വാഗണ്‍ ആര്‍ മിനുങ്ങി വരുന്നു; സാന്‍ട്രോ- വാഗണ്‍ ആര്‍ മത്സരം വീണ്ടും
ഇന്ത്യന്‍ വിപണിയില്‍ ഏറെ ജനപ്രിയമായ മാരുതി സുസുക്കിയുടെ വാഗണ്‍ ആര്‍ രൂപമാറ്റത്തോടെ 2019 ല്‍ ലോഞ്ചിങിനൊരുങ്ങുന്നു. ഓരോ മാസവും 14,000 യൂനിറ്റ് വില്‍പ്പനയുള്ള വാഗണ്‍ ആര്‍ എസ്.യു.വിക്ക് സമാനമായ ബോഡി ഗെറ്റപ്പിലാണ് പുതുക്കിയിറക്കുന്നത്.
നിലവില്‍ ജപ്പാനില്‍ വില്‍പ്പനയിലുള്ള കാര്‍ 2019 ആദ്യത്തില്‍ തന്നെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് അറിയുന്നത്. വാഗണ്‍ ആറിന്റെ 6-ാം ജനറേഷനാണ് പുതിയത്.
ഒന്നും രണ്ടും ജനറേഷനുകള്‍ കഴിഞ്ഞ് മൂന്നാം ജനറേഷന്‍ ഇന്ത്യയില്‍ ഇറക്കിയിരുന്നില്ല. നാല് വന്നെങ്കിലും അഞ്ചാം ജനറേഷന്‍ ഇവിടെ പരീക്ഷിച്ചില്ല.
ആള്‍ട്ടോ കെ10, സിലേറിയോ കാറുകളിലുള്ള 1 ലിറ്റര്‍ കെ10 എന്‍ജിനോടെയാണ് വാഗണ്‍ ആറിന്റെ പുതിയ വരവ്. സി.എന്‍.ജി ഒപ്ഷന്‍ കാറുകളും ലഭ്യമാവും. എന്നാല്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒപ്ഷന്‍ ഉണ്ടാവുമോയെന്ന് വ്യക്തമല്ല.
അതിനിടെ, കഴിഞ്ഞയാഴ്ച വാഗണ്‍ ആറിന്റെ 25-ാം ജന്മദിനം ആഘോഷിച്ചു. പശ്ചിമ യൂറോപ്പിലും ജപ്പാനിലും ഏറെ ജനപ്രിയമാണ് വാഗണ്‍ ആര്‍. ജപ്പാനിലെ കേയ് കാര്‍ വിഭാഗത്തിലും മൊത്തത്തിലും ബെസ്റ്റ് സെല്ലര്‍ കൂടിയാണ് വാഗണ്‍ ആര്‍.
അതേസമയം, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഒപ്ഷന്‍ 2020 ഓടെ പുറത്തിറക്കുമെന്നാണ് സൂചന നല്‍കുന്നത്, ഇതിന്റെ പരീക്ഷണം മുന്‍പേ തുടങ്ങും. മാരുതി 50 കാറുകളില്‍ വൈദ്യുതി പരീക്ഷണം നടത്തുന്നുണ്ട്.
ഹ്യൂണ്ടായ് സാന്‍ട്രോ വീണ്ടും പുറത്തിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് വാഗണ്‍ ആര്‍ മുഖംമിനുക്കിയെത്തുന്നത്. പഴയ മത്സരക്കാര്‍ വീണ്ടും കൊമ്പുകോര്‍ക്കുമെന്നുറപ്പ്. ഇതോടൊപ്പം മത്സരിക്കാന്‍ ടാറ്റ തിയാഗോയും ഉണ്ടാവും.
പുതിയ ക്രാഷ് റെഗുലേഷനുകള്‍ പാസായി, എ.ബി.എസ് ബ്രേക്ക്, എയര്‍ബാഗ് സംവിധാനത്തോടെയായിരിക്കും വാഗണ്‍ ആറിന്റെ വരവ്. എല്‍.ഇ.ഡി പ്രൊജക്ടര്‍ ലാംപും പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."