തളര്‍ത്തിക്കളഞ്ഞ ഭൂമി എന്ന പെണ്‍കുട്ടി, പോകുന്ന നാട്ടിലെല്ലാം പലാശ മരങ്ങള്‍ നടുന്ന ഏകനാഥന്‍, ചെന്നായ് രൂപത്തിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന, ആദത്തിന്റെയും സ്റ്റെഫിയുടെയും മകന്‍, പാവ വീടുകളുണ്ടാക്കുന്ന രാധിക തുടങ്ങിയ വളരെ പ്രത്യേകതകളുള്ള കഥാപാത്രങ്ങള്‍, ഓരോരോ കഥയിലൂടെ വന്നുപോകുന്നു.
പാലക്കാട് സ്വദേശിയായ വിവേക്, എയ്‌റോസ്‌പേസ് എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദ പഠനത്തിനു ശേഷം, ബിറ്റ്‌സ്പിലാനിയുടെ ഗോവ ക്യാംപസില്‍ അധ്യാപകനായി ജോലിചെയ്യുന്നു.
 
 
'മനസാണ് എന്റെ കഥകളിലെ മുഖ്യ കഥാപാത്രം'
വിവേക് ചന്ദ്രന്‍/ ദിവ്യ ജോണ്‍ ജോസ്
 
പലപ്പോഴായി കണ്ട സ്വപ്‌നങ്ങള്‍ കഥകളായി വികസിക്കുകയായിരുന്നു എന്ന് വിവേക് ആമുഖത്തില്‍ പറയുന്നുണ്ടല്ലോ? സ്വപ്‌നങ്ങളുടേതായ ഒരു ഫാന്റസി, ഭ്രമാത്മകത, ഇല്യുഷന്‍, രഹസ്യാത്മകത തുടങ്ങിയവ വായനയില്‍ അനുഭവിക്കാനാകുന്നുണ്ട്. വളരെ ശ്രമകരമായ വായന ആവശ്യപ്പെടുന്ന പല സന്ദര്‍ഭങ്ങളും കഥകളില്‍ വന്നു പോകുന്നുണ്ട്. സ്വപ്‌നങ്ങളെ കൂട്ടിച്ചേര്‍ക്കുന്നത് അല്ലെങ്കില്‍ അവയെ പരിഭാഷപ്പെടുത്തുന്നത് അത്ര എളുപ്പമല്ലെന്ന് പറഞ്ഞാല്‍?
 
ഉറക്കത്തിലോ ഉണര്‍വ്വിലോ കാണുന്ന ദൃശ്യങ്ങളാണ് പലപ്പോഴും കഥകള്‍ക്ക് അടിസ്ഥാനമാകാറ്. പലപ്പോഴായി സ്വയം അനുഭവിച്ചതും പറഞ്ഞുകേട്ടതുമായ സംഗതികള്‍ ഒരുപാട് കാലം മനസില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ അതില്‍ നിന്നും ഉരുത്തിരിയുന്നതാവണം ഈ ദൃശ്യങ്ങള്‍. അവയ്ക്ക് ബോധപൂര്‍വ്വമായ ഒരു ഫ്രെയിംവര്‍ക് ഉണ്ടാക്കി കഥയാക്കി മാറ്റിയെടുക്കാന്‍ ശ്രമിക്കാറില്ല. അത് പതിയെ സമയമെടുത്ത് ഒരു കഥയായി രൂപപ്പെടാന്‍ തുടങ്ങുന്ന ഘട്ടത്തില്‍ അടുത്ത സുഹൃത്തുക്കള്‍ക്ക് വിവരിച്ചുകൊടുക്കാറുണ്ട്. എഴുതാന്‍ പോകുന്ന കഥയില്‍ വരാവുന്ന പരസ്പരബന്ധമില്ലാത്ത സംഗതികള്‍ കണ്ടെത്താന്‍ ഈ കഥപറച്ചിലുകള്‍ സഹായകരമാകാറുണ്ട്. പിന്നീട് പലതവണ എഴുതിയിട്ടും വായിക്കുമ്പോള്‍ വിരസമായി തോന്നാത്ത കഥകളേ പ്രസിദ്ധീകരണത്തിനായി അയക്കാറുള്ളൂ. ഈ ഒരു പ്രക്രിയയോടുള്ള ഇഷ്ടമാണ് കഥകള്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത് ശ്രമകരമായി തോന്നിത്തുടങ്ങുന്നയിടത്ത് എഴുത്ത് അവസാനിക്കും.
 
