കൊടപ്പനക്കലെ നോമ്പ് ഓര്‍മകള്‍
കുറച്ചു കാലങ്ങളായി ഓരോ റമദാന്‍ കടന്നുവരുമ്പോഴും മനസിനൊരു വിങ്ങലാണ്. ഉപ്പയും ഉമ്മയുമില്ലാത്ത നോമ്പ്. അവരെ വല്ലാതെ മിസ് ചെയ്യുന്നു. ലോകത്ത് നാം എന്തുതന്നെ നേടി എടുത്താലും തുല്യതയില്ലാത്ത ഒന്നാണ് മാതാപിതാക്കളും അവരുടെ സ്‌നേഹവും. ഈലോകത്തെ ഏറ്റവും വലിയ തണല്‍മരങ്ങളായ അവരുടെ അനുഗ്രഹങ്ങള്‍ തന്നെയാണ് അല്ലാഹുവിന്റെ സന്നിധിയിലും നമുക്ക് കുളിരായി മാറുക. മറ്റുള്ളവരില്‍ നിന്ന് എത്ര സ്‌നേഹം ലഭിച്ചാലുംശരി മാതാപിതാക്കളുടെ സ്‌നേഹപരിലാളനങ്ങള്‍ കടല്‍ പോലെ വിശാലമാണ്. അനന്തമായ സ്‌നേഹത്തിന്റെ അനുഭൂതി ഇപ്പോഴും കൊതിക്കാറുണ്ടെങ്കിലും അവര്‍ നമ്മോടൊപ്പമില്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിയുമ്പോള്‍ ഉള്ളിന്റെയുള്ളില്‍ വലിയൊരു ഞെട്ടലാണുളവാക്കുക. അവരില്ലാത്ത റമദാന്‍ മനസിനെ വല്ലാതെ വേദനിപ്പിക്കാറുണ്ട്. ഉപ്പ ഇരുന്നിരുന്ന കസേരയില്‍ ദൃഷ്ടി ചെന്നുടക്കുമ്പോള്‍ ഒരു നടുക്കം. ഒരുതരം ശൂന്യത.
ഉപ്പയ്ക്ക് എന്നും തിരക്കായിരുന്നു. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ ഉദ്ഘാടനങ്ങളും സമ്മേളനങ്ങളും വിവാഹങ്ങളും. അതിനുപുറമെ കേരളത്തിന് പുറത്തും ഗള്‍ഫിലുമൊക്കെ പരിപാടികള്‍. എല്ലാ സമയത്തും ഉപ്പയെ കാത്ത് വീട്ടിലും ധാരാളം ആളുകള്‍. ചര്‍ച്ചകള്‍, പ്രശ്‌ന പരിഹാരങ്ങള്‍. അങ്ങനെ ഒത്തിരി കാര്യങ്ങള്‍. അത് പുലര്‍ച്ചെ മുതല്‍ പാതിരാത്രി വരെ തുടരും. അതുപോലെതന്നെ വരുന്നവര്‍ക്ക് ചായയുമായി ഓടിനടക്കുന്ന അലവികാക്ക. അദ്ദേഹത്തെയും ഈ കുടുംബത്തിന്റെ ഒരു നാഥനായിട്ടായിരുന്നു ഞങ്ങള്‍ കണ്ടിരുന്നത്.
ഉപ്പ വീട്ടിലുള്ള സമയത്ത് ആ തലോടലും സ്‌നേഹ ലാളനകളുമൊക്കെ നന്നായി അനുഭവിച്ചിട്ടുണ്ട്. ആസ്വദിച്ചിട്ടുണ്ട്. എന്നാലും പോരാ, പോരാ എന്നൊരു തോന്നല്‍. ഞങ്ങള്‍ മക്കളോടുള്ള പോലെ പുറത്തുള്ള ആളുകളോടും സ്‌നേഹം പ്രകടിപ്പിക്കുന്നത് കാണുമ്പോള്‍ സ്വന്തം പിതാവിനെ മാത്രമല്ല വലിയൊരു മഹത്‌വ്യക്തിത്വത്തെ അദ്ദേഹത്തില്‍ ഞങ്ങള്‍ നേരിട്ടു കണ്ടിട്ടുണ്ട്. ഞങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയ എല്ലാ നന്മകളും അദ്ദേഹത്തില്‍നിന്നും ഉള്‍ക്കൊണ്ടവയാണെന്ന് പറയുന്നതാവും ശരി.
