ധനസമാഹരണത്തിനായുള്ള താലൂക്ക്തല പ്രത്യേക ക്യാംപുകള്‍ 11ന് തുടങ്ങും
ക്യാംപില്‍ പങ്കെടുത്തു പൊതുജനങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറാം. തുക നല്കുന്നവര് അത് ഡിമാന്റ് ഡ്രാഫ്റ്റായോ ചെക്കായോ നല്‍കണം. നേരിട്ട് പണം സ്വീകരിക്കുന്നതില്‍നിന്ന് മാറി നില്ക്കാന് ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശമുണ്ട്. ഇക്കാര്യത്തില്‍ എല്ലാ വിഭാഗം ആളുകളും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു
മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കുന്നതിന്റെ ഭാഗമായി താലൂക്ക് തലത്തില്‍ 10 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ക്യാംപുകള്‍ 11ന് തുടങ്ങുകയുള്ളൂവെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാംപുകളില്‍ ജില്ലാ കലക്ടര്‍, എം.പി, എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്, ജനപ്രതിനിധികള്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
ബന്ധപ്പെട്ട താലൂക്ക് കേന്ദ്രങ്ങളില്‍ നടക്കുന്ന ക്യാംപുകള്‍ ഒരു ദിവസം രണ്ട് താലൂക്കുകളില്‍ കേന്ദ്രീകരിച്ചാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മുഴുവന്‍ സമയവും മന്ത്രി ഡോ. കെ.ടി ജലീലിന്റെ സാന്നിധ്യം ക്യാംപിലുണ്ടാകും.
ക്യാംപില്‍ പങ്കെടുത്തു പൊതുജനങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറാം. തുക നല്കുന്നവര് അത് ഡിമാന്റ് ഡ്രാഫ്റ്റായോ ചെക്കായോ നല്‍കണം. നേരിട്ട് പണം സ്വീകരിക്കുന്നതില്‍നിന്ന് മാറി നില്ക്കാന് ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശമുണ്ട്. ഇക്കാര്യത്തില്‍ എല്ലാ വിഭാഗം ആളുകളും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
11ന് രാവിലെ 10.30 മുതല്‍ 12.30 വരെ ഏറനാട് (മഞ്ചേരി) താലൂക്ക് ഓഫിസിലും 2.30 മുതല്‍ അഞ്ചുവരെ കൊണ്ടോട്ടി താലൂക്ക് ഓഫിസിലും സഹായം സ്വീകരിക്കും. 12 ന് രാവിലെ 10 മുതല്‍ 12.30 വരെ നിലമ്പൂര്‍ താലൂക്ക് ഓഫിസിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ താലൂക്ക് ഓഫിസിലും 2.30 മുതല്‍ അഞ്ച് വരെ സഹായം സ്വീകരിക്കും
13 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12 .30 വരെ വരെ തിരൂരങ്ങാടി താലൂക്ക് ഓഫിസിലും 2.30 മുതല്‍ അഞ്ച് വരെ തിരൂര്‍ താലൂക്ക് ഓഫിസിലും സഹായം നല്‍കാം. 14ന് പൊന്നാനി താലൂക്ക് ഓഫിസില്‍ 10.30 മുതല്‍ 12.30 വരെയാണ് സമയം.
ക്യാംപിന്റെ സമാപന ദിവസമായ 15ന് കലക്ടറേറ്റില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ സഹായം സ്വീകരിക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."