സഊദിയില്‍ ചെറുകിട മേഖലയിലെ സ്വദേശിവത്ക്കരണം ചൊവ്വാഴ്ച മുതല്‍; ആശങ്കയോടെ മലയാളികളടക്കമുള്ള വിദേശികള്‍
ജിദ്ദ: സഊദിയില്‍ ചൊവ്വാഴ്ച മുതല്‍ 12 വിഭാഗം വാണിജ്യ മേഖലകളിലെ സ്വദേശിവത്ക്കരണം ആരംഭിക്കാനിരിക്കേ ജോലി നഷ്ടപ്പെടുന്നത് മലയാളികളടക്കം ലക്ഷക്കണക്കിനു വിദേശികള്‍ക്ക്.
ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പല പ്രവിശ്യകളിലെയും കടകള്‍ ഇതിനകം അടച്ചുപൂട്ടുകയും മറ്റുള്ളവര്‍ തങ്ങളുടെ ഷോപ്പുകള്‍ വിറ്റഴിക്കുകയും ചെയ്തു.
ഒമ്പതു മാസം മുമ്പ് സഊദി അറേബ്യന്‍ തൊഴില്‍ മന്ത്രാലയം സഊദികളെ നിയമിക്കണമെന്ന് കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
വിദേശികള്‍ക്ക് തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ 70 ശതമാനം സ്വദേശിവല്‍ക്കരണം ഒരോ കടകളിലും നടപ്പാക്കണമെന്ന ഇളവു വരുത്തി.
ലെവിയും മറ്റു ചെലവുകളും സഊദിവത്ക്കരണവുമൊക്കെ വരുന്നതുകാരണം അടുത്ത വര്‍ഷം തന്നെ റീട്ടെയ്ല്‍ മേഖലയിലെ 30 ശതമാനം സ്ഥാപനങ്ങളും അടച്ചുപൂട്ടുമെന്നാണു അധികൃതരുടെ തന്നെ കണക്കുകൂട്ടല്‍.
സഊദിയില്‍ ദിവസം ശരാശരി 2,602 വിദേശികള്‍ക്കു ജോലി നഷ്ടപ്പെടുന്നതായാണ് കണക്ക്. ജനുവരി മുതല്‍ മാര്‍ച്ച് വരെ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 2.34 ലക്ഷത്തിലേറെ പേരുടെ കുറവാണു രേഖപ്പെടുത്തിയത്. അതേസമയം ഈ വര്‍ഷം ആദ്യ മൂന്നു മാസത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 13,570 പേരുടെ കുറവാണുണ്ടായത്.
മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 23 ലക്ഷത്തോളം ഗാര്‍ഹിക തൊളിലാളികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ വര്‍ഷാവസാനം ഇതു 24 ലക്ഷമായിരുന്നു. സഊദിവത്ക്കരണ നടപടികള്‍ ഊര്‍ജിതമാക്കിയതോടെ വീട്ടുവേലക്കാരടക്കം എല്ലാ മേഖലയിലും വിദേശികള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിക്കുന്നുണ്ട്. അതേ സമയം തന്നെ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ 12.9 ശതമാനമായി ഉയരുകയും ചെയ്തു. ഇതിനു പരിഹാരം കാണുന്നതിന് ബഹുമുഖ പദ്ധതികള്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിവരിക്കയാണ്.
നിലവില്‍ സഊദി വാണിജ്യ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 64 ശതമാനവും വിദേശികളാണെന്നാണു റിപ്പോര്‍ട്ടുകള്‍. വാണിജ്യ മേഖലയിലെ നാലു ലക്ഷത്തില്‍പരം സ്ഥാപനങ്ങളിലെ സഊദികളുടെ സാന്നിധ്യം 4,32,577 ആണെങ്കില്‍ വിദേശികളുടെ സാന്നിധ്യം 12.28 ലക്ഷം ആണെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
റീട്ടെയ്ല്‍ മേഖലയില്‍ 3,40,210 സ്ഥാപനങ്ങളും വാഹന മേഖലയില്‍ 95,298 സ്ഥാപനങ്ങളും ഹോല്‍സെയില്‍ മേഖലയില്‍ 36,379 സ്ഥാപനങ്ങളുമാണു പ്രവര്‍ത്തിക്കുന്നത്.
ഹോള്‍സൈല്‍ സ്ഥാപനങ്ങളിലെ ആകെ ജീവനക്കാര്‍ 2,41,076 പേരും വാഹന വില്‍പ്പന, റിപ്പയറിംഗ് മേഖലയില്‍ 3,80,917 പേരും ജോലി ചെയ്യുന്നുണ്ട്. ചില്ലറ വ്യാപാര മേഖലയില്‍ 10.39 ലക്ഷം പേരാണു ജോലി ചെയ്യുന്നത്.
200ലധികം പരിശോധകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വദേശിവത്ക്കരണ നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാനായി മാത്രം രംഗത്തിറങ്ങും.
ഇതിനാവശ്യമായ എല്ലാ പരിശീലനങ്ങളും ടീം സായത്തമാക്കിയിട്ടുണ്ട്.
എന്നാല്‍ സ്വദേശിവത്ക്കരണത്തിന്റെ തോത് 70 ശതമാനമാക്കി കുറച്ചതോടെ ഇവിടെ തന്നെ നില്‍ക്കണോ എന്ന ആശങ്കയും ഇപ്പോഴും വിദേശികളുടെ മനസ്സില്‍നിന്ന് ഒഴിവായിട്ടില്ല.
സ്വദേശികളെ പരിശീലിപ്പിച്ചെടുത്ത് സ്ഥാപനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനിച്ചവരും പൂട്ടാനുള്ള എല്ലാ തയ്യാറെടുപ്പുകളുമായി കാത്തിരിക്കുന്നവരുമാണ് കൂടുതല്‍ പേരും.
ഇതോടൊപ്പം ഏതെങ്കിലും വിധത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പിടിച്ചു നിന്നാല്‍ അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളിലെങ്കിലും നിയമങ്ങളില്‍ എന്തെങ്കിലുമൊക്കെ മാറ്റങ്ങള്‍ വന്നേക്കുമെന്ന ശുഭാപ്തി വിശ്വാസക്കാരുമുണ്ട്.
മൂന്ന് ഘട്ടങ്ങളായിട്ടാണ് പുതിയ സ്വദേശിവല്‍ക്കരണം. ആദ്യത്തേത് ഈ മാസം 11ന്. രണ്ടാംഘട്ടം നവംബര്‍ ഒമ്പതു മുതല്‍. മൂന്നാംഘട്ടം ജനുവരി ഒന്നു മുതല്‍. മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന മേഖലയിലാണ് പുതിയ നടപടി.
ഈ മാസം 11 മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്ന മേഖലകള്‍: വാഹന വില്‍പ്പന കേന്ദ്രങ്ങള്‍, വസ്ത്രക്കട, വീട്ടുപകരണങ്ങളുടെ കടകള്‍, പാത്രക്കടകള്‍.
നവംബര്‍ ഒമ്പതുമുതല്‍: ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് കടകള്‍, വാച്ച്, കണ്ണട കടകള്‍.
ജനുവരി മുതലുള്ള മൂന്നാംഘട്ടത്തില്‍ ബേക്കറി, സ്‌പെയര്‍ പാട്‌സ്, കാര്‍പ്പറ്റ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളിലും നടപ്പാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."