അനുഭവങ്ങളില്‍ ഏറെ മനോഹരം കുട്ടിക്കാലം തന്നെയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നോമ്പനുഭവങ്ങളില്‍ പ്രത്യേകിച്ചും. കടലുണ്ടിപ്പുഴയോരത്ത് പഴമയുടെ പ്രൗഢിയില്‍ തലഉയര്‍ത്തിനില്‍ക്കുന്ന കൊടപ്പനക്കല്‍ തറവാട്. പുതുക്കിപ്പണിയുന്നതിനുമുന്‍പ് ഓടുമേഞ്ഞ പഴയ വീടായിരുന്നു. പിന്‍ഭാഗത്ത് ശാന്തമായൊഴുകുന്ന കടലുണ്ടി പുഴ. വീട്ടുവളപ്പില്‍ നിറയെ പലവിധ മരങ്ങള്‍. പഴങ്ങള്‍. അവയില്‍ വിവിധയിനം പക്ഷികള്‍. അവയുടെ പാട്ടുകള്‍. മെയിന്റോഡ് ഇന്നത്തെ പോലെ വികസിച്ചിട്ടില്ല. ചീറിപ്പായുന്ന വാഹനങ്ങളില്ല. വല്ലപ്പോഴും പൊടിപറത്തി കടന്നുപോകുന്ന ബസുകള്‍ മാത്രം. പടിഞ്ഞാറുനിന്നും വീശുന്ന കാറ്റിനുപോലും വല്ലാത്തൊരു ശാന്തതയായിരുന്നു.
എളാപ്പമാരും കുടുംബങ്ങളും എല്ലാം ഇവിടെ തറവാട്ടില്‍ തന്നെയായിരുന്നു താമസം. അവരുടെ മക്കളുമൊത്ത് കളിയും ചിരിയും മുങ്ങാങ്കുഴിയിട്ട് പുഴയിലെ നീരാട്ടുമെല്ലാമായിരുന്ന ബാല്യം.
കുട്ടിക്കാലത്ത് റമദാന്‍ വന്നെത്തുമ്പോള്‍ മനസിന് വല്ലാത്തൊരു സന്തോഷമാണ്. മറ്റൊന്നുമല്ല. ഉപ്പയെ ഞങ്ങള്‍ക്ക് കണ്‍കുളിര്‍ക്കെ കാണാന്‍ വീട്ടില്‍ കിട്ടും. പരിപാടികളും യാത്രകളും കുറവായതിനാലാണിത്. അല്ലാത്ത സമയങ്ങളിലെല്ലാം ഉപ്പ പുറത്തായിരിക്കും. ചെറിയവരോ വലിയവരോ എന്നില്ല, ആര് ക്ഷണിച്ചാലും ഉപ്പ ക്ഷണം സ്വീകരിക്കും. താന്‍ ചെന്നില്ലെങ്കില്‍ അവര്‍ വിഷമിക്കുമോ എന്ന ഭയമായിരുന്നു ഉപ്പാക്ക്. ആളുകള്‍ വിഷമിക്കുന്നത് കാണാനുള്ള ശേഷി ഉപ്പക്കില്ലായിരുന്നു. അതുകൊണ്ടുതന്നെയാണ് അനാരോഗ്യ ഘട്ടത്തില്‍പോലും ക്ഷണം സ്വീകരിച്ച് പല പരിപാടികള്‍ക്കും മറ്റും പോയിരുന്നത്.