ആനന്ദ് 'വൃത്താന്തങ്ങളും കഥകളും' എന്ന തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്. 'സത്യം എന്നതിന്റെ വിപരീതമായി നാം നുണ എന്ന് പറയാറുണ്ട്. എന്നാല്‍ വാസ്തവം എന്നതിന്റെ മറുവശത്ത് പറയാനുള്ള കഥയെ (fiction) നാം നുണ എന്ന് വിശേഷിപ്പിക്കാറില്ല. കഥാകാരന്‍ വൃത്താന്തകാരനും വൃത്താന്തകാരന്‍ കഥാകാരനുമാകുമ്പോള്‍ കഥാകാരന് കഥാപാത്രവും വായനക്കാരനും ആകാമെന്നതും സ്വാഭാവികം.'
ഏകദേശം ഇതേ ആശയം പ്രതിഫലിപ്പിക്കുന്ന വരികള്‍ വര്‍ജിനിയ വൂള്‍ഫ് പറഞ്ഞിട്ടുണ്ട്. തന്റെ കൃതികളില്‍ എഴുത്തുകരന്റെ മനസും അനുഭവങ്ങളും എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു എന്ന്. ഈ പറയുന്നതിനോടെല്ലാം എത്രമാത്രം ഒരു എഴുത്തുകാരന്‍ എന്ന രീതിയില്‍ താദാത്മ്യപ്പെടാനാകുന്നുണ്ട്?
 
ഈ വിഷയത്തില്‍ ഒരു സമാന്യവത്കരണം സാധ്യമല്ല എന്ന് തോന്നുന്നു. പല തരത്തില്‍ നമുക്ക് കഥയെഴുത്തിനെ സമീപിക്കാം. ഞാന്‍ വളരെ വ്യക്തിപരമായ സ്‌പേസില്‍നിന്നുകൊണ്ട് കഥയെഴുതുന്ന ആളാണ്. അതുകൊണ്ടുതന്നെ അടുത്തൊരു സുഹൃത്തിനോട് പോലും പങ്കുവയ്ക്കാന്‍ സാധിക്കാത്തത്രയും സ്വകാര്യമായ ചിന്തകളും ഭീതികളും നഷ്ടബോധവും മറ്റും അബോധമായി കഥകളില്‍ വന്നുപോകാറുണ്ട്. നമ്മളെ വൈകാരികമായി വന്ന് തൊടുന്ന കഥകള്‍ സൂക്ഷ്മമായി വായിച്ചാല്‍ ആ കഥാ സന്ദര്‍ഭങ്ങളുടെ/ കഥാപാത്രങ്ങളുടെ അടരുകളില്‍ എഴുത്തുകാരി/രന്‍ ഉണ്ടാവും എന്ന് കരുതാനാണ് എനിക്കിഷ്ടം.
 
പുസ്തകങ്ങള്‍ അനുവാചകരിലേയ്‌ക്കെത്തുവാന്‍ സോഷ്യല്‍ മീഡിയകള്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ട്?
 
സോഷ്യല്‍ മീഡിയ വഴി വായനക്കാര്‍ ഞങ്ങളുടെ തലമുറയില്‍ എഴുതിത്തുടങ്ങിയവരോടൊക്കെ വലിയ സ്‌നേഹത്തോടെയും കരുതലോടെയും ആണ് ഇടപെട്ടിട്ടുള്ളത് എന്ന് തോന്നുന്നു. തൊണ്ണൂറുകളുടെ അവസാന പാദത്തില്‍ സജീവമായി എഴുതിത്തുടങ്ങിയവരെ വച്ച് താരതമ്യപ്പെടുത്തിയാണ് ഞാനിത് പറയുന്നത്. സാഹിത്യവുമായി ബാധപ്പെട്ട ഞങ്ങളുടെ ഓരോ ചലനങ്ങളും ശ്രദ്ധിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട്. ആ തരത്തില്‍ ധാരാളം പരിചയങ്ങളും സൗഹൃദങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ എഴുത്തിന്റെ ഉള്ളടക്കത്തെ സോഷ്യല്‍ മീഡിയ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കുന്നത് അത്ര നല്ല കാര്യമായി തോന്നുന്നില്ല.
 
