മെക്‌സിക്കോയില്‍ 166 തലയോട്ടികള്‍ കണ്ടെത്തി
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ 166 പേരുടെ തലയോട്ടികളുള്ള കുഴിമാടങ്ങള്‍ കണ്ടെത്തി. വെരാക്രൂസ് സംസ്ഥാനത്താണ് കുഴിമാടം കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഇവ കണ്ടെത്തിയ പ്രദേശങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരം നല്‍കാന്‍ അവര്‍ തയാറായിട്ടില്ല.
കുഴിമാടങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടക്കുകയാണെന്നും 200 വസ്ത്രങ്ങളുടെ അവശിഷ്ടങ്ങള്‍, 144 തിരിച്ചറിയല്‍ കാര്‍ഡുകള്‍, മറ്റു വസ്തുക്കള്‍ എന്നിവ ഇവിടെനിന്ന് കണ്ടെത്തിയെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ജോര്‍ജ് വിങ്ക്‌ലര്‍ പറഞ്ഞു.
ഡ്രോണുകളും ഭൂമിക്കടിയിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന റഡാറുകളും ഉപയോഗിച്ച് ഒരു മാസത്തിലേറെയായി നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് നിരവധി പേരുടെ ശരീരാവശിഷ്ടങ്ങള്‍ ഈ പ്രദേശത്തുണ്ടെന്ന് കണ്ടെത്താനായത്. നൂറ് കണക്കിന് പേരെ ഇവിടെ കുഴിച്ചുമൂടിയിട്ടുണ്ടെന്ന് പ്രദേശവാസി വിവരം നല്‍കിയതായി സ്റ്റേറ്റ് പ്രോസിക്യൂട്ടറുടെ ഓഫിസ് പറഞ്ഞു.
രഹസ്യമായി കുഴിച്ചുമൂടിയ ശരീര അവശിഷ്ടങ്ങള്‍ക്ക് രണ്ട് വര്‍ഷത്തോളം പഴക്കമുണ്ടെന്ന് ഫോറന്‍സിക് പരിശോധനയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 32 കുഴിമാടങ്ങളാണ് കണ്ടെത്തിയതെന്നും ഓഫിസ് അറിയിച്ചു. കൂട്ടമരണത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
മെക്‌സിക്കോയില്‍ 2006ന് ശേഷം മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിരുന്നു. മയക്കുമരുന്നു റാക്കറ്റുകള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ക്ക് കുപ്രസിദ്ധമായ തുറമുഖ നഗരമാണ് വെരാക്രൂസ്.
മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള അക്രമണങ്ങളില്‍ 12 വര്‍ഷത്തിനിടെ ഇവിടെ രണ്ടു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷം മാത്രം 28,702 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ 37,000 പേരെ കാണാതായിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."