ഉപ്പ നന്നായി വായിക്കുമായിരുന്നു. റമദാനില്‍ പ്രാര്‍ഥനകള്‍ക്ക് ശേഷമാണ് വായനക്കുള്ള സമയം കണ്ടെത്തുക. ഉപ്പ വീട്ടിലുണ്ടെന്നറിഞ്ഞാല്‍ അയല്‍വാസികളും സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ കൊടപ്പനക്കല്‍ തറവാട്ടിലെത്തും. അവര്‍ തമ്മില്‍ മനസ് തുറക്കുന്ന സന്ദര്‍ഭം കൂടിയാണത്. കുശലാന്വേഷണങ്ങള്‍, പഴയകാല ഓര്‍മകള്‍ അങ്ങനെ ഒത്തിരിയൊത്തിരി മധുരാനുഭവങ്ങള്‍. നാട്ടിലെ പാവപ്പെട്ട ആളുകളെ ഉപ്പാക്ക് അറിയാം. അവരോട് വല്ലാത്തൊരു ഇഷ്ടമായിരുന്നു ഉപ്പാക്ക്. അവര്‍ക്ക് എന്തെങ്കിലും നല്‍കണം എന്നത് നിര്‍ബന്ധമുള്ള കാര്യമായിരുന്നു. പണം, വസ്ത്രം, ഭക്ഷ്യ സാധനങ്ങള്‍ തുടങ്ങിയവ നല്‍കും. ഉമ്മാക്കും ഇതുപോലെ തന്നെയാണ്. ഉമ്മയുടെ അറിവിലുള്ള സ്ത്രീകള്‍ വരും. ഉമ്മ അവര്‍ക്കും പണവും സാധനങ്ങളും നല്‍കും. എല്ലാ വര്‍ഷവും റമദാന്റെ ആദ്യദിനങ്ങളില്‍ വീട്ടില്‍ എല്ലാവരെയും നോമ്പ് തുറപ്പിക്കാറുണ്ട്. ഒരുദിവസം നാട്ടുകാര്‍ക്ക്. പിന്നെ അയല്‍വാസികള്‍, ഉപ്പയുടെ സുഹൃത്തുക്കള്‍, നേതാക്കള്‍ അങ്ങനെ ഓരോ ദിവസം ഓരോരുത്തര്‍ക്ക്. മരണംവരെ ഉപ്പ അത് തെറ്റിച്ചിരുന്നില്ല. സ്ഥിരമായി തുടര്‍ന്നുവന്നിരുന്ന നോമ്പ് തുറകളും ഉപ്പ തെറ്റിച്ചിരുന്നില്ല. ഓരോ ദിവസം ഇസ്ഹാഖ് കുരിക്കള്‍, കൊരമ്പയില്‍ അഹമ്മദ് ഹാജി, അഡ്വ. യു. എ ലത്തീഫ് എന്നിവരുടെ വീടുകളിലെ നോമ്പുതുറ ഉപ്പ തെറ്റിക്കാറില്ലായിരുന്നു.
ഏഴുവയസുമുതല്‍ തന്നെ കുട്ടികളായ ഞങ്ങളെ നോമ്പെടുപ്പിക്കാറുണ്ട്. ഏറിയാല്‍ എട്ടോ, ഒന്‍പതോ എണ്ണം. നോമ്പ് ദിനങ്ങള്‍ വിശപ്പും ദാഹവുമൊക്കെ ഉണ്ടെങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്ക് സന്തോഷ ദിനങ്ങളാണ്. നോമ്പെടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് എല്ലാവരില്‍നിന്നും നിന്നും പ്രത്യേക പരിഗണന ലഭിക്കുമായിരുന്നു. അന്നേദിവസം ലഭിക്കുന്ന സ്‌നേഹത്തിന് പ്രത്യേക അനുഭൂതി തന്നെയുണ്ട്. വളരെ ഇഷ്ടപ്പെട്ട സ്പെഷ്യല്‍ പലഹാരങ്ങളുമെല്ലാം ഞങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാക്കിത്തരും. മുതിര്‍ന്നവരെ പോലെ പള്ളിയില്‍ പോയി ഇരിക്കും. ഖുര്‍ആന്‍ പാരായണം ചെയ്യും. പ്രാര്‍ഥനകളില്‍ മുഴുകും. ഖബര്‍ സിയാറത്ത് നടത്തും.