കൊവിഡുമായി ബന്ധപ്പെട്ട് ഒത്തിരി മാറ്റങ്ങള്‍ എല്ലാ മേഖലയിലും സംഭവിച്ചു കഴിഞ്ഞു. പുസ്തക പ്രസാധന, വിതരണ മേഖലകളും ഈയൊരു മാറ്റത്തിനോടൊപ്പം മാറാന്‍ തുടങ്ങുന്നു. അടുത്ത ചില വര്‍ഷങ്ങളില്‍ മലയാള പുസ്തക വിപണിയില്‍ സംഭവിക്കാനിടയുള്ള മാറ്റങ്ങളെക്കുറിച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? പ്രസാധകര്‍ വിപണിയെ നിയന്ത്രിച്ചിരുന്ന ഒരു അവസ്ഥയില്‍ നിന്ന് ഒരു മാറ്റം ഇലക്ട്രോണിക് യുഗം കൊണ്ടുവരുമോ?
 
വായന വര്‍ഷങ്ങളായി കിന്റിലില്‍/ മൊബൈലില്‍ ചെയ്തുവരുന്നവരാണ് വലിയൊരു കൂട്ടം മലയാളികള്‍. കൊവിഡ് കാലം പുസ്തകങ്ങളുടെ ഹാര്‍ഡ്‌കോപ്പികള്‍ കൈകാര്യം ചെയ്യുന്നതില്‍ കൊണ്ടുവന്ന ആശങ്ക കൂടുതല്‍ പേരെ ഇ- റീഡറുകളിലേക്കും, മാഗ്സ്റ്റര്‍ പോലുള്ള ഓണ്‍ലൈന്‍ റീഡിങ് പ്ലാറ്റ്‌ഫോമുകളിലേക്കും എത്തിച്ചിട്ടുണ്ട്. ഞാന്‍ മനസിലാക്കുന്നത് പുതിയ പല പുസ്തകങ്ങളും പ്രിന്റ് ഓണ്‍ ഡിമാന്റ് ആണ്, ഇ- കോപ്പികള്‍ ഇറക്കി വിപണന സാധ്യത മനസിലാക്കിയിട്ടാണ് ഹാര്‍ഡ് കോപ്പികള്‍ പ്രസിദ്ധീകരിക്കുന്നത്. ലോക്ക്ഡൗണില്‍ ഓഡിയോ ബുക്കുകള്‍ കൂടുതല്‍ സജീവമായി. ഗംഭീരമായ ഒരു നോവല്‍ പൂര്‍ണമായും ഫേസ്ബുക്കില്‍ സീരിയലൈസ് ചെയ്തു വന്നില്ലേ? അപ്പോള്‍ ഒരു എഴുത്തുകാരനെ/രിയെ  സംബന്ധിച്ചു സ്വയം പ്രകാശിപ്പിക്കാനുള്ള മാധ്യമങ്ങള്‍ കൂടി വരുന്നുണ്ട്. പ്രസിദ്ധീകരണവും വിപണനവും പതിയെ വികേന്ദ്രിതമാവും എന്ന് തന്നെയാണ് പ്രതീക്ഷയോടെ കരുതുന്നത്.
 
2000 ത്തിനു ശേഷം മലയാള ചെറുകഥാ രംഗത്തുണ്ടായ ഉണര്‍വ്വ്, വായനക്കാരില്‍ നിറച്ച പ്രതീക്ഷ ചെറുതല്ല. 2020ല്‍ എത്തി നില്‍ക്കുമ്പോള്‍, ഈ കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളില്‍ ചെറുകഥാ സാഹിത്യത്തിന്റെ യാത്രയെക്കുറിച്ച് എന്താണ് തോന്നുന്നത്?
 
നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ കാലം മുതല്‍ നമ്മുടെ ഭാവുകത്വം വളരെ വേഗം മാറിക്കൊണ്ടിരിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ ആണ് അത് സംഭവിക്കുന്നത്. അതിനു കാരണം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായി നടക്കുന്ന ചര്‍ച്ചകളും അഭിപ്രായ രൂപീകരണവും അഭിപ്രായ സമന്വയവും ആണ്. നമ്മുടെ രാഷ്ട്രീയ ശരികള്‍ മാറിക്കൊണ്ടിരിക്കുന്നു, നമ്മുടെ ചിന്താ പദ്ധതികള്‍ നവീകരിക്കപ്പെടുന്നു. കഥകളില്‍ പല പരീക്ഷണവും നടക്കുന്നുണ്ട്, കഥയില്‍ നിന്നും 'കഥയെ' തുടച്ചുമാറ്റി അതൊരു അനുഭൂതിയായി അവതരിപ്പിക്കുന്ന കഥകള്‍ വരുന്നു, സാധാരണ മനുഷ്യര്‍ക്ക്, അവരുടെ വീടകങ്ങള്‍ക്ക്, കഥകളില്‍ കൂടുതല്‍ പ്രാതിനിധ്യം കിട്ടുന്നു, ഗഹനമായ രാഷ്ട്രീയം ഒരു മുദ്രവാക്യമായല്ലാതെ വളരെ സൂക്ഷ്മമായി പറഞ്ഞുപോകുന്ന കഥകള്‍ വരുന്നു, കഥകള്‍ കൂടുതല്‍ ലളിതമായ ഭാഷയില്‍ എഴുതപ്പെടുന്നു. അതുപോലെ തന്നെ വായനക്കാരുടെ ആസ്വാദനശീലത്തിലും വലിയ മാറ്റം വന്നിട്ടുണ്ട്. കൂടുതല്‍ എക്‌സ്‌പോഷര്‍ ഉള്ള, ലോകത്തിന്റെ ഏത് ഭാഗത്തും ഇറങ്ങുന്ന പുസ്തകത്തിനും സിനിമയ്ക്കും അക്‌സസ് ഉള്ള, ഒരു വായനാസമൂഹമാണ് ഇപ്പോള്‍ നമുക്ക് മുന്നില്‍ ഉള്ളത്. അത് എഴുത്തുകാരനെ കൂടുതല്‍ ഒറിജിനല്‍ ആവാന്‍, സത്യസന്ധനാവാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
 
വന്യം എന്ന കഥയില്‍ കൗതുകരമായ പല ഘടകങ്ങള്‍ നിരീക്ഷിക്കുകയുണ്ടായി. പ്രകൃതിയെ പശ്ചാലത്തില്‍ നിര്‍ത്തിക്കൊണ്ട്, തികച്ചും റിയാലിറ്റിയോട് ചേര്‍ന്നുനില്‍ക്കുന്ന ഏതാനും കുറച്ച് കഥാപാത്രങ്ങള്‍, ഇടയ്‌ക്കെപ്പോഴോ ഭീതിതമായ ഒരു സങ്കല്‍പമെന്ന പോലെ, ചെന്നായ് രൂപം പ്രാപിക്കാന്‍ തുടങ്ങുന്ന കഥാപാത്രത്തിനെ കൊണ്ടുവന്നു നിര്‍ത്തുന്ന ഫാന്റസി, കുമ്പസാരം കേള്‍ക്കാള്‍ മെഴുകുതിരി വെളിച്ചത്തില്‍ നിന്നിറങ്ങുന്ന മാലാഖമാരും അവരോട് സംവദിക്കുന്ന, കഥ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന കര്‍ത്താവിനെച്ചേര്‍ത്തെഴുതി, വായനയെ  മാജിക്കലാക്കുന്ന സാംഗത്യം തുടങ്ങിയവയാണത്.
കപ്യാര് ലോന കൂടി കഥയിലേക്ക് വന്ന് കഥ പൂരിപ്പിക്കാന്‍ വായനക്കാരെ മാത്രം ചുമതലപ്പെടുത്തുന്ന അവസാനം. ഇതെല്ലാം വായിച്ചപ്പോള്‍ കുറച്ച് കൂടി ആഖ്യാന സാധ്യതകളുള്ള ഒരു കഥയായി വായനക്കാര്‍ക്കു തോന്നുമെന്ന് പറഞ്ഞാല്‍ എഴുത്തുകാരന്‍ സമ്മതിക്കുമോ?
 
