ഫ്രഞ്ച് ഫുട്ബോള്‍ താരം കുര്‍ത് സൂമ മക്കയില്‍
മക്ക: വിശുദ്ധ റമദാനില്‍ ജീവിത സായൂജ്യം തേടി ഫ്രഞ്ച് ദേശീയ ഫുട്ബോള്‍ താരവും എവര്ടന് ക്ലബ്ബ് കളിക്കാരനുമായ കുര്‍ത് സൂമ മക്കയിലെത്തി. വിശുദ്ധ റമദാനിലെ ഉംറ നിര്‍വഹിക്കുന്നതോടൊപ്പം മക്കയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതും ലക്ഷ്യമാക്കിയാണ് അദ്ദേഹം മക്കയിലെത്തിയത്.
രണ്ടാം തവണ ഉംറ നിര്‍വഹിക്കാനെത്തിയതായി ഇദ്ദേഹത്തിന്റെ സന്ദേശം, ഹറംകാര്യ വകുപ്പ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. ആദ്യ തവണ ഉംറ നിര്‍വഹിക്കുന്നതിനു മാത്രമാണ് എത്തിയത്. അന്ന് തീര്‍ഥാടന കര്‍മം പൂര്‍ത്തിയാക്കി ഉടന്‍ തന്നെ സ്വദേശത്തേക്കു മടങ്ങുകയായിരുന്നു. എന്നാല്‍, ഇത്തവണ മക്കയില്‍ തന്നെ കൂടുതല്‍ സമയം ചെലവഴിക്കാനാണ് തീരുമാനം.
ഇത് രണ്ടാം തവണയാണെങ്കിലും ആദ്യ തവണയാണെന്ന പ്രതീതിയാണ് തനിക്ക്. ആദ്യ തവണ വിശുദ്ധ ഹറമിന്റെ എല്ലാ ഭാഗങ്ങളും താന്‍ കണ്ടിരുന്നില്ല. ഇത്തവണ കൂട്ടുകാര്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം പുണ്യഭൂമിയില്‍ ചെലവഴിക്കുന്നതിന് കൂടുതല്‍ സമയമുണ്ടെന്നും കുര്‍ത് സൂമ പറഞ്ഞു.
ലോകത്തെ ഏറ്റവും വില കൂടിയ ഫുട്ബാള്‍ താരമായിരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്ബയും കഴിഞ്ഞ ദിവസം മക്കയിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."