സര്‍ക്കാരിന്റെ പിടിവാശി സഹായിക്കുന്നവരെ പിന്തിരിപ്പിക്കുന്നു: എം.കെ മുനീര്‍
തിരുവനന്തപുരം: സര്‍ക്കാരിന്റെ പിടിവാശി പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായഹസ്തം നീട്ടുന്നവരെ പിന്തിരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. സഹായിക്കാന്‍ എത്തുന്നവരെ അകറ്റുന്ന രീതിയിലുള്ള കടുംപിടുത്തമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച 'പ്രളയാനന്തര കേരളം' മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിന് ശേഷം പടര്‍ന്നു പിടിച്ച എലിപ്പനിയെ പ്രതിരോധിക്കാന്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കാനെത്തിയ സ്വകാര്യ ആശുപത്രികള്‍ക്കും വ്യക്തികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല. പുനരധിവാസം കടുത്ത വെല്ലുവിളിയായിരിക്കുന്ന സാഹചര്യത്തില്‍ ദുരിതബാധിതരെ സഹായിക്കുന്നത് വ്യക്തികളും സംഘടനകളും മാത്രമാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
പ്രളയത്തിന്റെ കാരണം കണ്ടെത്തി പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണം. ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതിനൊപ്പം ഒരു വിദഗ്ധസമിതിക്ക് രൂപം നല്‍കണം. സമിതി ഹ്രസ്വകാലംകൊണ്ടുതന്നെ പരിശോധന പൂര്‍ത്തിയാക്കണം. പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അത് ഗൗരവത്തോടെ കാണാതെ രാഷ്ട്രീയ വിമര്‍ശനങ്ങളായി കരുതുന്നത് ശരിയല്ലെന്നും മുനീര്‍ പറഞ്ഞു. പ്രളയബാധിതര്‍ക്കായി സമാഹരിക്കുന്ന വിഭവങ്ങളുടെ വിനിയോഗത്തെ കുറിച്ച് ബ്ലൂ പ്രിന്റ് തയാറാക്കണം. സര്‍ക്കാരിനുണ്ടായ പാളിച്ചകളെ സ്വയം വിമര്‍ശനമായി കാണണം. പ്രളയത്തില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ ഭാവിയില്‍ മുന്‍കരുതലിന് ഉപയോഗപ്പെടും.
സംസ്ഥാനത്തെ ഡാമുകളിലേറെയും സുരക്ഷിതമല്ലെന്ന കേന്ദ്ര ജലകമ്മീഷന്റെ റിപ്പോര്‍ട്ട് ഗൗരവത്തോടെ കണ്ട് ഡാമുകളുടെ സുരക്ഷാപരിശോധനക്ക് വിദഗ്ധരെ നിയോഗിക്കണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു. പ്രളയവും പകര്‍ച്ചവ്യാധികളും ഉള്‍പ്പെടെ സംസ്ഥാനത്ത് നിരവധി പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ മന്ത്രിസഭക്ക് ചര്‍ച്ച ചെയ്യാന്‍ അജണ്ടയില്ലാത്തത് വിചിത്രമാണ്.
മുഖ്യമന്ത്രി ചികിത്സക്കായി വിദേശത്ത് പോകുമ്പോള്‍ മറ്റൊരു മന്ത്രിക്ക് ചുമതല നല്‍കേണ്ടിയിരുന്നെന്നും മുനീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."