അവസാന ഘട്ടത്തില്‍ 61 ശതമാനം; ബംഗാളില്‍ വ്യാപക അക്രമം
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ബംഗാളില്‍ വ്യാപക അക്രമം. നോര്‍ത്ത് കൊല്‍ക്കത്ത, ബാരക്‌പോര, ബഷീര്‍ഹട്ട്, ഡംഡം, ഡയമണ്ട് ഹാര്‍ബര്‍, ജാദവ്പൂര്‍ മണ്ഡലങ്ങളിലാണ് അക്രമമുണ്ടായത്. ബാരക്‌പോരയിലും ബഷീര്‍ഹട്ടിലും ബോംബേറുണ്ടായി. പലയിടത്തും പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി.
അവസാനഘട്ടത്തില്‍ 61 ശതമാനം പോളിങ് രേഖപ്പെടുത്തി. ബംഗാളിലെ ജാദവ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടിങ് മെഷിനില്‍ കൃത്രിമം നടത്തിയെന്ന് ബി.ജെ.പി ആരോപിച്ചു. അക്രമ സാധ്യതയുള്ളതിനാല്‍ പെരുമാറ്റച്ചട്ട കാലാവധി തീരുന്നതുവരെ കേന്ദ്രസേനയെ പിന്‍വലിക്കരുതെന്ന് ബി.ജെ.പി ബംഗാള്‍ ഘടകം തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ക്കെതിരേ വ്യാപക അക്രമം നടക്കുന്നതായി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പരാതിപ്പെട്ടു. വോട്ടെടുപ്പിനുശേഷം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ പ്രതികാരം ചെയ്യണമെന്ന് മമത പറഞ്ഞതായും നിര്‍മല ആരോപിച്ചു.
കേന്ദ്രസേനയ്‌ക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് പരാതിയുമായി രംഗത്തുവന്നു. കേന്ദ്രസേന വോട്ടര്‍മാരെ അക്രമിച്ചതായും വികലാംഗനായ വോട്ടറെ മര്‍ദിച്ചതായും ഭട്ട്പാര നിയമസഭാ സ്ഥാനാര്‍ഥി മദന്‍ മിത്രയെ ബി.ജെ.പി സ്ഥാനാര്‍ഥി അര്‍ജുന്‍ സിങ്ങിന്റെ ഗുണ്ടകള്‍ അക്രമിച്ചതായും തൃണമൂല്‍ ആരോപിച്ചു. കേന്ദ്രസേനയും ബി.ജെ.പിയും ചേര്‍ന്ന് തൃണമൂല്‍ പ്രവര്‍ത്തകരെ മര്‍ദിക്കുകയാണെന്ന് കൊല്‍ക്കത്തയില്‍ വോട്ടു രേഖപ്പെടുത്തിയശേഷം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു.
അക്രമത്തിനെതിരേ പരാതിയുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനറെ കണ്ടു. ഡംഡം, ഡയമണ്ട് ഹാര്‍ബര്‍, ജാദവ്പൂര്‍, നോര്‍ത്ത് കൊല്‍ക്കത്ത എന്നിവിടങ്ങളിലെ തൃണമൂല്‍ അക്രമത്തിനെതിരേ പരാതി ഉന്നയിച്ചതായി യെച്ചൂരി പറഞ്ഞു.
ബിഹാറിലെ അര്‍റയില്‍ കള്ളവോട്ട് തടയാന്‍ ശ്രമിച്ച പൊലിസിനുനേരെ കല്ലേറുണ്ടായി. സര്‍ക്കുനയില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയത് പോളിങ് തടസപ്പെടുത്തി. പട്‌നയില്‍ ആര്‍.ജെ.ഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ കാറിന്റെ ചില്ല് തകര്‍ത്തെന്നാരോപിച്ച് മാധ്യമ ഫോട്ടോഗ്രാഫര്‍ രഞ്ജന്‍ റായിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."