കൊണ്ടോട്ടി നഗരസഭ കൗണ്‍സില്‍ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ബഹളവും വാക്കേറ്റവും നഗരാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്‌കരിക്കും
കൊണ്ടോട്ടി: നഗരസഭക്ക് പുതുതായി അനുവദിച്ച നഗരാരോഗ്യകേന്ദ്രത്തിന്റെ സ്ഥലം തെരഞ്ഞെടുത്തതടക്കമുളള കാര്യങ്ങളില്‍ ഏകപക്ഷീയമായി തീരുമാനമെടുത്തതിനെച്ചൊല്ലി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ബഹളവും വാക്കേറ്റവും.
ഭരണ മുന്നണി പ്രതിപക്ഷത്തോട് ആലോചിക്കാതേയും യോഗത്തില്‍ ചര്‍ച്ച ചെയ്യാതെയുമാണ് കേന്ദ്രം മുസ്‌ലിയാരങ്ങാടിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് പറഞ്ഞ് മുസ്‌ലിംലീഗ് കൗണ്‍സിലര്‍മാരായ യു.കെ മമ്മദിശ,മുഹമ്മദ് റാഫി, ഇം.എം റഷീദ് എന്നിവര്‍ രംഗത്തെത്തി.ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷാ മാസ്റ്റര്‍ യോഗത്തിന് എത്തിയിരുന്നുമില്ല.
മുസ്‌ലിയാരങ്ങാടിയില്‍ ആരംഭിക്കുന്ന പുതിയ കേന്ദ്രം തിങ്കളാഴ്ച ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സഭയില്‍ ചര്‍ച്ചയുണ്ടായത്. ഉദ്ഘാടന ചടങ്ങ് പോസ്റ്ററുകളിലൂടെ അറിയേണ്ട അവസ്ഥയാണുളളതെന്നും ആയതിനാല്‍ തന്നെ തിങ്കളാഴ്ചയുള്ള ഉദ്ഘാടനം ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷങ്ങള്‍ പറഞ്ഞു. എന്നാല്‍ ആവശ്യമായ സ്ഥലത്താണ് ആരോഗ്യ കേന്ദ്രം സ്ഥാപിച്ചതെന്ന ഭരണപക്ഷത്തിന്റെ വാദം കൂടിയായതോടെ സഭ ബഹളത്തില്‍ കലാശിച്ചു. പരസ്പരം പോര്‍വിളികളാല്‍ പ്രശ്‌നം സങ്കീര്‍ണമായി. സ്ഥലം എം.എല്‍.എയെ അടക്കം ബോര്‍ഡുകളില്‍ നിന്ന് ഒഴിവാക്കിയതായും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ നഗരസഭയല്ല ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നും വിവിധ സംഘടനകളാണ് ഇവ സ്ഥാപിച്ചതെന്നും ഭരണകക്ഷിയംഗങ്ങള്‍ അറിയിച്ചു. വിഷയം പരിശോധിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും വികസന സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ.കെ.കെ സമദ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ വികാരം കൂടി ഉള്‍ക്കൊണ്ട് തെറ്റുണ്ടായെങ്കില്‍ തിരുത്തുമെന്ന് ഭരണസമിതി അറിയിച്ചതോടെയാണ് സഭ ശാന്തമായത്.
ഭരണ പക്ഷത്തെ ചില അംഗങ്ങള്‍ യോഗങ്ങളില്‍ ചര്‍ച്ചക്കെടുക്കാത്ത വിഷയങ്ങള്‍ കൊണ്ടോട്ടി ടൗണിലും മറ്റും ഏകപക്ഷീയമായി നടപ്പാക്കാന്‍ ശ്രമിക്കുന്നതായും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. ചെയര്‍മാന്റെ കൂടെ സഹായിയായി പോയ കൗണ്‍സിലര്‍ക്ക് ടി.എ അനുവദിക്കരുതെന്നും ഇവര്‍ പറഞ്ഞു.ആരോപണ വിധേയനായ അംഗവും പ്രതിപക്ഷവും തമ്മിലും ഇതിനെച്ചൊല്ലി വാക്കേറ്റത്തിനിടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."