വികസനത്തിന് വേഗത വേണം
വികസന പദ്ധതികള്‍ വേഗത്തിലാക്കാന്‍ ജില്ലാ ഓഫിസര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം
കണ്ണൂര്‍: വികസന പദ്ധതികള്‍ വേഗത്തിലാക്കുന്നതിനു വിശദമായ പഠന റിപ്പോര്‍ട്ടു തയ്യാറാക്കാന്‍ ജില്ലാ ഓഫിസര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തില്‍ നടന്ന വികസന യോഗത്തിലാണ് തീരുമാനം.
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നേരത്തെ അനുവദിച്ച രണ്ട് ഫ്‌ളൈ ഓവറുകളുടെ മാസ്റ്റര്‍ പ്ലാന്‍ രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കി സര്‍ക്കാരില്‍ സമര്‍പ്പിക്കണം. ഇതിനായി ദേശീയപാത, പൊതുമരാമത്ത് വിഭാഗങ്ങള്‍ ഒത്തുചേര്‍ന്ന് ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് വിദഗ്ധ റിപ്പോര്‍ട്ട് തയാറാക്കണം. ഓരോ പദ്ധതിക്കും വിശദമായ പഠന റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നവര്‍ക്കാണ് ബജറ്റ് തുകയില്‍ മുന്‍ഗണന ലഭിക്കുക. അതുകൊണ്ടു പ്രൊജക്ടുകള്‍ തയാറാക്കുന്നതിനു ജില്ലാ ഓഫിസര്‍മാര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും യോഗത്തില്‍ അറിയിച്ചു.
അഴീക്കല്‍ തുറമുഖ നിര്‍മാണം-500 കോടി, മേലെ ചൊവ്വ സൗത്ത് ബസാര്‍ ജങ്ഷനുകളില്‍ ഫ്‌ളൈ ഓവര്‍-30 കോടി, കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം നവീകരണം -10 കോടി, ധര്‍മ്മടം അബുചാത്തുക്കുട്ടി സ്റ്റേഡിയം-അഞ്ചു കോടി, പടിയൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം -അഞ്ചു കോടി, മട്ടന്നൂര്‍ സ്റ്റേഡിയം-അഞ്ചു കോടി, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍-10 കോടി, വാഗ്ഭടാനന്ദന്‍ സ്മാരക നവോഥാന സാംസ്‌കാരിക സമുച്ചയം-40 കോടി, കെ.പി.പി നമ്പ്യാര്‍ സ്മാരകം-ഒരു കോടി, കേരള ദിനേശ് ബീഡി-എട്ടു കോടി എന്നിവയാണ് ഫണ്ട് നിര്‍ദ്ദേശിക്കപ്പെട്ട ജില്ലയിലെ പ്രമുഖ പദ്ധതികള്‍.
വിശദമായ റിപ്പോര്‍ട്ട് വൈകുന്നത് പദ്ധതി യാഥാര്‍ഥ്യമാകുന്നതിനെ ബാധിക്കുമെന്നതിനാല്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ കലക്ടറുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി പറഞ്ഞു. പി.കെ ശ്രീമതി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, മേയര്‍ ഇ.പി ലത, കലക്ടര്‍ പി ബാലകിരണ്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."