തൊവരിമല ഭൂസമര സമിതി സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി
തിരുവനന്തപുരം: വയനാട് തൊവരിമലയിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുക, അറസ്റ്റ് ചെയ്ത ഭൂസമര സമിതി നേതാക്കളെ വിട്ടയയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തൊവരിമല ഭൂസമര ഐക്യദാര്‍ഢ്യ സമിതി സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ഇടത് ജനാധിപത്യ വേദി ഓള് ഇന്ത്യ കണ്‍വീനര്‍ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.
അവകാശസമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്ന ചരിത്രം തങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കുന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഭൂമിക്കുവേണ്ടിയുള്ള ആദ്യത്തെ സമരമല്ല. പ്ലാച്ചിമടയില്‍ എത്ര സമരം ചെയ്തിട്ടും അതേ കമ്പനിയെത്തന്നെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ (സി.എസ്.ആര്) പേരില്‍ മടക്കിക്കൊണ്ടുവന്ന ചരിത്രവും ഇടതുപക്ഷ സര്‍ക്കാരിനുണ്ട്.
പശ്ചിമഘട്ട സംരക്ഷണ സമിതി നേതാവ് ഇ.പി അനില്‍ അധ്യക്ഷനായി. ഐക്യദാര്‍ഢ്യ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എം.കെ ദാസന്, ഇന്ത്യന്‍ ദലിത് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പള്ളിക്കല്‍ സാമുവല്‍, പൊന്തന്‍പുഴ വന സംരക്ഷണ സമര സമിതി കണ്‍വീനര്‍ സന്തോഷ് പെരുമ്പട്ടി, ഡോ. പ്രസാദ്, പ്രേം ബാബു, സുകുമാരന്‍ അട്ടപ്പാടി, നിഷ അപ്പാട്, ശശിക്കുട്ടന്‍ വാകത്താനം, ടി.എം സത്യന്, സുനില്‍ വര്‍ക്കല, ബിജു വി. ജേക്കബ് സംസാരിച്ചു. ഏപ്രില്‍ 24 മുതലാണ് വയനാട് കലക്ടറേറ്റ് പടിക്കല്‍ ഭൂസമരക്കാര്‍ സമരമാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."