വിതുമ്പുന്ന ഹൃദയവുമായി വിശ്വാസികൾ പുണ്യ കഅ്ബക്കരികിൽ, വികാര നിർഭരം ഈ കാഴ്ച; മാസങ്ങൾക്ക് ശേഷം വിശുദ്ധ ഉംറ തീർത്ഥാടനം പുനഃരാരംഭിച്ചു
മക്ക: കനത്ത ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാസങ്ങൾക്ക് ശേഷം വിശുദ്ധ ഉംറ തീർത്ഥാടനത്തിന് വീണ്ടും തുടക്കമായി. ഒക്‌ടോബർ പതിനേഴ് വരെയുള്ള ആദ്യ ഘട്ടത്തിൽ പ്രതിദിനം ആറായിരം പേർക്ക് മാത്രമാണ് ഉംറ തീർത്ഥാടനത്തിനായി അനുമതി നൽകുക. ഇത് തന്നെ അഞ്ഞൂറ് പേരടങ്ങുന്ന സംഘമായാണ് അനുവദിക്കുന്നത്. മാസങ്ങൾക്ക് ശേഷം വിശുദ്ധ ഹറം മുറ്റത്ത് ലബ്ബൈക്ക വിളികളുമായി വിശ്വാസികൾ വികാര നിർഭരമായാണ് വിശുദ്ധ ഉംറ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നത്.
സുബ്ഹി, മഗ്‌രിബ് നിസ്‌കാര സമയങ്ങളിൽ ഉംറ തീർത്ഥാടകരെ അനുവദിക്കില്ല. ഈ സമയത്ത് അണുനശീകരണം നടത്താനും ക്ളീനിംഗിനുമായാണ് ഉപയോഗപ്പെടുത്തുക. ഓരോ സംഘവും തീർത്ഥാടനം പൂർത്തീകരിച്ച ശേഷം അണുനശീകരണം നടത്തും. ഓരോ ഗ്രൂപ്പിലും തീർത്ഥാടകർ കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നത് ഉറപ്പ് വരുത്താൻ പ്രത്യേകം സൂപ്പർവൈസർമാർ ഉണ്ടാകും. വൈറസ് ബാധിതരെയോ ലക്ഷണങ്ങൾ കാണുന്നവരെയോ പാർപ്പിക്കാൻ പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങൾ സജ്ജമാണ്. 18 നും 65 ഇടയിലുള്ളവർക്ക് മാത്രമാണ് ഇപ്പോൾ ഉംറ തീർത്ഥാടനത്തിന് അനുവാദം. ഉംറ തീർത്ഥാടനം ആഗ്രഹിക്കുന്ന മുഴുവൻ പേർക്കും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാഴ്ച്ച പിന്നിടാതെ ഒരാൾക്ക് തന്നെ രണ്ടാമതൊരു ഉംറക്ക് അനുവാദം നൽകുകയില്ല.
ഒക്‌ടോബർ 18 നു തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ പതിനയ്യായിരം ഉംറ തീർത്ഥാടകരെയും നാൽപതിനായിരം ഹറം സന്ദർശകരെയും നവംബർ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ വിദേശ ഉംറ തീര്ഥാടകരെയുമാണ് അനുവദിക്കുക. എന്നാൽ, സഊദി ആരോഗ്യ മന്ത്രാലയം അനുവദിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമായിരിക്കും അനുമതി. ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് അനുവദിക്കേണ്ടതെന്ന കാര്യത്തിൽ അന്തിമ അനുമതി ആരോഗ്യ മന്ത്രാലയ റിപ്പോർട്ട് അനുസരിച്ചായിരിക്കും. ഇക്കാര്യത്തിൽ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം, മദീനയിലെ റൗദ ശരീഫ് സിയാറത്ത് ഈ മാസം പതിനെട്ട് ഞായറാഴ്ച (റബീഉല്‍ അവ്വല്‍ ഒന്ന്) മുതല്‍ ആരംഭിക്കും. ഹറം ശരീഫിലെ റൗദ ശരീഫ് ഉള്‍കൊള്ളുന്ന പഴയ ഭാഗമാണ് തീർത്ഥാടകർക്കായി തുറന്നു കൊടുക്കുക. ഇതോടെ, പഴയ ഹറം ശരീഫില്‍ വെച്ച് നിസ്കരിക്കാനും അവിടെ സ്ഥിതിചെയ്യുന്ന പ്രവാചകന്റെ വിശുദ്ധ റൗദ സന്ദർശിക്കാനും പ്രവാചക പ്രേമികൾക്കാകും. റൗദ ശരീഫ് ഉള്‍കൊള്ളുന്ന ഭാഗത്തിന്റെ മൊത്തം ശേഷിയുടെ എഴുപത്തിയഞ്ച് ശതമാനം വിശ്വാസികളെ മാത്രമായിരിക്കും ഓരോ സമയത്തും അനുവദിക്കുക. റൗദ ശരീഫ് സന്ദർശനത്തിനും ഇഅ്തമർനാ ഉംറ ആപ് വഴി പെർമിഷൻ കരസ്ഥമാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."