സഊദിയിലെ ജിസാനിൽ ഹൂതി മിസൈൽ പതിച്ചു; ആളപായമില്ലെന്ന് റിപ്പോർട്ട്
റിയാദ്: സഊദിയിലെ അതിർത്തി പ്രദേശമായ ജിസാനിൽ മിസൈൽ പതിച്ചു. യമനിലെ വിമത വിഭാഗമായ ഇറാൻ അനുകൂല ഹൂതികൾ വിക്ഷേപിച്ച മിസൈൽ ആണ് സഊദി മേഖലയിൽ ഞായറാഴ്ച പതിച്ചത്. സംഭവത്തിൽ ആളപായമോ നാശനാഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, മിസൈൽ അവശിഷ്ടം പതിച്ചു ഒരു കാർ തകർന്നിട്ടുണ്ട്.
കാർ തകർന്നതായും ആർക്കും പരിക്കെറ്റിട്ടില്ലെന്നും സഊദി സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് ബിൻ അൽ യഹ്‌യ പറഞ്ഞു. യമൻ പ്രദേശത്ത് നിന്നാണ് അതിർത്തി പ്രദേശമായ ജിസാൻ ഗവർണറേറ്റിലെ അൽ അർദ ഗ്രാമത്തിലേക്കാണ് മിസൈൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെയും നിരവധി തവണ സഊദിക്കെതിരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായെങ്കിലും സഊദി പ്രതിരോധ സേന അവയെല്ലാം ആകാശത്ത് വെച്ച് തന്നെ തകർത്തിരുന്നു. സെപ്റ്റംബർ 15 നു ഉണ്ടായ മിസൈൽ ആക്രമണത്തിൽ 5 പേർക്ക് പരിക്കേൽക്കുകയും മൂന്ന് വാഹനങ്ങൾ അടക്കം നിരവധി നാശനഷ്ടങ്ങളും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."