പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് പൊലിസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം
സ്വന്തം ലേഖകന്‍
കൊച്ചി: രണ്ടായിരം കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമെതിരേ സി.ബി.ഐ അന്വേഷണം വൈകുന്നത് മറയാക്കി കേസെടുക്കാതെ പൊലിസ്.
പരാതികള്‍ സംസ്ഥാന വ്യാപകമായി ഉയര്‍ന്നിട്ടും ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലിസ് തയാറാകുന്നില്ലെന്ന് പരാതികളുയര്‍ന്നു. പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനമായ കോന്നിയടക്കം പത്തനംതിട്ട ജില്ലയിലെ സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെങ്കിലും മറ്റിടങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നാണ് പരാതി. ഓഗസ്റ്റ് 15നാണ് തട്ടിപ്പു സംബന്ധിച്ച് കോന്നി പൊലിസ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ നിരവധി പരാതികളാണ് ഉയര്‍ന്നത്. ഓരോ പരാതിക്കും വെവ്വേറെ കേസെടുക്കാതെ പരാതിയിന്മേല്‍ മൊഴി രേഖപ്പെടുത്തിയ ശേഷം കോന്നി പൊലിസ് സ്റ്റേഷനിലേക്ക് കേസ് ഡയറി കൈമാറിയാല്‍ മതിയെന്ന് ഓഗസ്റ്റ് 28ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ സര്‍ക്കുലറിറങ്ങി. ഇതോടെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഡി.ജി.പിയുടെ സര്‍ക്കുലര്‍ റദ്ദാക്കി. എല്ലാ പരാതിക്കും എഫ്.ഐ.ആറിടണമെന്നാണ് കോടതി നിര്‍ദേശം നല്‍കിയത്. എന്നിട്ടും പരാതികള്‍ക്കനുസരിച്ച് കേസെടുക്കാന്‍ പല സ്റ്റേഷനുകളിലും പൊലിസ് തയാറാകുന്നില്ലെന്ന് പരാതിക്കാര്‍ പറയുന്നു.
എടുക്കുന്ന കേസുകള്‍ക്ക് ചുമത്തുന്നത് ദുര്‍ബലമായ വകുപ്പുകളാണെന്നും പരാതിയുണ്ട്. കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ്‌സ് ഓഫ് ഡിപ്പോസിറ്റേഴ്‌സ് ഇന്‍ ഫിനാന്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് (കെ.പി.ഐ.ഡി) ആക്ട് പ്രകാരമോ അനധികൃത നിക്ഷേപം സ്വീകരിക്കുന്നത് തടയുന്നതിനുള്ള കേന്ദ്ര നിയമമായ ബാനിങ് ഓഫ് അണ്‍ റഗുലേറ്റഡ് ഡിപ്പോസിറ്റ് സ്‌കീംസ് ആക്ട് (ബഡ്‌സ്) പ്രകാരമോ കേസെടുക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുന്നു. ഇതിനിടെയാണ് സി.ബി.ഐ അന്വേഷണമെന്ന സാധ്യത സര്‍ക്കാര്‍ തേടിയത്. രാജ്യാന്തര ബന്ധങ്ങളുള്ള കേസായതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ അന്വേഷണം ഇതുവരെ സി.ബി.ഐ ഏറ്റെടുത്തിട്ടില്ല. ഇതു സംബന്ധിച്ച് വ്യക്തതയില്ലാത്തതു ചൂണ്ടിക്കാട്ടിയാണെത്ര പൊലിസ് കേസെടുക്കാത്തത്. അതിനിടെ കേസ് ഹൈക്കോടതി ഈ മാസം എട്ടിനു വീണ്ടും പരിഗണിക്കും. അനുകൂല ഇടപെടലുാകുമെന്ന പ്രതീക്ഷയിലാണ് പണം നഷ്ടപ്പെട്ടവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."