ഖത്തറിലെ കേരള ഇസ്‌ലാമിക് സെന്ററിന്റെ സ്ഥാപക നേതാക്കളിലൊരാളായ പി.എം മൊയ്തീന്‍ മൗലവി നിര്യാതനായി
തോടന്നൂര്‍: ഖത്തറിലെ കേരള ഇസ്‌ലാമിക് സെന്ററിന്റെ സ്ഥാപക നേതാക്കളിലൊരാളും റഹ്മാനിയ്യ അറബിക് കോളജ്, വില്ല്യാപള്ളി മുസ്‌ലിം യത്തീം ഖാന, മുട്ടില്‍ യത്തീം ഖാന തുടങ്ങിയ സ്ഥാപനങ്ങളുടെ ഖത്തറിലെ കമ്മിറ്റികളുടെ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തിരുന്ന വടകര, തോടന്നൂര്‍ പി.എം (പള്ളീന്റെ മീത്തല്‍) മൊയ്തീന്‍ മൗലവി (74) നിര്യാതനായി. വടകര താലൂക്കില്‍ മുസ്‌ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലെ പ്രധാന പങ്കാളിയും ഖത്തര്‍ കെ.എം.സി.സിയുടെ ഉന്നത നേതാക്കളിലൊരാളും സാമൂഹിക മത രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു.
നേരത്തെ ചില അസുഖങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നുവെങ്കിലും ഹൃദയാഘാതം മൂലമായിരുന്നു മരണം. പരേതരായ പള്ളീന്റെ മീത്തല്‍ അമ്മദിന്റെയും (പാറോള്ളതില്‍) മറിയത്തിന്റെയും മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: സക്കീന, റഷീദ് (ദുബൈ), റൈഹാനത്ത്, ജാഫര്‍ (ഖത്തര്‍). മരുമക്കള്‍: ഇഖ്ബാല്‍ മയങ്കളത്തില്‍, അസ്മ മുയിപ്പോത്ത്, സിറാജ് പയ്യോളി (ഖത്തര്‍), ഫാത്തിമത്ത് ഷാന.സഹോദരങ്ങള്‍: മഹമൂദ് ഹാജി, പൂവുള്ളതില്‍ ഫാത്തിമ, പുതിയോട്ടില്‍ ഖദീജ, ചെള്ളച്ചേരി കുഞ്ഞാമി, പരേതരായ കോട്ടോള്ളപറമ്പത്ത് അയിശു, കുഞ്ഞബു ഹാജി, ഹസ്സന്‍ ഹാജി, ഇബ്രാഹീം ഹാജി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അടുത്ത ബന്ധുക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തില്‍ തോടന്നൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.
ഖത്തര്‍ കെ എം സി സി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ്, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, തിരുവള്ളൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറര്‍ തുടങ്ങിയ ഒട്ടേറെ പദവികളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിരുന്നു. തോടന്നൂര്‍ മഹല്ല് പ്രസിഡന്റ്, തോടന്നൂര്‍ എം എല്‍ പി സ്‌കൂള്‍ മാനേജര്‍ പദവികള്‍ വഹിച്ചുവരികയായിരുന്നു.കടമേരി റഹ്മാനിയ്യയുടേയും, കാഞ്ഞിരാട്ട് തറ വാഫി കോളജിന്റെയും കമ്മിറ്റികളില്‍ അംഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."