തോമസ് ഐസക്കിനെയും വി.എസിനെയും വിമര്‍ശിച്ച് സി. ദിവാകരന്‍
തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക്കിനെയും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനെയും രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ സി. ദിവാകരന്‍. വിമര്‍ശനം വിവാദമായതോടെ ദിവാകരന്‍ മലക്കം മറിഞ്ഞു.
വി.എസ് സര്‍ക്കാരിന്റെ കാലത്ത് സി.പി.ഐ മന്ത്രിമാരുടെ ഫയലുകളെല്ലാം തോമസ് ഐസക് അനാവശ്യ കാരണങ്ങളുടെ പേരില്‍ തടഞ്ഞുവയ്ക്കുമായിരുന്നുവെന്നും ധനകാര്യ മന്ത്രിക്ക് കൊമ്പില്ലെന്ന് താന്‍ നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ധനവകുപ്പിന് മറ്റ് വകുപ്പുകളുടെ മേല്‍ പ്രത്യേക അധികാരമില്ലെന്നും ദിവാകരന്‍ തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ സംസാരിച്ചിരുന്നു. വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ തടസപ്പെടുത്തുകയാണെന്നും ദിവാകരന്‍ ആരോപിച്ചു. ഇവര്‍ എന്താണ് ചെയ്യുന്നതെന്ന് നിയമസഭാ സമിതിയില്‍ താന്‍ വിമര്‍ശിച്ചിരുന്നു.
വി.എസിന്റെ കാലത്ത് സി.പി.ഐ മന്ത്രിമാരോട് കടുത്ത അവഗണനയായിരുന്നു ഉണ്ടായിരുന്നത്. സി.പി.ഐ മന്ത്രിമാര്‍ ഒരു കാര്യം പറഞ്ഞാല്‍ മറ്റ് മന്ത്രിമാര്‍ ഉടക്കിടുമായിരുന്നുവെന്നും ദിവാകരന്‍ ആരോപിച്ചു. പ്രസംഗം വിവാദമായതോടെ പറഞ്ഞെതെല്ലാം വിഴുങ്ങി വിവാദ പ്രസ്താവനകള്‍ ദിവാകരന്‍ നിഷേധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന വീഴ്ചകളെയാണ് വിമര്‍ശിച്ചത്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ധനവകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലുണ്ടായ ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. നിയമസഭാ സമിതികളുടെ പ്രവര്‍ത്തനത്തിന് സഹായകരമാകാത്ത നിലപാടാണ് പലപ്പോഴും സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. ഈ വസ്തുതയാണ് താന്‍ ചൂണ്ടിക്കാണിച്ചത്. കൂട്ടുമന്ത്രിസഭയില്‍ സ്വാഭാവികമായും തര്‍ക്കങ്ങളുണ്ടാകുമെന്നും എന്നാല്‍ വി.എസിനെയും തോമസ് ഐസക്കിനെയും വിമര്‍ശിച്ചിട്ടില്ലെന്നും ദിവാകരന്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."