 
തീര്‍ച്ചയായും, അങ്ങനെയൊരു ആഖ്യാന സാധ്യതയെ കുറിച്ച് കേള്‍ക്കാന്‍ താല്‍പര്യമുണ്ട്. കഥകളിലൂടെ ഒരു സങ്കല്‍പം മുന്നോട്ടുവയ്ക്കുന്നു എന്നേയുള്ളൂ, അത് വികസിക്കുന്നത് വായനക്കാരന്റെ മനസിലാണ്. 'വന്യം' എന്നല്ല എല്ലാ കഥകളും പൂരിപ്പിക്കാന്‍ വായിക്കുന്ന ആള്‍ക്ക് വിട്ടുകൊടുക്കുന്നതാണ് പതിവ്. ഞാന്‍ എഴുതിയതിലും ഭ്രമിപ്പിക്കുന്ന ഒരു കഥാഗതിയോ/ ആഖ്യാനമോ ഒരാള്‍ അതില്‍ നിന്നും കണ്ടെടുത്ത് എന്നെ വിളിക്കും എന്നെപ്പോഴും പ്രതീക്ഷിക്കാറുണ്ട്, പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. കഥയില്‍ നമ്മള്‍ ഇട്ടു പോകുന്ന സൂചനകളുടെ ട്രെയില്‍ പിടിച്ചുപോയി പൂര്‍ണമായും പുതിയൊരു കഥ ഉണ്ടാക്കാന്‍ മിടുക്കുള്ള വായനക്കാരുണ്ട്.
 
സമരന്‍ ഗണപതി എന്ന ബോക്‌സര്‍ ഒരു കണക്കിന് ടെലിപ്പതി പോലെ, അല്ലെങ്കില്‍ എതിരാളിയുടെ മരണത്തിനു മുന്‍പുള്ള ചില സന്ദര്‍ഭങ്ങള്‍ ഒരു ഓഡിറ്ററി ഹാലൂസിനേഷന്‍ പോലെ കേട്ടുകൊണ്ടിരിക്കുന്നു. തണുത്ത പ്രഭാതത്തിലെ മായാജാലക്കാരന്‍ ജാനകിക്കു മുന്നില്‍ ഒരു വിഷ്വല്‍ ഹാലൂസിനേഷന്‍ സൃഷ്ടിക്കുന്നു. ഇതെല്ലാം വായിക്കുന്ന വായനക്കാര്‍, റിയാലിറ്റിയെ പിന്തള്ളി, കഥയുടെ മായാലോകത്തിലേക്ക് കടക്കുന്നു. മരിച്ചുകൊണ്ടിരിക്കുന്നവരിലെ പെണ്‍കുട്ടി, സ്വയം ന്യായീകരിക്കാന്‍, നടന്നു എന്ന പോലെ, ബലാത്കാരം ചെയ്യപ്പെട്ടു എന്ന് ഉപബോധമനസിനെ വിശ്വസിപ്പിക്കുകയും പിന്നീട് സത്യമെന്ന പോലെ അതിനെക്കുറിച്ച് ആശങ്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.
മിക്ക കഥകളിലെയും കഥാപാത്രങ്ങള്‍, മാനസിക വ്യാപാരങ്ങളില്‍, ബോധ- ഉപബോധ മണ്ഡലങ്ങളില്‍, ചില പ്രത്യേകതകളുള്ളവരാണ്. ഒരു മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ഒരാളെന്ന നിലയില്‍, ഈയൊരു പ്രത്യേകത, എന്റെ വായനയില്‍ പെട്ടെന്ന് സ്‌ട്രൈക്ക് ചെയ്തു എന്നുവേണം പറയാന്‍. എന്നാല്‍ തന്നെയും, ഒരു കഥ പറച്ചിലുകാരന്റെ വൈദഗ്ധ്യം, വളരെ കൈയ്യടക്കത്തോടെ, പറഞ്ഞിരിക്കുന്ന ഈ കഥകളെ വായനക്കാരെ ഭ്രമിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നുമുണ്ട്. കഥാപാത്രങ്ങളുടെ ഇത്തരം സ്വഭാവങ്ങളെക്കുറിച്ച് തോന്നിയ ചിന്തകളെക്കുറിച്ച് വിവേകിന് പറയാനുള്ളത്?
 
ശരിയാണ്, മനസാണ് എന്റെ കഥകളിലെ മുഖ്യ കഥാപാത്രം. ഒട്ടൊക്കെ ഏകാന്തമായ ഒരു ജീവിതമാണ് എന്റേത്. അതുകൊണ്ടുതന്നെ ഞാന്‍ എഴുതുന്ന കഥാപാത്രങ്ങളും അകത്തേക്ക് നോക്കി ജീവിച്ചുപുലരുന്നവര്‍ ആയിപ്പോകുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  20 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  20 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  20 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  20 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  20 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  20 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago