60 ശതമാനം ഉദ്യോഗാര്‍ഥികളും ബി.എസ്.എഫില്‍ ചേരാന്‍ വിസമ്മതിക്കുന്നു
ന്യൂഡല്‍ഹി: അതിര്‍ത്തി സുരക്ഷാ സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 60 ശതമാനം പേരും സൈന്യത്തില്‍ ചേരാന്‍ മടിക്കുന്നു. 2015ലെ അസിസ്റ്റന്‍ഡ് കമാന്‍ഡോ തസ്തികയിലേക്കുള്ള യു.പി.എസ്.സി പരീക്ഷ വിജയിച്ച 28 പേര്‍ക്ക് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സി(ബി.എസ്.എഫ്)ലേക്ക് നിയമനം ലഭിച്ചെങ്കിലും 12 പേര്‍ മാത്രമാണ് സൈന്യത്തില്‍ ചേര്‍ന്നത്. ബാക്കി 16 പേരും സൈന്യത്തില്‍ ചേരാന്‍ കൂട്ടാക്കിയില്ല.
അര്‍ധസൈനിക വിഭാഗത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയും അതിര്‍ത്തിയിലെ നിരന്തര സംഘര്‍ഷവുമാണ് ഉദ്യോഗാര്‍ഥികള്‍ സൈന്യത്തില്‍ ചേരാന്‍ മടിക്കുന്നതിനു പ്രധാന കാരണമെന്നാണ് വിവരം.
നേരത്തെ പല ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ പരാതി പരസ്യമായി തന്നെ ബോധിപ്പിച്ചിരുന്നു.
2014ല്‍ നടന്ന യു.പി.എസ്.സി പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെട്ട 31 പേരില്‍ 17 പേര്‍ മാത്രമാണ് പരിശീലനത്തിനെത്തിയിരുന്നത്. 2013ല്‍ നിയമനം ലഭിച്ച 110 പേരില്‍ 69 പേര്‍ മാത്രമാണ് സേനയില്‍ ചേര്‍ന്നത്. അതില്‍ 15 പേര്‍ ഇടക്കാലത്ത് രാജിവച്ചു പോകുകയും ചെയ്തു.
സൈനികര്‍ക്ക് ക്യാംപുകളില്‍ മോശം ഭക്ഷണവും പരിചരണവും നല്‍കുന്നതായി കുറ്റപ്പെടുത്തി സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദുര്‍ സിങ്ങിന്റെ വിഡിയോയും ഉദ്യോഗാര്‍ഥികളെ സ്വാധീനിച്ചതായാണു വിവരം.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ആകെ 522ഓളം ഗസറ്റഡ് തസ്തികകള്‍ ബി.എസ്.എഫില്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. എന്നാല്‍, അസിസ്റ്റന്‍ഡ് കമാന്‍ഡന്‍ഡ് തസ്തികയിലേക്ക് പരീക്ഷയെഴുതുന്ന ഭൂരിഭാഗവും പ്രശ്‌നബാധിത മേഖലയില്‍ ജോലി ചെയ്യേണ്ടതില്ലാത്ത സി.ഐ.എസ്.എഫാണ് തിരഞ്ഞെടുക്കാറ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."