റമദാന്റെ അവസാന നാളുകള്‍ വളരെ ഭക്തിപൂര്‍ണമായിരിക്കും. എല്ലാവരും കൂടുതല്‍ സമയവും പള്ളിയില്‍ കഴിച്ചുകൂട്ടും. പ്രത്യേകിച്ചും രാത്രി സമയങ്ങളില്‍. അന്ന് മരിച്ചവര്‍ക്കും മറ്റുമായി പ്രത്യേക പ്രാര്‍ഥനകളുണ്ടാകും. ശവ്വാല്‍പിറവിയോടെ പെരുന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കമാണ്. പെരുന്നാള്‍ തലേന്ന് വീട്ടില്‍ നാട്ടുകാരണവര്‍മാരടക്കം ധാരാളം ആളുകള്‍ വരും. ഉപ്പയില്‍നിന്നും മാസപ്പിറവി വിവരം നേരിട്ടറിയാനാണ്. ഏക ശ്രാവ്യ വാര്‍ത്താ മാധ്യമം റേഡിയോ മാത്രം. എന്നാല്‍ റേഡിയോ അറിയുന്നതിനുമുന്‍പേ കൊടപ്പനക്കല്‍ തറവാട്ടില്‍ വച്ച് അറിയണമെന്നാണ് അവരുടെയൊക്കെ ആഗ്രഹം. പെരുന്നാള്‍ മാസപ്പിറവി പ്രഖ്യാപിക്കുന്നതോടെ പെരുന്നാള്‍ അറിയിച്ച് മാലപടക്കങ്ങള്‍ പൊട്ടുന്നത് കേള്‍ക്കാം. അതോടെ നാട്ടുകാര്‍ക്ക് പെരുന്നാള്‍ ഉറപ്പായി.
ശാസ്ത്ര സാങ്കേതികവിദ്യ ഇത്രത്തോളം വളര്‍ന്നിട്ടില്ലാത്ത അന്നത്തെ റമദാനിലും പെരുന്നാളിലുമെല്ലാം നന്മനിറഞ്ഞ ഒട്ടേറെ കാഴ്ചകള്‍ നേരിട്ട് കാണാന്‍ സാധിക്കുമായിരുന്നു. വീട്ടില്‍ വല്ല ആവശ്യങ്ങള്‍ക്കും വരുന്ന ഇതര സമുദായക്കാര്‍ക്ക് ഉമ്മമാര്‍ നല്‍കിയിരുന്ന പത്തിരിയിലും ഇറച്ചിയിലും അവരുടെ മനസും കൂടെ ചേര്‍ത്തു വച്ചിരുന്നു. സ്‌നേഹപൂര്‍വം ലഭിച്ച അവ കെട്ടിപ്പൊതിഞ്ഞ് സ്വന്തം പാതിക്കും കുട്ടികള്‍ക്കും കൊണ്ടുപോകുന്ന അമ്മമാര്‍ സ്‌നേഹത്തിന്റെ നിറകുടങ്ങളായിരുന്നു. അത്തരം മനോഹര കാഴ്ചകള്‍ തേടി കണ്ണുകള്‍ ഇന്നും എങ്ങും പരതാറുണ്ട്.
യഥാര്‍ഥത്തില്‍ വ്രതം പ്രാര്‍ഥനകള്‍ക്കപ്പുറം സാമൂഹിക നന്മകളുടെ പശ്ചാത്തലം ഒരുക്കാറുണ്ട്. റിലീഫിലൂടെ സഹായ ഹസ്തവും ആശ്ലേഷണത്തിലൂടെ ഹൃദയങ്ങളുടെ സ്പര്‍ശവും പ്രഭാഷണങ്ങളിലൂടെ നിരവധി അറിവുമെല്ലാം. അത് സാമൂഹികവും മാനുഷികവുമായ മൂല്യങ്ങളുടെ സന്ദേശങ്ങളാണ് നല്‍കുന്നത്. ആ നന്മയാണ് എക്കാലത്തും നമ്മുടെ സമൂഹത്തെ ധാര്‍മികവും സാംസ്‌കാരികവുമായി പരിവര്‍ത്തിപ്പിക്കുക. ി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."